< Back
Football
messi-cr7
Football

മെസ്സിയേക്കാൾ മികച്ചവനാണ് ക്രിസ്റ്റ്യാനോയെന്ന് മുൻ അർജ​​​​ൈന്റൻ താരം; കാരണമിതാണ്

Sports Desk
|
10 Feb 2025 10:14 PM IST

ബ്വോനസ് ഐറിസ്: ലയണൽ മെസ്സിയാണോ ക്രിസ്റ്റ്യാനോ റൊണാൾഡോയാണോ മികച്ചത്? ഫുട്ബോൾ ലോകത്ത് ഇതെന്നും ചൂടേറിയ ചർച്ചയാണ്. ലോകകപ്പ് വിജയത്തോടെ ലയണൽ മെസ്സി ഒരു താരതമ്യത്തിനും ഇടയില്ലാത്ത വിധം മുന്നിലാണെന്ന് ചിലർ വാദിക്കുന്നു. അതേ സമയം അടുത്തിടെ താനാണ് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്ന അഭിപ്രായവുമായി റൊണാ​ൾഡോ തന്നെ രംഗത്തെത്തിയിരുന്നു.

ഇതിനിടയിൽ മെസ്സിയേക്കാൾ മികച്ചത് ക്രിസ്റ്റ്യാനോയാണെന്ന അഭിപ്രായവുമായി ഒരാൾ രംഗത്തെത്തിയിരിക്കുകയാണ്. അതും മെസ്സിയുടെ രാജ്യക്കാരൻ തന്നെ. മുൻ അർജന്റീന ഗോൾകീപ്പറും ബൊക്ക ജൂനിയേഴ്സിന്റെ ഇതിഹാസ താരവുമായ ഹ്യൂഗോ ഗാട്ടിയാണ് അഭിപ്രായം തുറന്നുപറഞ്ഞത്.

‘‘കുറച്ചുകാലമായി മെസ്സിയേക്കാൾ പ്രാധാന്യം റൊണാൾഡോക്കുണ്ട്. അദ്ദേഹം കുറച്ചുകൂടി വലിയ ക്ലബുകൾക്കായി കളിച്ചു. അധികം ഗോൾ നേടി. കൂടാതെ നിരന്തരമായി റിസ്കുകൾ ഏറ്റെടുക്കുന്നു. ഞാനാണ് ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് പറയുന്നവരെ ബഹുമാനിക്കണം. അദ്ദേഹത്തിന് അത് പറയാൻ ഭയമുണ്ടായില്ല. ക്രിസ്റ്റ്യാനോയെപ്പോലെ മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ആഗ്രഹങ്ങൾ നേടിയെടുക്കുകയും ചെയ്യുന്ന കൂടുതൽ താരങ്ങൾ ഉണ്ടാവണം. ഈ ഗുണമാണ് റൊണാൾഡോയെ മുന്നിൽ നിർത്തുന്നത്. 40ാം വയസ്സിലും അദ്ദേഹം സ്വയം തെളിയിക്കുകയാണ്’’ -ഗാട്ടി പറഞ്ഞു.

എന്നാൽ റൊണാൾഡോ ചരിത്രത്തിലെ ഏറ്റവും മികച്ച താരമല്ലെന്നും ഗാട്ടി കൂട്ടിചേർത്തു. മെസ്സിക്കും മറഡോണക്കും റെ​ാണാൾഡോക്കും ഒരുപാട് മുകളിലാണ് പെലെയെന്നും അദ്ദേഹം പറഞ്ഞു.

Similar Posts