< Back
Football
സ്കലോണി- മൈതാനത്ത് കവിത രചിക്കാൻ പഠിപ്പിക്കാത്ത പരിശീലകൻ
Football

സ്കലോണി- മൈതാനത്ത് കവിത രചിക്കാൻ പഠിപ്പിക്കാത്ത പരിശീലകൻ

Web Desk
|
14 Dec 2022 8:09 AM IST

എതിരാളിയുടെ മനസ്സിന്‍റെ ഉള്ളറയിലെ ചെപ്പിൽ സൂക്ഷിച്ചിരിക്കുന്ന ഏത് തന്ത്രത്തെയും ഗണിച്ചറിയുന്ന മാന്ത്രികൻ

പരിശീലകൻ ലയണൽ സ്കലോണിയുടെ തലയിൽ വിരിഞ്ഞ തന്ത്രങ്ങളാണ് ലോകകപ്പ് സെമിയില്‍ ക്രൊയേഷ്യക്കെതിരായ അർജന്‍റീനയുടെ വിജയം എളുപ്പമാക്കിയത്. ഫോർമേഷൻ മുതൽ അവസാന മിനിട്ട് വരെ മൈതാനത്ത് സ്കലോണി നിറഞ്ഞു നിന്നു.

കളത്തിൽ കവിത രചിക്കാൻ പഠിപ്പിക്കാത്ത പരിശീലകൻ. വിജയ ദാഹത്തിനപ്പുറം ഒന്നിനും സ്ഥാനം നൽകാത്ത തന്ത്രജ്ഞൻ. എതിരാളിയുടെ മനസ്സിന്‍റെ ഉള്ളറയിലെ ചെപ്പിൽ സൂക്ഷിച്ചിരിക്കുന്ന ഏത് തന്ത്രത്തെയും ഗണിച്ചറിയുന്ന മാന്ത്രികൻ. ആശാൻ ലയണൽ സ്കലോണി.

ഫോർമേഷനിൽ തന്നെ തുടങ്ങാം. മധ്യനിര പിടിച്ചടക്കാൻ പോന്നവരാണ് ക്രൊയേഷ്യയെന്ന് സ്കലോണിക്ക് വ്യക്തമായിരുന്നു. ബ്രസീലിന് പറ്റിയ പിഴവ് തങ്ങൾക്കുണ്ടാകരുതെന്ന് ആദ്യമേ ഉറപ്പിച്ചു. ആക്രമണത്തിന് അധികം ഊന്നൽ നൽകാത്ത മധ്യനിരയിൽ ആളെക്കൂട്ടി 4-4-2 എന്ന ശൈലിയിൽ നീലവെള്ളക്കുപ്പായക്കാർ കളത്തിലേക്ക്. സസ്പെൻഷനിലായ അക്യൂനയ്ക്ക് പകരം ടാഗ്ലിയാഫിക്കോ. ലിസാൻഡ്രോ മാർട്ടിനെസിന് പകരമെത്തിയത് പരേഡസ്. നയം വ്യക്തമായിരുന്നു.

തുടക്കത്തിൽ അനായാസം മുന്നേറിയ ക്രൊയേഷ്യയെ ആളെണ്ണം കൊണ്ട് അർജന്റീന നേരിട്ടു. ക്രമേണ മധ്യനിരയിൽ ലൂക്കാ മോഡ്രിച്ചിന് പിടിവീണു. മോഡ്രിച്ചിന്റെ പാസുകൾ കൃത്യമായി താരങ്ങളിലേക്ക് എത്താതെയായി. പന്ത് അധികനേരം കിട്ടില്ലെന്ന് അറിയാവുന്ന സ്കലോണി ലോങ് ബോളുകളും വേഗമേറിയ കൗണ്ടർ അറ്റാക്കുകളും വേണമെന്ന് ശിഷ്യന്മാരെ നേരത്തെ പഠിപ്പിച്ചിരുന്നു. കുട്ടികൾ അത് കൃത്യമായി നടപ്പിലാക്കി. തുടരെ വീണ രണ്ട് ഗോളുകൾ. ക്രൊയേഷ്യ അപ്പോഴേ വീണു.

അറുപത്തിരണ്ടാം മിനിട്ടിൽ ആദ്യ മാറ്റം. പ്രതിരോധത്തില്‍ ഊന്നുന്ന മധ്യനിരതാരം പരേഡസ് പുറത്തേക്ക്. പകരമെത്തിയത്ത് ഡിഫന്റർ ലിസാൻഡ്രോ മാർട്ടിനെസ്. മൂന്നാം ഗോളിന് ശേഷം ഓടിതളർന്ന ഡിപോളിനെ മാറ്റി പാലാസിയോസിനെ കൊണ്ടുവന്നു. ആരാധകരെ കൂടി സന്തോഷിപ്പിക്കാൻ ഡിബാലയും ആദ്യമായി കളത്തിൽ. ഒടുവിൽ എയ്ഞ്ചൽ കൊറേയക്കും ഫൊയ്ത്തിനും ഒക്കെ സ്കലോണി അവസരം നൽകി.

ചതുരംഗപ്പലക പോലെയാണ് സ്കലോണി ഫുട്ബോൾ മൈതാനത്തെ കാണുന്നത്. ഓരോ നീക്കവും സസൂക്ഷ്മം മാത്രം. ഇനിയുള്ളത് ഒരു നീക്കം മാത്രം. ലുസൈൽസിലെ മോഹരാവിൽ കൂടി ഇതേ നില തുടർന്നാൽ ബ്യൂണസ് ഐറസിലേക്ക് ലോകകിരീടം യാത്രയാകും.

Similar Posts