< Back
Football
Asian surge in Club World Cup; Al Hilal defeats Manchester City in quarterfinals, 4-3
Football

ക്ലബ് ലോകകപ്പിൽ ഏഷ്യൻ കുതിപ്പ്; മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി അൽ ഹിലാൽ ക്വാർട്ടറിൽ, 4-3

Sports Desk
|
1 July 2025 11:15 AM IST

ഇന്റർ മിലാനെ കീഴടക്കിയെത്തിയ ഫുളുമിനെൻസാണ് ക്വാർട്ടറിൽ എതിരാളികൾ

ഫ്‌ളോറിഡോ: ഫിഫ ക്ലബ് ലോകകപ്പിൽ ഏഷ്യൻ കുതിപ്പ്. ഏഴുഗോൾ ത്രില്ലർ പോരിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി സൗദി ക്ലബ് അൽ ഹിലാൽ ക്വാർട്ടറിൽ. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ 112ാം മിനിറ്റിൽ മാർകോസ് ലിയൊനാർഡോയാണ് വിജയഗോൾ നേടിയത്. ക്വാർട്ടറിൽ ബ്രസീലിയൻ ക്ലബ് ഫ്‌ളുമിനെൻസാണ് എതിരാളികൾ. അടിയും തിരിച്ചടയും കണ്ട മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളിനാണ് അൽ ഹിലാലിന്റെ ജയം.

9ാം മിനിറ്റിൽ ക്യാപ്റ്റൻ ബെർണാഡോ സിൽവയിലൂടെ ഇംഗ്ലീഷ് ക്ലബ് ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയുടെ ആദ്യ മിനിറ്റിൽ മാർക്കോസ് ലിയൊനാർഡോയിലൂടെ സൗദി ക്ലബ് സമനില പിടിച്ചു. 52ാം മിനിറ്റിൽ മാർകോമിലൂടെ ഹിലാൽ കളിയിൽ ആദ്യമായി മുന്നിലെത്തി. എന്നാൽ എർലിങ് ഹാളണ്ടിന്റെ ഗോളിൽ(55) സിറ്റി മൂന്ന് മിനിറ്റിനകം ഒപ്പംപിടിച്ചു. ഒടുവിൽ വിജയഗോളിനായി ഇരുടീമുകളും ആക്രമണ-പ്രത്യാക്രമണവുമായി കളംനിറഞ്ഞെങ്കിലും ലക്ഷ്യംകാണാനായില്ല. സിറ്റി നീക്കങ്ങളെ കൃത്യമായി പ്രതിരോധിച്ച് നിർത്താൻ അൽ ഹിലാലിനായി.

എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിൽ പ്രതിരോധ താരം കലിദോ കൗലിബാലിയിലൂടെ(94) അൽ ഹിലാൽ വീണ്ടും ലീഡെടുത്തു. എന്നാൽ 104ാം മിനിറ്റിൽ ഫിൽഫോഡനിലൂടെ സിറ്റി വീണ്ടും മത്സരത്തിലേക്ക് മടങ്ങിയെത്തി. എന്നാൽ എക്‌സ്ട്രാ ടൈം അവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ ലിയൊനാർഡോ(112) ഏഷ്യൻ ക്ലബിനായി വിജയഗോൾ നേടി. മത്സരത്തിൽ താരത്തിന്റെ രണ്ടാം ഗോളാണിത്. മറ്റൊരു മത്സരത്തിൽ ഇറ്റാലിയൻ വമ്പൻമാരായ ഇന്റർ മിലാനെ എതിരില്ലാത്ത രണ്ട് ഗോളിന് ബ്രസീലിയൻ ടീം ഫ്‌ളുവിനെൻസ് തോൽപിച്ചു. ജെർമൻ കാനോ(3), ഹെർകുലിസ്(90+3) എന്നിവരാണ് വലകുലുക്കിയത്.


Similar Posts