< Back
Football
qatar afc final football
Football

ഏഷ്യൻ കപ്പ് ഫൈനൽ ഇന്ന്; കിരീടം നിലനിർത്താൻ ഖത്തർ, അട്ടിമറി പ്രതീക്ഷയിൽ ജോർദാൻ

Web Desk
|
10 Feb 2024 10:14 AM IST

ആദ്യമായി ഫൈനലിൽ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് ജോര്‍ദാന്‍

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്‍റെ കലാശപ്പോരില്‍ ഇന്ന് ആതിഥേയരായ ഖത്തര്‍ ജോര്‍ദാനെ നേരിടും. വൈകീട്ട് ആറു മണിക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം നിലനിര്‍ത്താനുറച്ചാണ് ഖത്തര്‍ സ്വന്തം കാണികൾക്ക് മുമ്പിൽ പന്ത് തട്ടാനിറങ്ങുന്നത്.

ആദ്യമായി ഫൈനലിൽ പ്രവേശിച്ചതിന്റെ ആവേശത്തിലാണ് ജോര്‍ദാന്‍. കിരീടമ​ല്ലാതെ മറ്റൊരു ലക്ഷ്യവും അവർക്ക് മുമ്പിലില്ല. എതിരാളികളുടെ വമ്പും വലിപ്പവും പരിഗണിക്കുന്നവരല്ല ജോര്‍ദാന്‍. കണക്കിലല്ല കളിയെന്ന് കൊറിയക്ക് ശരിക്കും കാണിച്ചുകൊടുത്തായിരുന്നു ഫൈനലിലേക്കുള്ള പ്രവേശനം. മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് റാങ്കിങ്ങിൽ 36ാം സ്ഥാനത്തുള്ള കൊറിയക്കാരെ 95ാം സ്ഥാനത്തുള്ള ജോർദാൻ മടക്കിഅയച്ചത്.

ചാമ്പ്യന്മാര്‍ക്ക് ചേര്‍ന്ന പകിട്ടോടെയാണ് ഖത്തറിന്റെ വരവ്. അതിന്റെ സാക്ഷ്യമായിരുന്നു ഇറാനെതിരായ സെമിഫൈനല്‍. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളിനായിരുന്നു ഖത്തറിന്റെ വിജയം.

അക്രം അഫീഫെന്ന ചാട്ടുളിയാണ് ഖത്തറിന്റെ വജ്രായുധം. യസാന്‍ അല്‍നയ്മതാണ് അതിന് ജോര്‍ദാന്റെ മറുപടി. ലോകകപ്പ് ഫൈനല്‍ വേദിയില്‍ 80,000ത്തിലെറ വരുന്ന ആരാധകര്‍ക്ക് മുന്നില്‍ ജീവന്മരണ പോരിനാണ് ഇരുടീമുകളും ഇറങ്ങുന്നത്.

ആതിഥേയരാണെന്നതും ആരാധകരും ഖത്തറിന്റെ ആധിപത്യം നല്‍കുന്ന ഘടകങ്ങളാണ്. ഇരുടീമുകളും 9 തവണ ഏറ്റുമുട്ടിയപ്പോള്‍ ആറിലും ജയിച്ചത് ഖത്തറാണ്.

എന്നാല്‍ ഈ വര്‍ഷം തുടക്കത്തില്‍ ഖത്തറിനെ തോല്‍പ്പിച്ചത് ജോര്‍ദാന് ആത്മവിശ്വാനം നല്‍കുന്ന ഘടകമാണ്. പ്രതിരോധവും അതിവേഗത്തിലുള്ള കൗണ്ടര്‍ അറ്റാക്കുകളും ഉപയോഗിച്ചാണ് ജോര്‍ദാന്‍ കൊറിയ അടക്കമുള്ള എതിരാളികളെ വീഴ്ത്തിയത്.

ഈ തന്ത്രത്തിന് ഖത്തറിന്റെ മറുമരുന്ന് എന്താകുമെന്ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ കാണാം. 2019ൽ യു.എ.ഇയിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ജപ്പാനെ 3-1ന് പരാജയപ്പെടുത്തിയായിരുന്നു ഖത്തർ കിരീടം ചൂടിയത്.

Similar Posts