
ഗോളടിമേളം തുടർന്ന് ബാഴ്‌സ; റയൽ സോസിഡാഡിനെതിരെ ജയം, 4-0
|എഫ്എ കപ്പിൽ ന്യൂകാസിൽ യുണൈറ്റഡിനെ 2-1ന് തോൽപിച്ച് ബ്രൈട്ടൻ ക്വാർട്ടറിൽ പ്രവേശിച്ചു
മാഡ്രിഡ്: എതിരില്ലാത്ത നാല് ഗോളിന് റയൽ സോസിഡാഡിനെ തകർത്ത് ബാഴ്‌സലോണ. സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് സ്റ്റേഡിയത്തിൽ ജെറാഡ് മാർട്ടിൻ (25) ,മാർക്ക് കസേഡോ (29), റൊണാൾഡോ അരാഹോ (56), റോബെർട്ട് ലെവൻഡോവ്‌സ്‌കി (60) എന്നിവരാണ് വലകുലുക്കിയത്. ജയത്തോടെ ലാലീഗ പോയന്റ് ടേബിളിൽ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിർത്താനും കറ്റാലൻ സംഘത്തിനായി. 17ാം മിനിറ്റിൽ സോസിഡാഡ് പ്രതിരോധ താരം അരിത് എലുസ്റ്റോൻഡോ ചുവപ്പ് കാർഡ് വാങ്ങി മടങ്ങിയത് മത്സരത്തിൽ നിർണായകമായി. 26 മത്സരങ്ങളിൽ 57 പോയന്റുമായാണ് ബാഴ്‌സ തലപ്പത്ത് തുടരുന്നത്. രണ്ടാമതുള്ള അത്‌ലറ്റികോ മാഡ്രിഡിന് 56 പോയന്റും മൂന്നാമതുള്ള റയൽ മാഡ്രിഡിന് 54 പോയന്റുമായുള്ളത്.
അത്യന്തം ആവേശകരമായ എഫ്എ കപ്പ് അഞ്ചാം റൗണ്ട് പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ന്യൂകാസിൽ യുണൈറ്റഡിനെ വീഴ്ത്തി ക്വാർട്ടർ ഉറപ്പിച്ച് ബ്രൈട്ടൻ. എക്‌സ്ട്രാ ടൈം വരെ നീണ്ട മത്സരത്തിൽ ഡാനി വെൽബെക്കിന്റെ ഗോളിലാണ്(114) ബ്രൈട്ടൻ വിജയംപിടിച്ചത്. മുഴുവൻ സമയവും ഇരുടീമുകളും 1-1 സമനില പാലിച്ചതോടെയാണ് മത്സരം അധിക സമത്തേക്ക് നീണ്ടത്. 83ാം മിനിറ്റിൽ ആന്റണി ഗോൾഡനും 90+1ാം മിനിറ്റിൽ താരിഖ് ലംപ്റ്റിയും ചുവപ്പ് കാർഡ് വാങ്ങിയതോടെ എക്‌സ്ട്രാ ടൈമിൽ ഇരുടീമുകളും പത്തുപേരുമായാണ് കളിച്ചത്.