< Back
Football
40 അടി ഉയരം; പുള്ളാവൂർ പുഴയിൽ മെസിക്കൊപ്പം തലയെടുപ്പോടെ നെയ്മറും
Football

40 അടി ഉയരം'; പുള്ളാവൂർ പുഴയിൽ മെസിക്കൊപ്പം തലയെടുപ്പോടെ നെയ്മറും

Web Desk
|
3 Nov 2022 3:03 PM IST

കട്ടൗട്ട് കൊണ്ടുപോകുന്നതിന്റെയും സ്ഥാപിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്

കോഴിക്കോട്: ഖത്തർ ലോകകപ്പിൽ പന്തുരുളാൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇതിനോടകം തന്നെ പലയിടത്തും പല ടീമിന്റെയും ഫാൻസുകാർ ഫ്‌ലക്‌സും കട്ടൗട്ടുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ വൈറലായ ഒന്നായിരുന്നു പുള്ളാവൂരിലെ കട്ടൗട്ട്. മെസിയുടെ കട്ടൗട്ട് വെച്ച അർജന്റീന ആരാധകർക്ക് അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ബ്രസീൽ ആരാധകരും. പുള്ളാവൂരിലെ ചെറുപുഴയിൽ തുരുത്തിൽ സ്ഥാപിച്ച ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ടിനു സമീപം ബ്രസീൽ സൂപ്പർതാരം നെയ്മറും തലയെടുപ്പോടെ നിൽക്കുകയാണ്.

നെയ്മറിന്റെ 40 അടി ഉയരത്തിലുള്ള കട്ടൗട്ടാണ് പുഴക്ക് നടുവിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ പുള്ളാവൂരിലെ ലോകകപ്പ് ആവേശം വാനോളം ഉയർന്നിരിക്കുകയാണ്. നേരത്തെ, അർജന്റീന ആരാധകർ സ്ഥാപിച്ച 30 അടി ഉയരത്തിലുള്ള മെസിയുടെ കട്ടൗട്ട് ആഗോള വൈറലായിരുന്നു. ഇതോടെയാണ് അതിനേക്കാൾ 10 അടി കൂടുതൽ ഉയരമുള്ള കട്ടൗട്ട് സ്ഥാപിച്ചത്.



കട്ടൗട്ട് കൊണ്ടുപോകുന്നതിന്റെയും സ്ഥാപിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. മെസിയുടെ കട്ടൗട്ടിന്റെ നിർമാണം മുതൽ സ്ഥാപിക്കുന്നതുവരെയുള്ള ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് ലോകശ്രദ്ധ നേടിയത്. കൂലിപ്പണിക്കാർ അടക്കമുള്ളവർ ജോലി കഴിഞ്ഞെത്തി രാത്രിയിലാണ് നിർമാണം നടത്തിയത്. മരത്തിന്റെ ചട്ടക്കൂടും ഫോം ഷീറ്റും ഫ്‌ലക്‌സുമാണ് ഉപയോഗിച്ചത്. പുഴയിലെത്തിക്കാൻ അര കിലോമീറ്റർ ദൂരം ഫാൻസുകാർ ചുമലിലേറ്റി.

ഇതിനു സമാനമായാണ് ബ്രസീൽ ആരാധകരും കട്ടൗട്ട് നിർമിച്ചത്. പുഴയിലേക്ക് കട്ടൗട്ട് ചുമലിലേറ്റി കൊണ്ടുപോയി അവർതന്നെ വടംകെട്ടിയാണ് ഉയർത്തിയത്.

Related Tags :
Similar Posts