< Back
Football
32 teams from six continents are competing in the tournament.
Football

ലക്ഷ്യം ക്ലബ് ലോകകപ്പ്; ട്രാൻസ്ഫർ വിപണിയിൽ ഇറങ്ങികളിച്ച് റയലും സിറ്റിയും

Sports Desk
|
14 Jun 2025 10:15 PM IST

ആറു വൻകരകളിൽ നിന്നായി 32 ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്.

ഫുട്‌ബോൾ ലോകം ക്ലബ് വേൾഡ് കപ്പെന്ന പുതിയ പരീക്ഷണത്തെ കാണാനുള്ള ഒരുക്കത്തിലാണ്. ക്ലബ് വേൾഡ് കപ്പിനുള്ള ഒരുക്കമെന്നോണം പത്ത് ദിവസത്തെ ഒരു മിനി ട്രാൻസ്ഫർ വിൻഡോക്കും ഫിഫ അനുമതി നൽകി. പുതിയ താരങ്ങളെയെത്തിച്ചും പരിശീലക സംഘത്തിൽ മാറ്റങ്ങൾ നടത്തിയും ടീമുകൾ ഇതിനോടകം പണിതുടങ്ങിയിട്ടുണ്ട്. ഒരുമാസത്തോളം നീണ്ടുനിൽക്കുന്ന ടൂർണമെന്റിൽ ആറു വൻകരകളിൽ നിന്നായി 32 ടീമുകളാണ് മാറ്റുരക്കുന്നത്. അടിമുടി മാറ്റവുമായി എത്തുന്ന ക്ലബ് ലോകകപ്പിനെ വരവേൽക്കാൻ ടീമുകളെല്ലാം സജ്ജമാണ്. യുഎസിലെ 12 വേദികൾ സോക്കറിന്റെ പുതിയ പരീക്ഷണത്തിന് തട്ടകങ്ങളൊരുക്കും.



ക്ലബ് ലോകകപ്പ് മുന്നിൽകണ്ട് പ്രധാന ടീമുകളെല്ലാം നിർണായകമായ ചില സൈനിങുകൾ നടത്തിയിട്ടുണ്ട്. ലീഗ് പോരാട്ടങ്ങളിലും ചാമ്പ്യൻസ് ലീഗിലുമെല്ലാം നേരിട്ട തിരിച്ചടികൾ പരിഹരിക്കാനായി കൃത്യമായ പ്ലാനിങുകളോടെയാണ് ക്ലബ് ലോകകപ്പിന് ഓരോ ടീമും ഒരുങ്ങുന്നത്. യോഗ്യത മാനദണ്ഡങ്ങൾ പ്രകാരം പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂൾ, ലാലിഗ ചാമ്പ്യൻമാരായ ബാഴ്‌സലോണ, ഇറ്റാലിയൻ സീരി എ ചാമ്പ്യൻമാരായ നാപ്പോളി എന്നിവർ ക്ലബ് ലോകകപ്പിലില്ല. ക്ലബ് ലോകകപ്പ് ലക്ഷ്യമിട്ടുള്ള സുപ്രധാന സൈനിങ്ങുകളിലൂടെ ഒന്ന് ഓടിച്ച് പോകാം.



ട്രെൻഡ് അലക്സാണ്ടർ അർണോൾഡ്. കുറച്ച് കാലമായി ഈ 26 കാരൻ റൈറ്റ്ബാക്കിന് പിറയെയായിരുന്നു റയൽ. ലിവർപൂളിൽ ജനിച്ച് അവിടെത്തന്നെ ജീവിച്ച ട്രെന്റ് പോകുന്നതിൽ ആരാധകർക്ക് അമർഷമുണ്ട്. ട്രെന്റ് തന്നെ പലകുറി ആ വാർത്തകൾ നിഷേധിച്ചിരുന്നുവെങ്കിലും ഇന്നല്ലെങ്കിൽ നാളെ അത് സംഭവക്കുമെന്ന് ഉറപ്പായിരുന്നു. പോയ ദിവസം ബെർണബ്യുവിൽ നടന്ന ചടങ്ങിൽ റയൽ താരത്തെ അവതരിപ്പിക്കുകയും ചെയ്തു. ഫ്രീ ട്രാൻസ്ഫറിലാണ് സ്പെയിനിലെത്തിയതെങ്കിലും ക്ലബ് ലോകകപ്പിൽ ഒപ്പംചേർക്കാനായി ലിവർപൂളിന് 10 മില്യൺ യൂറോ അതായത് 98 കോടിയോളയാണ് റയൽ നൽകിയത്. ടീമിന്റെ നട്ടെല്ലായിരുന്നു ഡാനി കാർവഹാലിനെ പരിക്ക്കാരണം നഷ്ടമായത് പ്രധാന മത്സരങ്ങളിലെല്ലാം ക്ലബിനെ കാര്യമായി ബാധിച്ചിരുന്നു. പകരം നടത്തിയ നീക്കങ്ങളൊന്നും വിജയിക്കാതെ വന്നതോടെ റൈറ്റ് ബാക്ക് പൊസിഷൻ പുതിയ സീസണിന് മുൻപായി ഫിൽ ചെയ്യാൻ റയൽ നിർബന്ധിതരായി. ട്രെൻഡിന് ക്ലബ് ലോകകപ്പ് എന്നത് പ്രീ സീസൺ മത്സരം കൂടിയാകും. പുതിയ മാനേജർ സാബി അലോൺസോയുടെ പ്ലാനിൽ ട്രെൻഡ് എങ്ങനെ കളിക്കുമെന്നതും ആരാധകർ ഉറ്റുനോക്കുന്നു. ബോൺമൗത്തിൽ നിന്ന് റയലിലേക്കെത്തിയ പ്രതിരോധ താരം ഡീൻ ഹ്യൂസനും തൂവെള്ള ജഴ്സിയിലേക്കുള്ള എൻട്രിയാണ് ക്ലബ് ലോകകപ്പ്. നിലവിൽ സ്പെയിൻ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായ ഹ്യൂസൻ റയൽ ഫ്യൂച്ചറായാണ് വിലയിരുത്തപ്പെടുന്നത്.



