< Back
Football
Brazils move to bring in Ancelotti backfires; Perezs intervention was crucial
Football

ആഞ്ചലോട്ടിയെ എത്തിക്കാനുള്ള ബ്രസീൽ നീക്കത്തിന് തിരിച്ചടി; നിർണായകമായത് പെരസിന്റെ ഇടപെടൽ

Sports Desk
|
30 April 2025 5:46 PM IST

നിലവിൽ റയൽമാഡ്രിഡുമായി 2026 വരെയാണ് കാർലോ ആഞ്ചലോട്ടിക്ക് കരാറുള്ളത്.

മാഡ്രിഡ്: റയൽ മാഡ്രിഡ് മാനേജർ കാർലോ അൻസലോട്ടിയെ പരിശീലക സ്ഥാനത്തെത്തിക്കാനുള്ള ബ്രസീൽ ഫുട്‌ബോൾ കോൺഫെഡറേഷന്റെ നീക്കത്തിന് തിരിച്ചടി. റയലിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കാത്തതാണ് പ്രതിസന്ധിയായത്. നിലവിൽ അടുത്ത വർഷം വരെ റയലിൽ കരാറുള്ള ഇറ്റാലിയൻ കോച്ച് പുറത്തുപോകുമ്പോൾ നൽകേണ്ട നഷ്ടപരിഹാര തുക തരാനാവില്ലെന്ന് ക്ലബ് പ്രസിഡന്റ് ഫ്‌ളോറന്റീന പെരസ് വ്യക്തമാക്കിയതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ബ്രസീൽ ഡീൽ അനിശ്ചിതത്വത്തിലായി. റയൽ മാഡ്രിഡ് പുറത്താക്കുകയാണെങ്കിൽ ആഞ്ചലോട്ടിക്ക് നഷ്ടപരിഹാരമായി വലിയതുക സ്പാനിഷ് ക്ലബ് നൽകേണ്ടിവരും. എന്നാൽ ക്ലബുമായി ധാരണയിലെത്തി സ്വമേധയാ മടങ്ങുകയാണെങ്കിൽ തുക നൽകേണ്ടിവരില്ല. ഇക്കാര്യത്തിൽ ആഞ്ചലോട്ടി സ്വന്തം താൽപര്യത്തിൽ പോകുകയാണെന്ന് വരുത്താനാണ് റയൽ ശ്രമിക്കുന്നത്.

അതേസമയം, ദിവസങ്ങൾക്ക് മുൻപ് ആഞ്ചലോട്ടിയും ബ്രസീലും തമ്മിൽ വാക്കാൽ കരാറിലെത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. അടുത്തവർഷം നടക്കുന്ന ഫിഫ ലോകകപ്പ് വരെയാണ് നിയമനമെന്നും വാർത്തകൾ വന്നിരുന്നു. ജൂണിൽ യുഎസിൽ നടക്കുന്ന ക്ലബ് ലോകകപ്പിന് മുന്നോടിയായി റയൽ വിടുമെന്നും സൂചനയുണ്ടായിരുന്നു. ഇറ്റാലിയൻ കോച്ചുമായുള്ള ഡീൽ ഉടൻ നടക്കണമെന്ന ആവശ്യമാണ് ലാറ്റിനമേരിക്കൻ ടീമിനുള്ളത്. നിലവിൽ ബാഴ്‌സലോണയുടെ കോപ ഡെൽറെ ഫൈനലിലും തോറ്റതോടെ സീസണിൽ മൂന്നാം എൽക്ലാസികോ തോൽവിയാണ് റയൽ നേരിട്ടത്. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന് പിന്നാലെ ആഞ്ചലോട്ടിയുടെ അവസാന സീസണാകുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. പകരം ലെവർകൂസൻ മാനേജറും മുൻ റയൽ താരവുമായ സാബി അലോൺസോയെ എത്തിക്കുമെന്നും റിപ്പോർട്ടുണ്ട്. ആൻസലോട്ടിയെത്തിയില്ലെങ്കിൽ ജോർജ് ജീസസിനെയെത്തിക്കാനാണ് ബ്രസീൽ ശ്രമിക്കുന്നത്.

Similar Posts