< Back
FIFA World Cup
സ്‌പെയിനിന്റെയും ജർമ്മനിയുടെയും ഭാവി ഇന്നറിയാം
FIFA World Cup

സ്‌പെയിനിന്റെയും ജർമ്മനിയുടെയും ഭാവി ഇന്നറിയാം

Web Desk
|
1 Dec 2022 7:07 AM IST

സ്‌പെയിനിന് ജപ്പാനും ജർമ്മനിക്ക് കോസ്റ്റാറിക്കയുമാണ് എതിരാളികൾ

ദോഹ: സ്‌പെയിനിന്റെയും ജർമനിയുടെയും ലോകകപ്പ് ഭാവി ഇന്നറിയാം. ജപ്പാനെ നേരിടുന്ന സ്പെയിനിന് സമനില നേടിയാൽ പോലും പ്രീക്വാർട്ടറിലെത്താം. കോസ്റ്റാറിക്കയ്ക്കെതിരായ മത്സരം ജയിച്ചില്ലെങ്കിൽ ജർമനി ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകും. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.

അപ്രതീക്ഷിതമായ പലതിനും ഇന്ന് ഖത്തർ സാക്ഷിയായേക്കും. നിലവിലെ ഗ്രൂപ്പ് ചാമ്പ്യന്മാരാണ് സ്പെയിൻ. ജപ്പാനെതിരായ അവസാന പോര് ജയിച്ചാൽ ആ പട്ടം നിലനിർത്തി പ്രീക്വാർട്ടറിലേക്ക് ഒരുങ്ങാം. സമനില ആയാലും രണ്ടാം സ്ഥാനം ഉറപ്പ്. തോറ്റാൽ കോസ്റ്റാറിക്ക, ജർമനിയെ വീഴ്ത്തുകയാണെങ്കിൽ സ്പെയിന് നാട്ടിലേക്ക് മടങ്ങാം.

എതിരാളികളായ ജപ്പാനും ജയിച്ചാൽ പ്രീക്വാർട്ടറിലെത്താം. തോറ്റാൽ പ്രീക്വാർട്ടർ വാതിലുകൾ അവർക്ക് മുന്നിൽ അടയ്ക്കപ്പെടും. സമനിലയാണെങ്കിൽ കോസ്റ്റാറിക്ക ജർമനി മത്സരം സമനിലയാകണം. ജയത്തിൽ കുറഞ്ഞതൊന്നും ജർമനിയെ ഖത്തറിൽ തുടരാൻ അനുവദിക്കില്ല. കോസ്റ്റാറിക്കയ്ക്കും ജയിച്ചാൽ പ്രീക്വാർട്ടർ ഉറപ്പിക്കാം. സമനിലയാണെങ്കിൽ സ്പെയിൻ വലിയ വിജയം നേടിയാലെ കോസ്റ്റാറിക്കയ്ക്ക് സാധ്യതയുള്ളൂ. ഗ്രൂപ്പിലെ അവസാന പോരുകളുടെ ഫലം പ്രീക്വാർട്ടർ സാധ്യതകൾ നിർണയിക്കുന്നതിനാൽ രണ്ട് മത്സരങ്ങളിലും തീപാറും.

അതേസമയം ഗ്രൂപ്പ് എഫിലെ നിർണായക മത്സരത്തിൽ ബെൽജിയം ഇന്ന് ക്രൊയേഷ്യയെ നേരിടും. ജയിക്കുന്നവർക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാം. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ മൊറോക്കൊ - കാനഡയെ നേരിടും. ലോകകപ്പിൽ നിലവിലെ റണ്ണറപ്പുകളായ ക്രൊയേഷ്യ, ലോക റാങ്കിങിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയം, രണ്ടിലൊരാൾ ഖത്തറിൽ രണ്ടാം റൗണ്ടിലുണ്ടായേക്കില്ല. നിലവിൽ നാല് പോയിന്റുമായി ക്രൊയേഷ്യയാണ് മുന്നിൽ. മൊറോക്കൊ രണ്ടാമതും ബെൽജിയം മൂന്നാം സ്ഥാനത്തും നിൽക്കുന്നു. മൊറോക്കോയുടെ അപ്രതീക്ഷിത കുതിപ്പാണ് ഗ്രൂപ്പിലെ സമവാക്യങ്ങൾ മാറ്റി മറിച്ചത്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് മത്സരം.

Related Tags :
Similar Posts