< Back
FIFA World Cup
ലോകകപ്പ് ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി ഡൊമിനിക് ലിവാകോവിച്ച്
FIFA World Cup

ലോകകപ്പ് ചരിത്രത്തിൽ അപൂർവ നേട്ടം സ്വന്തമാക്കി ഡൊമിനിക് ലിവാകോവിച്ച്

Web Desk
|
6 Dec 2022 1:21 PM IST

ജപ്പാനെതിരെ ഷൂട്ടൗട്ടിൽ ഐതിഹാസിക പ്രകടനമാണ് ഗോള്‍കീപ്പർ ലിവാകൊവിച്ച് പുറത്തെടുത്തത്

ദോഹ: ഡൊമിനിക് ലിവാകൊവിച്ച് ഇന്ന് ക്രൊയേഷ്യയിൽ ഹീറോയാണ്. ജപ്പാനെതിരെ ഷൂട്ടൗട്ടിൽ ഐതിഹാസിക പ്രകടനമാണ് ഗോള്‍കീപ്പർ ലിവാകൊവിച്ച് പുറത്തെടുത്തത്. ഇതോടെ ലോകകപ്പ് ചരിത്രത്തിലെ അപൂര്‍വനേട്ടവും ലിവാകൊവിച്ചിന് സ്വന്തമാക്കാനായി. ഷൂട്ടൗട്ടിൽ മൂന്ന് കിക്കുകള്‍ തടയുന്ന ഗോള്‍കീപ്പറെന്നതാണ് നേട്ടം.

2006ല്‍ ഇംഗ്ലണ്ടിനെതിരെ പോര്‍ച്ചുഗലിന്റെ റിക്കോര്‍ഡോ. കഴിഞ്ഞ ലോകകപ്പില്‍ ക്രൊയേഷ്യയുടെ തന്നെ ഡാനിയേല്‍ സുബാസിച്ച് എന്നിവര്‍ക്കാണ് ഇങ്ങനെയൊന്ന് അവകാശപ്പെടാനുള്ളത്.

ഷൂട്ടൗട്ട് ഒരു പരീക്ഷണമാണ്. അവിടെ ഗോൾകീപ്പർ ഏകനാണ്. അനേകായിരങ്ങളുടെ ആർപ്പുവിളികളിലും തനിച്ചാകേണ്ടിവരുന്നവർ. ആ പരീക്ഷ ഫസ്റ്റ് ക്ലാസിൽ പാസായിരിക്കുന്നു ഡൊമിനിക് ലിവാകൊവിച്ച്. സമുറായികളുടെ പോരാട്ടവീര്യത്തിന് ക്രൊയേഷ്യൻ കോട്ടയുടെ കാവൽക്കാരനെ കടക്കാൻ കെൽപ്പുണ്ടായിരുന്നില്ല. ക്രോട്ടുകളുടെ കീപ്പർ കളിയിലുടനീളം പറന്നുനിന്നു.

ഷൂട്ടൗട്ടിലേക്കെത്തുമ്പോൾ അയാൾ ശാന്തനായിരുന്നു. ആ ശാന്തതയ്ക്കൊടുവിൽ ടാകുമി മിനാമിനോയുടെ ആദ്യ കിക്കിനുമേൽ പറന്നുവീണു ലിവാകൊവിച്ച്. പിന്നെ കവോരു മിട്ടോമ, ഒടുവിൽ മായ യോഷിദ. നാലിൽ മൂന്നും ലിവാകൊവിച്ചില്‍ തട്ടിനിന്നു.

അതേസമയം ഷൂട്ടൗട്ടിൽ തോറ്റ് തുടങ്ങിയ ഒരു ചരിത്രം പറയാനുണ്ട് ലിവാകോവിച്ചിന്. 2017ൽ ദേശീയ ടീമിനായുള്ള അരങ്ങേറ്റ മത്സരത്തിൽ ചിലിയോട് ഷൂട്ടൗട്ടിൽ പരാജയപ്പെട്ട കഥ. അരങ്ങേറ്റത്തിൽ തന്നെ ഏകനായി, നിസ്സഹായനായി മാറേണ്ടിവന്നവൻ. 2018 ലോകകപ്പിൽ രണ്ടാം സ്ഥാനം നേടിയ ടീമിന്റെ ഭാഗമായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല. ലോകകപ്പിന് ശേഷം ഒന്നാം നമ്പര്‍ ഗോൾകീപ്പർ സുബാസിച്ച് വിരമിച്ചു. പതിയെ ആ സ്ഥാനം ലിവാകോവിച്ചിനെ തേടിയെത്തി. ഇപ്പോഴിതാ ഒരു രാജ്യം മുഴുവൻ നന്ദി പറയുകയാണ് ഇയാളോട്...

Similar Posts