< Back
Football
ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗല്‍; പകരം യുവതാരം ഗോണ്‍സാലോ റാമോസ്
Football

ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗല്‍; പകരം യുവതാരം ഗോണ്‍സാലോ റാമോസ്

Web Desk
|
7 Dec 2022 12:17 AM IST

2008 ന് ശേഷം ഇതാദ്യമായാണ് ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്.

ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്‍റിനെതിരായ പോര്‍ച്ചുഗീസ് ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ഇലവനില്‍ ഇടംപിടിച്ചില്ല. ക്രിസ്റ്റ്യാനോക്ക് പകരം യുവതാരം ഗോണ്‍സാലോ റാമോസ് ടീമിലിടം നേടി. 2008 ന് ശേഷം ഇതാദ്യമായാണ് ഒരു മേജര്‍ ടൂര്‍ണമെന്‍റില്‍‌ ക്രിസ്റ്റ്യാനോ ഇല്ലാതെ പോര്‍ച്ചുഗല്‍ ആദ്യ ഇലവനെ പ്രഖ്യാപിക്കുന്നത്.

ലോകകപ്പില്‍ മോശം ഫോമില്‍ കളിക്കുന്ന ക്രിസ്റ്റ്യാനോക്കെതിരെ വിമര്‍ശനം കടുത്തിരുന്നു. ഇത് കൊണ്ടാണോ താരത്തെ ആദ്യ ഇലവനിൽ നിന്ന് പരിശീലകൻ ഒഴിവാക്കിയതെന്ന് വ്യക്തമല്ല

ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് പ്രീക്വാര്‍ട്ടറിലേക്ക് പോര്‍ച്ചുഗലിന്‍റെ വരവ്. എന്നാൽ അവസാന മത്സരത്തിൽ അട്ടിമറിയുടെ ചൂടറിഞ്ഞു പറങ്കിപ്പട. സൗത്ത് കൊറിയയോടായിരുന്നു പോർച്ചുഗലിന്റെ തോൽവി. രണ്ടാം പകുതിയുടെ ഇഞ്ച്വറി ടൈമിൽ നേടിയ ഗോളിൽ പോർച്ചുഗൽ പരാജയം വഴങ്ങുകയായിരുന്നു.

സ്വിസ് പൂട്ട് പൊട്ടിക്കാൻ കെൽപ്പുണ്ട് പോർച്ചുഗലിന്. കൊറിയക്കെതിരെയും ഘാനക്കെതിരെയും വീണു പോയ പ്രതിരോധമാണ് ആശങ്ക. മധ്യനിരയിൽ കാര്യമായ പ്രശ്നങ്ങളില്ല. ബ്രൂണോ ഫെർണാണ്ടസും, ബെർണാഡോ സിൽവയും, ജാവോ ഫെലിക്സും അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ക്രിസ്റ്റ്യാനോ റോണാൾഡോ കൂടി ഫോമിലേക്ക് എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. രണ്ട് തവണ മാത്രമെ പോർച്ചുഗൽ പ്രീക്വാർട്ടർ കടമ്പ കടന്നിട്ടുള്ളൂ. 1966ലും 2006ലുമായിരു അത്. നോക്കൗട്ടിൽ വീഴുക എന്നതാണ് കഴിഞ്ഞ കുറച്ച് ലോകകപ്പുകളിലായി പോർച്ചുഗലിൽ നിന്നുണ്ടാകുന്നത്. ഇക്കുറിയെങ്കിലും അതിന് മാറ്റം വരുത്താനുള്ള തീവ്ര പ്രയത്‌നത്തിലാണ് പറങ്കിപ്പട.

Similar Posts