< Back
FIFA World Cup
josco guadiol
FIFA World Cup

'അന്നു ഞാനെന്റെ കുട്ടികളോട് പറയും, ഞാൻ നേരിട്ടത് മെസ്സിയെ ആണല്ലോ'

abs
|
17 Dec 2022 11:38 AM IST

ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെയാണ് നേരിട്ടതെന്ന് ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ ജോസ്കോ ഗ്വാര്‍ഡിയോള്‍

ലോകകപ്പ് സെമി ഫൈനലിൽ വഴങ്ങിയ മൂന്നാം ഗോളിനെ കുറിച്ച് മനസ്സു തുറന്ന് ക്രൊയേഷ്യൻ ഡിഫൻഡർ ജോസ്‌കോ ഗ്വാർഡിയോൾ. ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരനായ ലയണൽ മെസ്സിയെ ആണ് നേരിട്ടതെന്നും അതൊരു അവിസ്മരണീയ അനുഭവമായിരുന്നെന്നും ഗ്വാർഡിയോൾ പറഞ്ഞു. ക്രൊയേഷ്യയ്‌ക്കെതിരെ ഗ്വാർഡിയോളിനെ വട്ടം കറക്കി കീഴ്‌പ്പെടുത്തിയാണ് മെസ്സി ഗോളിലേക്ക് അസിസ്റ്റു നൽകിയിരുന്നത്.

'ഞങ്ങൾ തോറ്റെങ്കിലും അദ്ദേഹത്തിനെതിരെ (മെസ്സി) കളിക്കാനായതിൽ സന്തോഷമുണ്ട്. അതൊരു മഹത്തായ അനുഭവമായിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തിനെതിരെയാണ് കളിച്ചതെന്ന് ഞാനൊരു ദിവസം എന്റെ കുട്ടികളോട് പറയും. അടുത്ത തവണ അദ്ദേഹത്തെ കീഴ്‌പ്പെടുത്താമെന്നാണ് കരുതുന്നത്. ഞാൻ മെസ്സിക്കെതിരെ നേരത്തെയും കളിച്ചിട്ടുണ്ട്. എന്നാൽ ദേശീയ ടീമിൽ അദ്ദേഹം സമ്പൂർണമായി വ്യത്യസ്തനായ കളിക്കാരനാണ്.' - വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

ഈ ലോകകപ്പിലെ ഏറ്റവും മികച്ച യുവ ഡിഫൻഡർമാരിലൊരാളാണ് ഇരുപതുകാരനായ ഗ്വാർഡിയോൾ. പന്തുമായി ക്രൊയേഷ്യന്‍ ബോക്‌സിലേക്ക് കുതിക്കവെ വേഗം കൂട്ടിയും കുറച്ചും മെസ്സി പ്രതിരോധ താരത്തെ ബീറ്റ് ചെയ്യുകയായിരുന്നു. മെസ്സി തളികയിലെന്ന പോലെ വച്ചു നീട്ടിയ പാസ് സ്ട്രൈക്കര്‍ ജൂലിയൻ അൽവാരസിന് വലയിലേക്ക് തള്ളിയിടേണ്ട ജോലി മാത്രമേ ഉണ്ടായിരുന്നുള്ളൂ. മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനായിരുന്നു അർജന്റീനയുടെ ജയം.



നിലവിൽ ജര്‍മന്‍ ബുണ്ടസ് ലീഗയിലെ ആർബി ലീപ്‌സിഗ് താരമാണ് ഗ്വാർഡിയോൾ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി, മാഞ്ചസ്റ്റർ സിറ്റി തുടങ്ങിയ ക്ലബുകൾക്ക് താരത്തിൽ കണ്ണുണ്ട്. പ്രതിരോധ താരത്തെ സ്വന്തമാക്കാൻ നൂറു കോടി യൂറോ വരെ ക്ലബുകൾ മുടക്കുമെന്നാണ് റിപ്പോർട്ട്.

ഗോളിന് പിന്നാലെ, മെസ്സിയെ കുറിച്ച് ഗ്വാർഡിയോൾ നേരത്തെ നൽകിയ അഭിമുഖം സമൂഹമാധ്യമങ്ങളിൽ വൈറലായി. നൂറു വർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസമാണ് മെസ്സി എന്നാണ് ഗ്വാർഡിയോൾ ആ അഭിമുഖത്തിൽ പറയുന്നത്.

അതിനിടെ, ലോകകപ്പ് ലൂസേഴ്സ് ഫൈനലിൽ ഇന്ന് രാത്രി ക്രൊയേഷ്യ മൊറോക്കോയെ നേരിടും. ക്രൊയേഷ്യ അർജന്റീനയോടാണ് തോറ്റതെങ്കിൽ വമ്പന്മാരെ അട്ടിമറിച്ചെത്തിയ മൊറോക്കോ ഫ്രാൻസിന് മുമ്പിലാണ് കീഴടങ്ങിയത്. വിവിധ ഘട്ടങ്ങളിൽ ബെൽജിയം, സ്‌പെയിൻ, പോർച്ചുഗൽ ടീമുകളെയാണ് ക്രൊയേഷ്യ തോൽപ്പിച്ചിരുന്നത്. ഇതിഹാസ താരം ലൂക്ക മോഡ്രിച്ചിന്റെ അവസാന ലോകകപ്പ് മത്സരമെന്ന നിലയിൽ കൂടി ശ്രദ്ധേയമാണ് ഇന്നത്തെ മത്സരം.

Similar Posts