< Back
Football
psg
Football

ചാമ്പ്യൻസ് ലീഗ്: ആർസനലിനെ മലർത്തിയടിച്ച് പിഎസ്ജി

Sports Desk
|
30 April 2025 10:48 AM IST

ലണ്ടൻ: ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ആദ്യപാദത്തിൽ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് വിജയം. ഇംഗ്ലീഷ് കരുത്തരായ ആർസനലിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ജയം. കളിയുടെ നാലാം മിനുട്ടിൽ ഉസ്മാനെ ഡെമ്പെലെയാണ് പിഎസ്‌ജിക്കായി ലക്ഷ്യം കണ്ടത്.

എമിറേറ്റ്സിൽ കളിയുടെ തുടക്കം മുതൽ ആർസനലിന്റെ ബോക്സിലേക്ക് ഇരച്ചുകയറിയ പിഎസ്ജി വൈകാതെ തന്നെ ലക്ഷ്യം കണ്ടു. മധ്യവരക്കടുത്ത് നിന്ന് പന്ത് സ്വീകരിച്ച ഡെമ്പെലെ ഇടതുവിങ്ങിൽ ക്വാരെറ്റ്സ്കേലിയക്ക് കൈമാറി. ബോക്സിലേക്ക് പന്തുമായി കയറിയ താരം ബോക്സിന്റെ അറ്റത്ത് നിന്ന ഡെമ്പെലെയിലേക്ക് തിരിച്ചു നൽകി. ഡെമ്പെലെയുടെ ഇടംകാലൻ ഷോട്ട് ആർസനൽ കീപ്പർ ഡേവിഡ് റയയെ മറികടന്ന് പോസ്റ്റിന്റെ വലത്തേ അറ്റത്ത് പതിച്ചു.

തുടർന്ന് പ്രെസ്സിങ് കടുപ്പിച്ച പിഎസ്ജി ആർസനൽ ബോക്സിൽ നിരന്തരം ഭീഷണിയുയർത്തി. അധികം വൈകാതെ തന്നെ കളിയുടെ താളത്തിലേക്ക് തിരിച്ചുവന്ന ആർസനൽ ബുക്കായോ സാക്കയിലൂടെയും ട്രൊസാർഡിലൂടെയും പിഎസ്ജി ഗോൾകീപ്പർ ഡോണരുമ്മയെ പരീക്ഷിച്ചു. രണ്ട് പിഎസ്ജി താരങ്ങളെ വെട്ടിയൊഴിഞ്ഞു സാക്ക നൽകിയ ക്രോസ്സ് ഗബ്രിയേൽ മാർട്ടിനെല്ലിക്ക് ഗോളാക്കാൻ സാധിച്ചില്ല. മറുഭാഗത്ത് ആർസനൽ റൈറ്റ് ബാക് ടിംബറിനെ നിരന്തരം പരീക്ഷിച്ച ക്വാരെറ്റ്സ്കേലിയയുടെ ഷോട്ട് കീപ്പർ റയ കൈപ്പിടിയിലൊതുക്കി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഡെക്ലൻ റൈസിന്റെ ഫ്രീ കിക്കിന് തല വെച്ച് മികേൽ മെറിനോ സമനിലഗോൾ നേടിയെങ്കിലും, വാറിൽ ഓഫ്‌സൈഡ് ആണെന്ന് തെളിഞ്ഞു. തുടർന്ന് ഇരുടീമുകളും ആക്രമണം കടുപ്പിച്ചെങ്കിലും ഗോൾ മാത്രം അകന്നുനിന്നു. എമിറേറ്റ്സിലെ നിർണ്ണായക വിജയത്തോടെ ലൂയിസ് എൻറിക്കെയുടെ പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്ക് ഒരുപടികൂടി അടുത്തു. മേയ് എട്ടിന് പാരിസിലെ പാർക് ദി പ്രിൻസസിലാണ് രണ്ടാം പാദ മത്സരം.

Related Tags :
Similar Posts