< Back
Football
കൊറിയയെ അട്ടിമറിച്ചു; ചരിത്രത്തിലാദ്യമായി ജോർദാൻ ഏഷ്യൻ കപ്പ് ഫൈനലിൽ
Football

കൊറിയയെ അട്ടിമറിച്ചു; ചരിത്രത്തിലാദ്യമായി ജോർദാൻ ഏഷ്യൻ കപ്പ് ഫൈനലിൽ

Web Desk
|
6 Feb 2024 10:43 PM IST

ഏഷ്യൻ ഫുട്‌ബോളിൽ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടമോഹം പൊലിഞ്ഞ കൊറിയക്ക് ഇത്തവണയും അതിന് മാറ്റമുണ്ടായില്ല.

ദോഹ: ചരിത്രത്തിലാദ്യമായി ജോർദാൻ ഏഷ്യൻ കപ്പ് ഫൈനലിൽ. അഹമ്മദ് ബിൻ സ്റ്റേഡിയത്തിൽ നടന്ന ആദ്യ സെമിയിൽ മുൻ ചാമ്പ്യൻമാരായ ദക്ഷിണ കൊറിയയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് കീഴടക്കിയത്. യാസൽ അൽ നൈമത്ത്(53), മൂസ അൽ താമരി(66) എന്നിവർ ലക്ഷ്യം കണ്ടു. ലോകോത്തര താരനിരയുള്ള കൊറിയൻ സംഘത്തെ കൃത്യമായി പ്രതിരോധിച്ച ജോർദാൻ, മികച്ച പാസിംഗ് ഗെയിമിലൂടെ മത്സരത്തിലുടനീളം കളംനിറഞ്ഞു. ക്യാപ്റ്റൻ ഹ്യൂംമിൻ സൺ ഉൾപ്പെടെയുള്ള താരങ്ങൾ തീർത്തും നിഷ്പ്രഭമായി. ഏഴു തവണയാണ് ജോർദാൻ ലക്ഷ്യത്തിലേക്ക് നിറയുതിർത്തത്. ഒരുതവണപോലും എതിർബോക്‌സിലേക്ക് പന്തടിക്കാൻ സണിനും മറ്റുതാരങ്ങൾക്കുമായില്ല.

ഏഷ്യൻ ഫുട്‌ബോളിൽ നിരവധി തവണ കപ്പിനും ചുണ്ടിനും ഇടയിൽ കിരീടമോഹം പൊലിഞ്ഞ കൊറിയക്ക് ഇത്തവണയും അത്ഭുതങ്ങൾ തീർക്കാനായില്ല. ജോർദാൻ പോരാട്ടവീര്യത്തിന് മുന്നിൽ സ്വപ്‌നങ്ങൾ എരിഞ്ഞടങ്ങി. 1960 ന് ശേഷം കിരീടത്തിൽ മുത്തമിടാൻ കൊറിയക്കായിട്ടില്ല.

ക്വാർട്ടർ ഫൈനലിൽ തജികിസ്താനെ മറികടന്നാണ് ജോർദാൻ സെമിയിലേക്ക് ടിക്കറ്റെടുത്തത്. ഫിഫ റാങ്കിങ്ങിൽ 87ാം സ്ഥാനക്കാരായ ജോർദാൻ ടൂർണമെന്റിലുടനീളം അപ്രതീക്ഷിത കുതിപ്പാണ് നടത്തിയത്. നാളെ നടക്കുന്ന രണ്ടാം സെമിയിൽ നിലവിലെ ചാമ്പ്യൻമാരായ ഖത്തർ, ഇറാനെ നേരിടും.

Similar Posts