< Back
Sports
ആറാം കിരീടം ലക്ഷ്യമിട്ട് മഞ്ഞപ്പട:  ബ്രസീൽ- സെർബിയ പോരാട്ടം രാത്രി 12.30ന്
Sports

ആറാം കിരീടം ലക്ഷ്യമിട്ട് മഞ്ഞപ്പട: ബ്രസീൽ- സെർബിയ പോരാട്ടം രാത്രി 12.30ന്

Web Desk
|
24 Nov 2022 7:28 AM IST

ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ ബ്രസീല്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. സെര്‍ബിയയാണ് എതിരാളികള്‍. ജയത്തോടെ ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമിടാമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍. ഇന്ത്യൻ സമയം രാത്രി 12.30ന് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ഫുട്ബോളിന്റെ മിശിഹായും ജര്‍മന്‍ പടയും വീണ പോര്‍ക്കളത്തില്‍ ഇന്ന് സുല്‍ത്താന്റെ ഊഴമാണ്. കൂടെ ചങ്കും കരളും പകുത്തുനല്‍കാന്‍ ടിറ്റെയുടെ കളരിയില്‍ പതിനെട്ടടവും പയറ്റിത്തെളിഞ്ഞ ചാവേര്‍പ്പട. കണ്ണിമചിമ്മാതെ കോട്ടവാതിലില്‍ അലിസണ്‍ ബെക്കര്‍. മുന്നില്‍ ഇരുമെയ്യും ഒരുമനസുമായി സില്‍വയും മാര്‍ക്വീഞ്ഞോസും.

ആക്രമിച്ചും പ്രതിരോധിച്ചും കയറിയിറങ്ങാന്‍ ഡാനിലോയും അലക്സാന്‍ഡ്രോയും. കൊടുങ്കാറ്റായും പര്‍വതമായും രൂപാന്തരം കൊള്ളുന്ന കസെമീറോ. പതാകവാഹകനായി സുല്‍ത്താന്‍ നെയ്മര്‍. സെര്‍ബിയന്‍ കോട്ട പൊളിക്കാന്‍ മുന്നില്‍ റിച്ചാലിസനും വിനീഷ്യസും റഫീഞ്ഞയും. അല്‍പമൊന്നുലഞ്ഞാല്‍ പടച്ചട്ടയണിഞ്ഞ് കാത്തിരിക്കുന്ന ആന്റണിയും റോഡ്രിഗോയും ജീസസും പെഡ്രിയും. വിഭവങ്ങളുടെ അക്ഷയ ഖനിയാണ് ബ്രസീലിന്റെ ആവനാഴി.

യൂറോപ്പില്‍ പോര്‍ച്ചുഗലിനെ വീഴ്ത്തി ഒന്നാമന്റെ തലയെടുപ്പോടെയാണ്‌ സെര്‍ബിയ വരുന്നത്. ഏത് പ്രതിരോധവും തകര്‍ക്കാനും ഏത് ആക്രമണത്തിന്റെയും മുനയൊടിക്കാനും കെല്‍പ്പുള്ളവര്‍. വാഴ്ത്തുപാട്ടുകള്‍ക്കൊത്ത പെരുമ പുറത്തെടുത്തില്ലെങ്കില്‍ അയല്‍ക്കാരായ അര്‍ജന്റീനയുടെ അതേ ഗതിയാകും ബ്രസീലിനും. സെർബിയയുമായി ഇതുവരെ ബ്രസീൽ ഏറ്റുമുട്ടിയത് രണ്ട് തവണയാണ്. രണ്ട് തവണയും വിജയം ബ്രസീലിനൊപ്പം. ഖത്തർ ലോകകപ്പിൽ ആദ്യ അങ്കത്തിനിറങ്ങുന്ന ഇരു‍ടീമുകളും ഏറ്റവും മികച്ച പോരാട്ടം തന്നെ കാഴ്ചവെക്കാനാണ് സാധ്യത

അതേസമയം സെർബിയയ്‌ക്കെതിരായ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന് ഒരുങ്ങുന്ന ബ്രസീൽ കോച്ച് ടീമിന് മേൽ സമ്മർദ്ദം ഉണ്ടെന്നും അത് ഒഴിവാക്കാൻ ആകില്ല എന്നും പറഞ്ഞു. ഫുട്ബോളിലെ ഏറ്റവും വലിയ ചരിത്രമുള്ള ടീമാണ് ബ്രസീൽ അതുകൊണ്ട് തന്നെ സമ്മർദം സ്വാഭാവികമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Related Tags :
Similar Posts