< Back
Football
എന്ന് തീരും ഈ കഷ്ടകാലം? യുണൈറ്റഡിന് വീണ്ടും നാണംകെട്ട തോല്‍വി
Football

എന്ന് തീരും ഈ കഷ്ടകാലം? യുണൈറ്റഡിന് വീണ്ടും നാണംകെട്ട തോല്‍വി

Web Desk
|
14 Aug 2022 7:03 AM IST

എതിരില്ലാത്ത നാല് ഗോളിനാണ് ബ്രെൻ്റ്ഫോർഡ് യുണൈറ്റഡിനെ തകര്‍ത്തത്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ കഷ്ടകാലം ഇനിയെന്നാണവസാനിക്കുക?. ഈ സീസണിലെങ്കിലും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയും സംഘവും ഫോം വീണ്ടെടുത്ത് മടങ്ങിയെത്തുമെന്ന ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വീണ്ടും തിരിച്ചടി. ഇക്കുറി ബ്രെന്‍റ്ഫോഡാണ് മാഞ്ചസ്റ്ററിനെ തകര്‍ത്തു തരിപ്പണമാക്കിയത്. എതിരില്ലാത്ത നാല് ഗോളിനാണ് ബ്രെൻ്റ്ഫോർഡിന്‍റെ വിജയം.

യുണൈറ്റഡിന് തൊട്ടതെല്ലാം പിഴയ്ക്കുന്ന കാഴ്ചയാണ് ഇന്നലെ ബ്രന്‍റ്ഫോര്‍ഡിന്‍റെ മൈതാനത്ത് കണ്ടത്. കളിയുടെ തുടക്കം മുതല്‍ തന്നെ കൗണ്ടർ അറ്റാക്കുകളുമായി ബ്രെൻ്റ്ഫോർഡ് കളം നിറഞ്ഞു കളിച്ചു. ഒന്നിന് പിറകെ ഒന്നായി നാല് ഗോളുകൾ.

ആദ്യപകുതിയിൽ തന്നെ മത്സരത്തിന്‍റെ ഗതി ബ്രന്‍റ്ഫോര്‍ഡ് നിര്‍ണ്ണയിച്ചു കഴിഞ്ഞിരുന്നു. കളിയിലെ നാലു ഗോളുകളും പിറന്നത് ആദ്യപകുതിയിലാണ്. മത്സരമാരംഭിച്ച് പത്താം മിനിറ്റില്‍ ജോഷ് ഡാസില്‍വയിലൂടെ മുന്നിലെത്തിയ ബ്രന്‍റ്ഫോര്‍ഡ് എട്ട് മിനിറ്റിനുള്ളില്‍ വീണ്ടും മാഞ്ചസ്റ്റര്‍ വലകുലുക്കി. ഇക്കുറി മത്യാസ് ജെന്‍സന്‍റെ ഊഴമായിരുന്നു. മുപ്പതാം മിനിറ്റില്‍ ബെന്‍‌ മീയും 35ാം മിനിറ്റിൽ ബ്രയാൻ ബ്യൂമോയും ഗോൾവലകുലുക്കി പട്ടിക പൂർത്തിയാക്കി.

ലീഗില്‍ തുടർച്ചയായ രണ്ടാം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പോയിൻ്റ് പട്ടികയിൽ ഒന്നാമതെത്തി. ബേൺമൗത്തിനെതിരെ ആധികാരികമായിരുന്നു സിറ്റിയുടെ ജയം. മറുപടിയില്ലാത്ത നാല് ഗോളുകൾ. വാശിയേറിയ മറ്റൊരു പോരാട്ടത്തില്‍ ആഴ്സണൽ ലെസ്റ്റർ സിറ്റിയെ കീഴടക്കി. രണ്ട് ഗോളും രണ്ട് അസിസ്റ്റുമായി ഗബ്രിയേൽ ജെസ്യൂസ് തന്‍റെ വരവ് ആഘോഷമാക്കി. ലീഗിൽ ഇന്ന് ചെൽസി ടോട്ടനത്തേയും ലിവർപൂൾ ക്രിസ്റ്റൽ പാലസിനേയും നേരിടും.

Related Tags :
Similar Posts