< Back
Football
barcelona
Football

കോപ്പ ഡെൽറേയും ബാഴ്സക്ക്; റയലിന് വീണ്ടും കണ്ണീർ

Sports Desk
|
27 April 2025 10:22 AM IST

സെവില്ല: സീസണിലെ മൂന്നാം എൽ ക്ലാസിക്കോയിലും നിറഞ്ഞുചിരിച്ച് ബാഴ്സലോണ.അത്യന്തം നാടകീയമായ കോപ്പ ഡെൽറേ ഫൈനലിൽ റയലിനെ രണ്ടിനെതിരെ മൂന്നുഗോളുകൾക്ക് തകർത്താണ് ബാഴ്സ സീസണിലെ രണ്ടാം കിരീടം സ്വന്തമാക്കിയത്. ബാഴ്സയുടെ 32ാം കോപ്പ ഡെൽറേ കിരീട നേട്ടമാണത്.

പരിക്കേറ്റ കിലിയൻ എംബാപ്പെയില്ലാതെയാണ് റയൽ മത്സരത്തിനിറങ്ങിയത്. ബാഴ്സ നിരയിൽ ലെവൻഡോവ്സികിയുമുണ്ടായിരുന്നില്ല. മത്സരത്തിന്റെ 28ാം മിനുറ്റിൽ പ്രെഡ്രിയിലൂടെ ബാഴ്സയാണ് ആദ്യം മുന്നിലെത്തിയത്.

പക്ഷേ രണ്ടാം പകുതിയിൽ റയൽ മത്സരത്തിലേക്ക് തിരിച്ചുവന്നു. പകരക്കാരനായി എത്തിയ എംബാപ്പെ 70ാം മിനുറ്റിൽ ഫ്രീകിക്കിലൂടെ റയലിനെ ഒപ്പമെത്തിച്ചു. പിന്നാലെ ഏഴ് മിനിറ്റിനിന് ശേഷം അർലിയൻ ഷുമേനി റയലിനെ ഒപ്പമെത്തിച്ചു. പക്ഷേ റയലിന്റെ സന്തോഷം അധികം നീണ്ടില്ല. 84ാം മിനുറ്റിൽ ഫെറൻ ടോറസിലൂടെ ബാഴ്സ ഒപ്പം.

മത്സരം അധികസമയത്തേക്ക് നീണ്ടു. പെനൽറ്റി ഷൂട്ടൗട്ടിലേക്ക് കടക്കുമെന്ന് തോന്നിക്കവേയാണ് 116ാം മിനുറ്റിൽ യൂൾസ് കൂണ്ടേയുടെ ഗോളെത്തുന്നത്. ഇതോടെ മത്സര വിധി തീരുമാനമായി.

മത്സരം അവസാനിക്കാനിരിക്കേ ബെഞ്ചിലിരുന്ന റയൽ താരങ്ങളായ അന്റോണിയോ റൂഡിഗർ,ലൂക്കാസ് വാസ്കസ് എന്നിവർക്കും മത്സരശേഷം ജൂഡ് ബെല്ലിങ്ഹാമിനും ചുവപ്പ് കാർഡ് കിട്ടി. നിലവിട്ട പെരുമാറ്റത്തെുടർന്നായിരുന്നു ഇത്.

Similar Posts