< Back
FIFA World Cup
ലോകകപ്പിന് ശേഷം  ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു
FIFA World Cup

ലോകകപ്പിന് ശേഷം ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു

Web Desk
|
12 Dec 2022 1:49 AM IST

12 ലക്ഷത്തോളം പേർ ലോകകപ്പിനെത്തുമെന്ന കണക്കുകൂട്ടലായിരുന്നു നേരത്തെ ഖത്തറിനുണ്ടായിരുന്നത്

ഖത്തർ: ലോകകപ്പ് തുടങ്ങിയതിന് ശേഷം ഇതുവരെ ഖത്തറിലെത്തിയ സന്ദർശകരുടെ എണ്ണം പത്ത് ലക്ഷത്തോടടുക്കുന്നു. ഖത്തര്‍ ഉദ്ദേശിച്ചത് പോലെ തന്നെയാണ് ടൂര്ണമെന്‍റിന്‍റെ ഇതുവരെയുള്ള പുരോഗതിയെന്നും എല്ലായിടങ്ങളിൽ നിന്നും മികച്ച അഭിപ്രായം ലഭിക്കുന്നത് അഭിമാനകരമാണെന്നും ലോകകപ്പ് സിഇഒ നാസർ അൽ ഖാതിർ പറഞ്ഞു.

ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ലോകകപ്പ് സിഇഒ നാസർ അൽ ഖാതിറിന്‍റെ പ്രതികരണം. ലോകകപ്പിനായി ഇതുവരെ ഖത്തറിലെത്തിയവരുടെ എണ്ണം ഇതിനകം എട്ട് ലക്ഷം കടന്നു. വരും ദിവസങ്ങളിൽ തന്നെ ഇത് ഒരു മില്യണിലെത്തും. ഖത്തർ കണക്കുകൂട്ടിയത് പോലെ തന്നെയാണ് ടൂര്ണമെന്റിന്റെ ഇതുവരെയുള്ള പുരോഗതി. എല്ലായിടങ്ങളിൽ നിന്നും നല്ല അഭിപ്രായങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. കാണികള്‍ക്കായൊരുക്കിയ സംവിധാനങ്ങളിലും സൗകര്യങ്ങളിലും എല്ലാവരും തൃപ്തി പ്രകടിപ്പിക്കുന്നു. ഇതിൽ ഏറെ സന്തോഷവും അഭിമാനവുമുണ്ട്. ഖത്തർ ലോകകപ്പിനുള്ള ടെലിവിഷൻ കാഴ്ച്ചക്കാരുടെ എണ്ണവും നേരത്തേതിനേക്കാള്‍ കൂടുതലാണ്. ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളിലും ടെലിവിഷൻ കവറേജ് ഗണ്യമായി ഉയർന്നു. മത്സരങ്ങളെല്ലാം അത്യന്തം ആവശേകരമാണെന്നതും ഏറെ സന്തോഷം പകരുന്നു. വലിയ അട്ടിമറികളും അപ്രവചനീയതയും ടൂർണമെന്‍റിന്‍റെ ആവേശവും ഭംഗിയും കൂട്ടുന്നതായും നാസർ അൽ ഖാതിർ കൂട്ടിച്ചേർത്തു.

12 ലക്ഷത്തോളം പേർ ലോകകപ്പിനെത്തുമെന്ന കണക്കുകൂട്ടലായിരുന്നു നേരത്തെ ഖത്തറിനുണ്ടായിരുന്നത്. യാത്ര താമസം തുടങ്ങി സൗകര്യങ്ങളിലൊന്നും കാര്യമായ പരാതികളുയരാത്തതും ഖത്തറിന് ആശ്വാസവും അഭിമാനവും പകരുന്നതാണ്

Similar Posts