< Back
Football
A tough fight between India and Kuwait in the SAFF Cup final
Football

ആദ്യ പകുതിയിൽ 1-1; സാഫ് കപ്പ് ഫൈനലിൽ ഇന്ത്യയും കുവൈത്തും തമ്മിൽ കനത്ത പോരാട്ടം

Sports Desk
|
4 July 2023 8:27 PM IST

ഇന്ന് വിജയിച്ചാൽ ഇന്ത്യ സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഒമ്പതാം കിരീടമാണ് നേടുക

ബംഗളൂരു: ഇന്ത്യ-കുവൈത്ത് സാഫ് കപ്പ് ഫുട്‌ബോൾ ഫൈനലിന്റെ ആദ്യ പകുതി 1-1 സമനിലയിൽ. തുടർച്ചയായ രണ്ടാം അന്താരാഷ്ട്ര കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ സുനിൽ ഛേത്രിയെയും സംഘത്തെ ഞെട്ടിച്ചാണ് കുവൈത്ത് തുടങ്ങിയത്. 14ാം മിനിട്ടിൽ തന്നെ ഷബീബ് അൽ ഖാലിദിയിലൂടെ ടീം ലീഡ് നേടി. എന്നാൽ 38ാം മിനിട്ടിൽ ലാലിയൻസുവാല ചാങ്‌തെ രാജ്യത്തിന്റെ വീര്യം പുറത്തുകാട്ടി സമനില ഗോൾ നേടി. 2022-23 സീസണിൽ ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ മികച്ച പുരുഷ താരമായി തിരഞ്ഞെടുത്തയാളാണ് 26 കാരനായ മണിപ്പൂർ താരം.

ബംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ വൈകിട്ട് ഏഴരയ്ക്കാണ് ഫൈനൽ തുടങ്ങിയത്. ഇന്ത്യയുടെ ആദ്യ ഇലവൻ: ഗുർപ്രീത് സിംഗ് (ഗോൾകീപ്പർ), അൻവർ, ജിംഗാൻ, ആകാശ്, നിഖിൽ, ഥാപ്പ, സഹൽ അബ്ദുസമദ്, ജിക്‌സൺ, ചാങ്‌തെ, ആശിഖ്, ഛേത്രി.

ഇന്ന് വിജയിച്ചാൽ ഇന്ത്യ സൗത്ത് ഏഷ്യൻ ഫുട്‌ബോൾ ഫെഡറേഷന്റെ ഒമ്പതാം കിരീടമാണ് നേടുക. നിലവിലെ ചാമ്പ്യന്മാരാണ് ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇഞ്ചുറി ടൈം വരെ മുന്നിൽ നിന്ന ശേഷം ഇന്ത്യ കുവൈത്തിനോട് സമനില വഴങ്ങേണ്ടി വന്നിരുന്നു. കരുത്തരായ ലബനനെ കീഴടക്കി കഴിഞ്ഞമാസം ഇന്റർകോണ്ടിനെന്റൽ കപ്പിൽ മുത്തമിട്ട ഇന്ത്യ തോൽവിയറിയാതെ പത്ത് കളികൾ പൂർത്തിയാക്കിയിരിക്കുന്നു. ലോകറാങ്കിങിൽ ആദ്യ നൂറിലേക്ക് തിരിച്ചുമെത്തി. സുനിൽ ഛേത്രിക്കും സംഘത്തിനും കരുത്തായി നിറഞ്ഞുകവിയുന്ന ഗ്യാലറി. സെമിയിൽ ലബനനെതിരായ ഷൂട്ടൗട്ട് ജയം ടീമിന്റെ മനക്കരുത്ത് വ്യക്തമാക്കുന്നു.

ഉറച്ച പ്രതിരോധവും ക്യാപ്റ്റൻ ഛേത്രി നയിക്കുന്ന മുൻനിരയും. ഒറ്റ ഗോൾകൂടി നേടിയാൽ ഛേത്രി സാഫ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനാകും. മറുഭാഗത്ത് കുവൈത്തിന്റെ സാഫ് കപ്പ് അരങ്ങേറ്റമായിരുന്നു ഇത്തവണത്തേത്. അരങ്ങേറ്റത്തിൽ കപ്പുയർത്താൻ അവരും ആഗ്രഹിക്കുന്നു. 2010ൽ കുവൈത്ത് ഇന്ത്യയെ 9-1ന് തകർത്തിരുന്നു. ഇന്ത്യൻ ഫുട്‌ബോളിലെ കനത്ത തോൽവികളിലൊന്ന്. പക്ഷേ അതിന് ശേഷം കളിയേറെ മാറി. അന്ന് ഇന്ത്യ, 144ം റാങ്കിലായിരുന്നെങ്കിൽ ഇന്ന് നൂറാമതാണ്. അന്ന് 113ലായിരുന്ന കുവൈത്ത് ഇന്ന് 141ലും.

1-1 in the first half; A tough fight between India and Kuwait in the SAFF Cup final

Similar Posts