ക്ലബ് ലോകകപ്പ് മുന്നിൽ കണ്ട് ട്രാൻസ്ഫർ മാർക്കറ്റിൽ ഇറങ്ങികളിച്ച മറ്റൊരു ടീം സിറ്റിയാണ്. റയാൻ ചെർക്കി, ടിയാനി റെയ്ൻഡേഴ്സ്, റയാൻ എയിറ്റ് നൂരി... ഏകദേശം 116 മില്യൺ പൗണ്ടാണ് ഈ താരങ്ങളെ എത്തിക്കാനായി മാത്രം ചെലവിട്ടത്. ലിയോണിൽ നിന്ന് ഫ്രഞ്ച് യങ് മിഡ്ഫീൽഡർ ചെർക്കിയെ എത്തിക്കാൻ മാത്രം 34 മില്യൺ നൽകി. കെവിൻ ഡിബ്രുയിനെ അവശേഷിപ്പിച്ച വലിയ ശൂന്യത 21 കാരൻ യങ് അറ്റാക്കിങ് മിഡ്ഫീൽഡറിലൂടെ പരിഹരിക്കാനാകുമെന്ന് ക്ലബ് പ്രതീക്ഷിക്കുന്നു. സമീപകാലത്തായി ലിയോണിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത ചെർക്കി നേഷൻസ് ലീഗിൽ ഫ്രാൻസിനായും ഗോളടിച്ചിരുന്നു.



ക്ലബിനെ പുതുക്കി പണിയുക ലക്ഷ്യമിട്ട് ജനുവരി ട്രാൻസ്ഫറിൽ ഒമർ മർമോഷ്, നിക്കോ ഗോൺസാലസ്, അബ്ദുകോദിർ കുസനോവ്, വിക്ടർ റെയിസ് എന്നിവരെ പെപ് ഗ്വാർഡിയോള കൂടാരത്തിലെത്തിച്ചിരുന്നു. ഈ ന്യൂ ഫേസുകൾക്കൊപ്പം ക്ലബ് പ്രതീക്ഷവെക്കുന്ന മറ്റൊരു താരമാണ് ടിയാനി റെയ്ൻഡേഴ്സ്. പോയ സീസണിൽ എസി മിലാനായി ഗോളടിച്ചും അവസരമൊരുക്കിയും നിറഞ്ഞു കളിച്ച താരമായിരുന്നു ടിയാനി. ഒരു പ്രോപ്പർ ബോക്സ്ടുബോക്സ് പ്ലെയർ. മധ്യനിരയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദീർഘകാല പ്രോജക്ടായാണ് ഈ ഡച്ചുകാരനെ സിറ്റിയെത്തിച്ചത്. ക്ലബ് ലോകകപ്പ് സ്വന്തമാക്കി സീസണിന് മുന്നോടിയായി ഒരു വലിയ തിരിച്ചുവരവ് കൂടിയാണ് പെപും നീലപടയും പ്രതീക്ഷിക്കുന്നത്. ലെഫ്റ്റ് ബാക്കായെത്തിച്ച നൂരിയൈയും ക്ലബ് ലോകകപ്പ് മുന്നിൽകണ്ടുള്ള നിർണായക സൈനിങായാണ് വിലയിരുത്തുന്നത്. പ്രതിരോധത്തിലും അറ്റാക്കിലും ഒരുപോലെ കോൺഡ്രിബ്യൂട്ട് ചെയ്യുന്ന 24 കാരന്റെ പ്രകടനം ക്ലബ് ലോകകപ്പിൽ നിർണായകമാകും.



