< Back
Football
Manchester City must beat; Gunners goalscoring at home; 5-1
Football

മാഞ്ചസ്റ്റർ സിറ്റി തരിപ്പണം; സ്വന്തം തട്ടകത്തിൽ ഗണ്ണേഴ്‌സ് ഗോളടിമേളം; 5-1

Sports Desk
|
3 Feb 2025 12:30 AM IST

  • ജയത്തോടെ 24 മത്സരങ്ങളിൽ 50 പോയന്റുമായി പ്രീമിയർലീഗിൽ ആർസനൽ രണ്ടാംസ്ഥാനത്ത് തുടരുന്നു

ലണ്ടൻ: പ്രീമിയർ ലീഗിലെ സൂപ്പർ സൺഡേ ആവേശ പോരാട്ടത്തിൽ ആർസനലിന് തകർപ്പൻ ജയം. സ്വന്തം തട്ടകമായ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒന്നിനെതിരെ അഞ്ചു ഗോളിനാണ് കീഴടക്കിയത്. മാർട്ടിൻ ഒഡേഗാർഡ്(2), തോമസ് പാർട്ടി(56), ലെവിസ് സ്‌കെല്ലി(62),കായ് ഹാവെർട്‌സ്(76), എഥാൻ ന്വാനേറി(90+3) എന്നിവരാണ് ഗണ്ണേഴ്‌സിനായി വലകുലുക്കിയത്. മാഞ്ചസ്റ്റർ സിറ്റിക്കായി 55ാം മിനിറ്റിൽ എർലിങ് ഹാളണ്ട് ആശ്വാസഗോൾനേടി.

സ്റ്റാർട്ടിങ് വിസിൽ മുതൽ ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞ മത്സരത്തിൽ സിറ്റിയെ ഞെട്ടിച്ച് ആർസനൽ രണ്ടാം മിനിറ്റിൽ തന്നെ ലീഡെടുത്തു. ക്യാപ്റ്റൻ മാർട്ടിൻ ഒഡേഗാർഡാണ് വലകുലുക്കിയത്. ഒരു ഗോൾ ലീഡിൽ ആദ്യ പകുതി അവസാനിപ്പിച്ച ആതിഥേയർക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ സിറ്റി മറുപടി നൽകി. ബോക്‌സിനുള്ളിൽ നിന്ന് സാവിഞ്ഞോ നൽകിയ ക്രോസ് കൃത്യമായി ഹെഡ്ഡ് ചെയ്ത് എർലിങ് ഹാളണ്ട് സമനിലപിടിച്ചു(1-1).

എന്നാൽ ഇതിന് അധികം ആയുസുണ്ടായില്ല. ഒരുമിനിറ്റിന്റെ വ്യത്യാസത്തിൽ തോമസ് പാർട്ടിയിലൂടെ ആർസനൽ വീണ്ടും ലീഡ് പിടിച്ചു. ഇതോടെ പെപ് ഗ്വാർഡിയോളയുടെ സംഘത്തിന് വീണ്ടും നിരാശ. തുടർന്ന് സിറ്റി പ്രതിരോധത്തിലെ പിഴവുകൾ സമർത്ഥമായി ഉപയോഗിച്ച് ലെവിസ് സ്‌കില്ലി ഗോൾനേടി. പിന്നാലെ മികച്ച പാസിംഗ് ഗെയിമിനൊടുവിൽ കായ് ഹാവെർട്‌സും സിറ്റി വലയിൽ പന്തെത്തിച്ചു. ഒടുവിൽ കളി അവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കിനിൽക്കെ ഇംഗ്ലീഷ് കൗമാരക്കാരൻ ന്വാനേറി മികച്ചൊരു കർവിങ് ഷോട്ടിൽ അഞ്ചാം ഗോളും നേടി പട്ടിക പൂർത്തിയാക്കി.

Similar Posts