< Back
Football
ഐ-ലീഗില്‍ കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ്; മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു
Football

ഐ-ലീഗില്‍ കൂടുതല്‍ കളിക്കാര്‍ക്ക് കോവിഡ്; മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു

Web Desk
|
4 Jan 2022 7:17 AM IST

നാല് ആഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം ചേരും. അതിനുശേഷമാകും ടൂര്‍ണമെന്‍റ് തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കുക

കോവിഡ് ഭീഷണിയെത്തുടര്‍ന്ന് ഐ-ലീഗ് ടൂര്‍ണമെന്‍റ് അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു. ചുരുങ്ങിയത് ആറ് ആഴ്ചയെങ്കിലും കഴിഞ്ഞേ മത്സരങ്ങള്‍ തുടങ്ങൂയെന്ന് ദേശീയ ഫുട്‌ബോള്‍ സംഘടനയായ എ.ഐ.എഫ്.എഫ് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് കേസുകള്‍ പെരുകുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം.

ഐ ലീഗ് ടൂര്‍ണമെന്‍റിനിടെ താരങ്ങള്‍ക്കിടയിലും സപ്പോര്‍ട്ടിങ് സ്റ്റാഫുകളിലും കോവിഡ് കേസുകള്‍ ഗണ്യമായി പിടിപെട്ടിരുന്നു. ബയോ ബബ്ബിളിനിടയിലും അൻപതിലേറെ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്‍റ് തന്നെ നീട്ടിവെക്കേണ്ട സാഹചര്യം വന്നത്. നേരത്തെ മൂന്ന് ടീമുകളിലെ അഞ്ച് താരങ്ങൾക്കും ഒരു സപ്പോർട്ട് സ്റ്റാഫിനും കോവിഡ് സ്ഥിരീകരിച്ചതോടെ ജനുവരി ആറ് വരെ മത്സരങ്ങൾ നിർത്തിവച്ചിരുന്നു. ഐ ലീഗ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പരിശോധന നടത്തിയപ്പോഴാണ് കൂടുതൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.

ഐ ലീഗിലെ എല്ലാ ക്ലബ്ബുകളെയും അവരുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ടൂര്‍ണമെന്‍റ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായത്. നാല് ആഴ്ചയ്ക്ക് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ യോഗം ചേരും. അതിനുശേഷമാകും ഐ ലീഗിന്‍റെ പുതിയ മത്സരക്രമം പ്രഖ്യാപിക്കുക. ഏറ്റവും ചുരുങ്ങിയത് ആറ് ആഴ്ചയെങ്കിലും മത്സരങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍

പുതിയ സീസണില്‍ ടീമുകള്‍ക്ക് ഓരോ മത്സരങ്ങള്‍ മാത്രമാണ് ഇതുവരെ പൂർത്തിയാക്കാനായത്. അതിനുള്ളില്‍ തന്നെ നിരവധി കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ടൂര്‍ണമെന്‍റ് നിര്‍ത്തിവെക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാകുകയായിരുന്നു.

Similar Posts