മികച്ചൊരു ക്ലിനിക്കൽ ഫിനിഷറില്ലാതെ വലിയ വേദികളിൽ ജയിക്കാനാവില്ല. ഈയൊരു തിരിച്ചറിവാണ് ചെൽസിയെ ലിയാം ഡെലപിനെ കൊണ്ടുവരുന്നത്. ഇപ്സ്വിച്ച് ടൗണിൽ നിന്ന് 30 മില്യൺ പൗണ്ടിന്റെ ഡീലിലാണ് ഇംഗ്ലീഷ് താരത്തെയെത്തിച്ചത്. ഇതിലൂടെ ക്ലബ് ലോകകപ്പിൽ പ്രോപ്പർ ഫോൾസ് നയൻ പൊസിഷൻ കവർചെയ്യുകയാണ് ബ്ലൂസ് ഉദ്ദേശിക്കുന്നത്. മധ്യനിരയിൽ എൻസോ-പാൽമർ-കയ്സെഡോ കൂട്ടുകെട്ടിനൊപ്പം ഈ 22 കാരൻ കൂടി ക്ലിക്കായാൽ കിരീടം സ്റ്റാംഫോർഡ് ബ്രിഡ്ജിലെത്തിക്കാമെന്ന് മരെസ്‌ക കണക്കുകൂട്ടുന്നു.



ലെവർകൂസനിൽ നിന്ന് ബുണ്ടെസ് ലീഗ തിരിച്ചുപിടിച്ച ബയേൺ മ്യൂണിക് ക്ലബ് ലോകകപ്പിനെ പ്രതീക്ഷയോടെയാണ് കാണുന്നത്. അമേരിക്കയിലേക്ക് പോകുന്നതിന് മുൻപായി പ്രതിരോധത്തിൽ ജർമൻ ക്ലബ് നിർണായക മാറ്റംവരുത്തുകയും ചെയ്തു. ദീർഘകാലമായി മനസ്സിലുണ്ടായിരുന്ന ജൊനാഥൻ ഥായെ ലെവർകൂസനിൽഎത്തിച്ചതിലൂടെ ടീമിലെ വീക്ക് ലിങ്കായ പ്രതിരോധത്തിലെ പ്രശ്നങ്ങൾ ഒരുപരിധിവരെ പരിഹരിക്കാമെന്നാണ് വിൻസെന്റ് കൊമ്പനി കരുതുന്നത്. ഹാരി കെയിൻ, മൈക്കെൽ ഒലീസ് ഉൾപ്പെടെയുള്ള താരങ്ങളുടെ മികച്ച ഫോമും ബയേണിന് പ്രതീക്ഷ നൽകുന്നു. 19 കാരൻ ജോബ് ബെല്ലിങ്ഹാമിനെയെത്തിച്ച് ബൊറൂസിയ ഡോർട്ട്മുണ്ടും ഒരുക്കം തുടങ്ങിയിട്ടുണ്ട്. സഹോദരൻ ജൂഡ് ബെല്ലിങ്ഹാമിന്റെ ചുവട് പിടിച്ച് ജർമൻ ക്ലബിനൊപ്പം ജൂഡും തകർപ്പൻ പ്രകടനം പുറത്തെടുക്കുമോയെന്ന് കാത്തിരുന്നു കാണാം.



ഡബ്രി വേഗയെ എത്തിച്ച് പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോ, ഗണ്ണേഴ്‌സിൽ നിന്നും ജോർജീന്യോയെ സൈൻ ചെയ്ത് ബ്രസീലിയൻ ക്ലബ് ഫ്ളെമിംഗോ, അൽവാരോ മൊണ്ടോറോയെ ഒപ്പംകൂട്ടി ബൊട്ടഫോഗോ... ഇങ്ങനെ ക്ലബ് ലോകകപ്പ് നോട്ടമിട്ട് അണിയറയിൽ ഒട്ടേറെ നീക്കങ്ങളാണ് നടന്നത്. താരങ്ങൾക്കൊപ്പം പരിശീലക സംഘത്തിലും ചില മാറ്റങ്ങൾക്ക് പോയ ദിനം സാക്ഷ്യം വഹിച്ചു. ലിവർപൂളിന്റെ നേട്ടങ്ങളിൽ പ്രധാന പങ്കുവഹിച്ച പെപിൻ ലിൻഡേഴ്സ്, ജയിംസ് ഫ്രെഞ്ച് എന്നിവർ പെപ് ഗ്വാർഡിയോളയുടെ കോച്ചിങ് ടീമിനൊപ്പം ചേർന്നത് വലിയ വാർത്തയായി. ലിവർപൂളിൽ യുർഗൻ ക്ലോപിന്റെ സഹായിയായിരുന്നു ഇരുവരും. പ്രധാന ക്ലബുകൾക്കെല്ലാം വരും സീസണിന് മുന്നോടിയായുളള ഒരു ലിറ്റ്മസ് ടെസ്റ്റ് കൂടിയാണ് ക്ലബ് ലോകകപ്പ്.

Similar Posts