< Back
Football
ഉസൈൻ ബോൾട്ട് തോറ്റുപോകും!; 36-ാം വയസ്സിൽ ഏഴു സെക്കൻഡിനിടെ 60 മീറ്റർ ഓടി ക്രിസ്റ്റ്യാനോ
Football

ഉസൈൻ ബോൾട്ട് തോറ്റുപോകും!; 36-ാം വയസ്സിൽ ഏഴു സെക്കൻഡിനിടെ 60 മീറ്റർ ഓടി ക്രിസ്റ്റ്യാനോ

Web Desk
|
6 Jun 2021 11:27 AM IST

സ്പെയിനിനെതിരെയുള്ള സൗഹൃദമത്സരത്തില്‍ 88-ാം മിനിറ്റിലായിരുന്നു സ്വപ്‌നതുല്യമായ സ്പ്രിന്റ്

ആധുനിക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നതിൽ തര്‍ക്കമില്ല. കളിമികവിനൊപ്പം കായിക ശേഷിയാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ഫിറ്റ്‌നസിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും സന്നദ്ധമല്ലെന്ന് ക്രിസ്റ്റ്യാനോയുടെ ശരീരം കണ്ടവർക്കറിയാം. വയസ്സ് 36 കഴിഞ്ഞിട്ടും കളിക്കളത്തിൽ പോർച്ചുഗൽ താരം ഒന്നാമനായി നിൽക്കുന്നതും അതു കൊണ്ടു തന്നെ.

യൂറോ കപ്പിന് മുമ്പോടിയായി സ്‌പെയിനിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ നടത്തിയ സ്പ്രിന്റാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. വെറും ഏഴു സെക്കൻഡിൽ 60 മീറ്റർ ദൂരമാണ് താരം പിന്നിട്ടത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ഇത്രയും ദൂരം ഓഫ് ദ ബോൾ റൺ നടത്തയെങ്കിലും സഹതാരത്തിൽ നിന്ന് ക്രിസ്റ്റ്യാനോയ്ക്ക് പന്തു ലഭിച്ചില്ല. കളിയുടെ 88-ാം മിനിറ്റിലായിരുന്നു സ്വപ്‌നതുല്യമായ സ്പ്രിന്റ്. മാഡ്രിഡിലെ വാൻഡ മെട്രോപൊളിറ്റൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിലേറെ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും താരത്തിന് ഗോൾ കണ്ടെത്താനായില്ല. മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

അത്‌ലറ്റികോ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടിൽ പതിനാലായിരത്തിലേറെ പേർ കളി കാണാനെത്തിയിരുന്നു. യൂറോ കപ്പിനുള്ള ഒരുക്കം എന്ന നിലയിലാണ് ഇത്രയും കൂടുതൽ പേർക്ക് നേരിട്ട് കളി കാണാനുള്ള സൗകര്യം ഒരുക്കിയിരുന്നത്. 68,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയമാണിത്.

Similar Posts