
തുടർച്ചയായ മൂന്നാം തവണയും ബാലൺദ്യോർ, ഐതാന ബോൺമാറ്റിയെന്ന ഇതിഹാസം
|ഒസ്മാനെ ഡെംബലെയുടെ സിംഹാസനാരോഹണത്തിൽ മുങ്ങിപ്പോകാൻ പാടില്ലാത്ത ഒരു പേരുണ്ട്. ‘ഐതാനാ ബോൺമാറ്റി’. പാരിസിൽ വെച്ച് ബാലൺദ്യോറിന്റെ ഗോൾഡൻ ഗ്ലോബ് തുടർച്ചയായി മൂന്നാം തവണയും ബോൺമാറ്റി ഏറ്റുവാങ്ങിയിരിക്കുന്നു. ഫുട്‌ബോള്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി മൂന്ന് ബാലണ്‍ദ്യോര്‍ നേടുന്ന മൂന്നേ മൂന്ന് താരങ്ങളില്‍ ഒരാള്‍. മിഷേൽ പ്ലാറ്റിനിയും ലയണൽ മെസ്സിയുമാണ് മറ്റ് രണ്ട് പേർ.
സ്‌പെയിനിലെ ലോക്കല്‍ ക്ലബായ സിഡി റൈബ്‌സില്‍ പ്രതിരോധതാരമായാണ് ബോൺമാറ്റി യൂത്ത് കരിയര്‍ ആരംഭിക്കുന്നത്. അന്ന് ക്ലബിലെ ഒരേ ഒരു പെണ്‍കുട്ടി. ക്ലബ് പരിശീലകൻ ആ പെൺകുട്ടിയുടെ മിടുക്ക് അന്നേ തിരിച്ചറിഞ്ഞു. മെന്റാലിറ്റിയിൽ ഇതിഹാസതാരമായ കാര്‍ലോസ് പുയോളിനോട് ബോൺമാറ്റിയെ ഉപമിക്കുകയും ചെയ്തു. യൂത്ത് ലെവവിൽ ഡിഫൻസിൽ കളിച്ചിരുന്ന ബോൺമാറ്റി പിന്നീട് മധ്യനിരയിലേക്ക് ചുവടുമാറ്റി. അത് ഫലം ചെയ്യുകയും ചെയ്തു. സാങ്കേതിക മികവാണ് ബോണ്‍മാറ്റിയെ ശ്രദ്ധേയയാക്കുന്നത്. അസാധ്യമായ ഡ്രിബ്‌ളിംഗ് പാടവവും ബോള്‍ കണ്‍ട്രോളും അതിന്റെ മികവ് കൂട്ടുന്നു.
2012 ല്‍ യൂത്ത് ടീമിന്റെ ഭാഗമായാണ് ബോണ്‍മാറ്റി ബാഴ്‌സയിലെത്തുന്നത്. പിന്നീട് നാലുവര്‍ഷത്തിനകം തന്നെ സീനിയര്‍ ടീമിലേക്ക് പ്രൊമോഷനും കിട്ടി. പിന്നീട് ഏഴു തവണ ലീഗ് കിരീടവും മൂന്ന് ചാമ്പ്യന്‍സ് ലീഗും അടക്കം ബാഴ്‌സക്കൊപ്പം സ്വന്തമാക്കിയ നേട്ടങ്ങള്‍ അനവധി. 2023 ല്‍ ആദ്യത്തെ ബാലണ്‍ദ്യോര്‍ നേടി ലോകത്തെ ഏറ്റവും മികച്ച വനിതാ താരമായി മാറി. അതേ വര്‍ഷം സ്പാനിഷ് ദേശീയ ടീമിനൊപ്പം ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി ചരിത്രത്തില്‍ ആദ്യമായി വനിത ലോകകപ്പും നെഞ്ചോട് ചേർത്തു. ഗോള്‍ഡന്‍ ബോളുമായി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരവുമായി. 27 വയസ്സ് മാത്രം പ്രായമുള്ള ബോൺമാറ്റിക് വെട്ടിപ്പിടിക്കാൻ ഇനിയും ഉയരങ്ങൾ ബാക്കിയുണ്ട്. ലോകത്താകമാനം തങ്ങളുടെ സ്വപ്‌നങ്ങള്‍ക്കു പിന്നാലെ പായുന്ന ഓരോ പെണ്‍കുട്ടികള്‍ക്കും ഐതാന ബോണ്‍മാറ്റി പ്രചോദനമാണ്.