< Back
Football
ബോക്‌സിങ് ഡേയിൽ ലിവർപൂൾ പഞ്ച്; ബേൺലിയെ തകർത്ത് പട്ടികയിൽ തലപ്പത്ത്, യുണൈറ്റഡിനും ജയം
Football

ബോക്‌സിങ് ഡേയിൽ ലിവർപൂൾ പഞ്ച്; ബേൺലിയെ തകർത്ത് പട്ടികയിൽ തലപ്പത്ത്, യുണൈറ്റഡിനും ജയം

Web Desk
|
27 Dec 2023 10:53 AM IST

ഡാർവിൻ ന്യൂനസും പകരക്കാരനായി ഇറങ്ങിയ ഡിഗോ ജോട്ടയും ലക്ഷ്യംകണ്ടു. ഇതോടെ ആഴ്സനലിനെ മറികടന്ന് ലിവർപൂൾ ഒന്നാമതായി.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ബോക്‌സിങ് ഡേ മത്സരത്തിൽ മുൻ ചാമ്പ്യൻമാരായ ലിവർപൂളിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും വിജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ലിവർപൂളിന്റെ വിജയം. ഡാർവിൻ ന്യൂനസും പകരക്കാരനായി ഇറങ്ങിയ ഡിഗോ ജോട്ടയും ലക്ഷ്യംകണ്ടു. ഇതോടെ ആഴ്സനലിനെ മറികടന്ന് പോയന്റ് ടേബിളിൽ ഒന്നാമതെത്തി.

മറ്റൊരു മത്സരത്തിൽ തുടർ തോൽവികൾക്ക് ശേഷം വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്. ആസ്റ്റൺ വില്ലക്കെതിരെ രണ്ട് ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മൂന്ന് ഗോൾ തിരിച്ചടിച്ച് മുൻ ചാമ്പ്യൻമാർ സ്വന്തം തട്ടകമായ ഓൾഡ് ട്രാഫോഡിൽ തിരിച്ചുവരവ് നടത്തിയത്. 21ാം മിനിറ്റിൽ ജോൺ മഗ്വിന്റെ ഗോളിൽ സന്ദർശകർ ആദ്യം വലകുലുക്കി. അഞ്ച് മിനിറ്റിന് ശേഷം ലിയാൻഡർ ഡെൻഡോങ്കറിന്റെ ഗോളിൽ വീണ്ടും ഞെട്ടിച്ചു. ആദ്യപകുതിയിൽ രണ്ട് ഗോൾ വഴങ്ങിയ ടീം രണ്ടാംപകുതിയിൽ ചാമ്പ്യൻമാർക്കൊത്ത പ്രകടനം പുറത്തെടുക്കുകയായിരുന്നു.

അർജന്റീനൻ താരം അലെജാന്ദ്രോ ഗെർണാച്ചോ ഇരട്ട ഗോളുമായി തിളങ്ങി. റാസ്മസ് ഹോയ്ലൻഡും റെഡ് ഡെവിൾസിനായി സ്‌കോർ ചെയ്തു. വിജയത്തോടെ പ്രീമിയർ ലീഗ് ടേബിളിൽ ആറാം സ്ഥാനത്തേക്ക് ഉയരാനും യുണൈറ്റഡിന് സാധിച്ചു.

ഈസീസണിൽ മിന്നും ഫോമിലുള്ള ആസ്റ്റൺവില്ലക്കെതിരായ വിജയം പരിശീലകൻ എറിക് ടെൻ ഹാഗിനും വലിയ പ്രതീക്ഷ നൽകുന്നതാണ്. തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായി ബോക്‌സിങ് ഡേയിലെ തിരിച്ചുവരവ്.

Similar Posts