< Back
Football
A draw in the Premier League; Fulham beats Liverpool, Everton closes Arsenal
Football

പ്രീമിയർ ലീഗിൽ സമനിലക്കളി; ലിവർപൂളിനെ തളച്ച് ഫുൾഹാം, ആർസനലിന് എവർട്ടൻ പൂട്ട്

Sports Desk
|
14 Dec 2024 11:21 PM IST

റോബർട്ട്‌സന് ചുവപ്പ് കാർഡ് ലഭിച്ചതോടെ ഭൂരിഭാഗം സമയവും പത്തുപേരുമായാണ് ലിവർപൂൾ കളിച്ചത്.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർലീഗിൽ വമ്പൻമാർക്ക് സമനില. തകർപ്പൻ ഫോമിലുള്ള ലിവർപൂളിനെ ഫുൾഹാം (2-2) കുരുക്കിയപ്പോൾ ആർസനലിനെ ഗോൾരഹിത സമനിലയിൽ എവർട്ടൻ പിടിച്ചുകെട്ടി. വിജയിക്കാനായില്ലെങ്കിലും ലിവർപൂൾ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. സ്വന്തം തട്ടകമായ ആൻഫീൽഡിൽ ലിവർപൂളിനെ ഞെട്ടിച്ച് ഫുൾഹാമാണ് ലീഡെടുത്തത്. ആന്ദെസ് പെരേരയുടെ തകർപ്പൻ ഷോട്ട്(11)ഗോൾകീപ്പർ അലിസൻ ബക്കറിനെ മറികടന്ന് വലയിൽ കയറി. തൊട്ടുപിന്നാലെ ഫുൾഹാം താരത്തെ ബോക്‌സിന് തൊട്ടുപുറത്ത് ഫൗൾചെയ്തതിന് 17ാം മിനിറ്റിൽ ലിവർപൂൾ താരം റോബെർട്‌സൺ ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി. പത്തുപേരായി ചുരുങ്ങിയെങ്കിലും ആക്രമിച്ച് കളിച്ച ചെമ്പട നിരന്തരം എതിർബോക്‌സിലേക്ക് ഇരമ്പിയെത്തി. ഒരുഗോൾ ലീഡിൽ ഫുൾഹാം ആദ്യ പകുതി അവസാനിപ്പിച്ചു.

എന്നാൽ രണ്ടാം പകുതിയുടെ രണ്ടാം മിനിറ്റിൽ തന്നെ കോഡി ഗാപ്‌കോയിലൂടെ ആതിഥേയർ സമനില പിടിച്ചു. എന്നാൽ റോഡ്രിഗോ മ്യൂനിസിലൂടെ(76) വീണ്ടും സന്ദർശകർ ലീഡുയർത്തി. ഒടുവിൽ സ്വന്തം തട്ടകത്തിൽ മറ്റൊരു അട്ടിമറി ഒഴിവാക്കാനായി പൊരുതിയ ലിവർപൂൾ 86ാം മിനിറ്റിൽ ഡീഗോ ജോട്ടയിലൂടെ സമനിലപിടിച്ചു(2-2). ഇഞ്ചുറി ടൈമിലടക്കം വിജയഗോളിനായി ചെമ്പട തുടരെ ആക്രമിച്ചുകളിച്ചെങ്കിലും പ്രതിരോധകോട്ട കെട്ടി ഫുൾഹാം വിലപ്പെട്ട ഒരു പോയന്റ് നേടിയെടുത്തു.

ആർസനൽ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ച എവർട്ടൻ സമനില പിടിച്ചെടുക്കുകയായിരുന്നു. ലക്ഷ്യത്തിലേക്ക് അഞ്ചുതവണ ഗണ്ണേഴ്‌സ് നിറയൊഴിച്ചപ്പോൾ ഒറ്റഷോട്ടുപോലും എവർട്ടൻ എടുത്തില്ല. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ പന്തടക്കത്തിലും ആർസനൽ തന്നെയായിരുന്നു മുന്നിൽ. എന്നാൽ എതിർപ്രതിരോധം പൊളിച്ച് മുന്നേറാൻ പേരുകെട്ട ആർസനൽ മുന്നേറ്റ നിരക്കായില്ല.

Similar Posts