< Back
Football
മൈതാനത്ത് വീണ ലിസാൻഡ്രോ മാർട്ടിനെസിനെ തോളിലേറ്റി അർജൻ്റീനിയൻ താരങ്ങൾ
Football

മൈതാനത്ത് വീണ ലിസാൻഡ്രോ മാർട്ടിനെസിനെ തോളിലേറ്റി അർജൻ്റീനിയൻ താരങ്ങൾ

Web Desk
|
14 April 2023 9:10 PM IST

ഇതുപോലെയുള്ള പരസ്പര സ്നേഹവും കരുതലുമാണ് അർജൻ്റീനയുടെ സമീപകാല കിരീട നേട്ടങ്ങൾക്ക് കാരണമെന്നാണ് അർജൻ്റീന ആരാധകരുടെ അഭിപ്രായം

യൂറോപ്പ ലീഗ് മത്സരത്തിനിടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ലിസാൻഡ്രോ മാർട്ടിനെസ് മൈതാനത്ത് പരിക്ക് പറ്റി വീണപ്പോൾ താരത്തെ തോളിലേറ്റി എതിർ ടീം കളിക്കാരായ മാർക്കസ് അക്യുനയും ഗോൺസാലോ മൊണ്ടിയേലും. ക്വാർട്ടർ ഫൈനൽ ആദ്യ പാദ മത്സരത്തിൽ സെവില്ലയെ നേരിടുന്നതിനിടയിൽ 87- മിനുറ്റിലാണ് താരത്തിന് പരിക്കേറ്റത്. 87- മിനുട്ടിൽ പന്തുമായി മുന്നേറുന്നതിനിടയിൽ പെട്ടെന്ന് താരം ഗ്രൗണ്ടിൽ വീഴുകയായിരുന്നു.

മാർട്ടിനെസിന് പരിക്ക് പറ്റിയ ഉടൻ തന്നെ അർജൻ്റീനിയൻ ടീമിലെ സഹതാരങ്ങളായ അക്യുന, മൊണ്ടിയേൽ, ലൂക്കസ് ഒകാമ്പോസ് എന്നിവർ താരത്തിൻ്റെ അടുത്തേക്ക് ഓടിച്ചെന്ന് ആശ്വസിപ്പിച്ചു. നടക്കാൻ കഴിയാതിരുന്ന ദേശീയ ടീമിലെ സഹതാരത്തെ മാർക്കസ് അക്യുനയും ഗോൺസാലോ മൊണ്ടിയേലും തോളിലേറ്റി മൈതാനത്തിൻ്റെ പുറത്തേക്ക് കൊണ്ടു പോകുമ്പോൾ ഒകാമ്പോസും മാർട്ടിനെസിനെ ആശ്വസിപ്പിച്ച് കൂടെയുണ്ടായിരുന്നു.

സാമൂഹിക മാധ്യമങ്ങളിൽ അർജൻ്റീനിയൻ താരങ്ങളുടെ പ്രവൃത്തിക്ക് ആരാധകരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള പരസ്പര സ്നേഹവും കരുതലുമാണ് അർജൻ്റീനയുടെ സമീപകാല കിരീട നേട്ടങ്ങൾക്ക് കാരണമെന്നാണ് അർജൻ്റീന ആരാധകരുടെ അഭിപ്രായം.

ഇന്നലെ നടന്ന മത്സരം 2-2 എന്ന സ്കോറിൽ സമനിലയിലാണ് കലാശിച്ചത്. പിറന്ന നാല് ഗോളും യുണൈറ്റഡ് താരങ്ങളുടേതാണെങ്കിലും രണ്ടെണ്ണം ഓൺ ഗോളുകളായിരുന്നു. മാർസെൽ സാബിറ്റ്സറിൻ്റെ രണ്ടു ഗോളുകളുടെ (14,21) മികവിൽ യുണൈറ്റഡ് ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോൾ ലീഡെടുത്തിരുന്നു. എന്നാൽ 84 മിനുറ്റിൽ മലാസ്യയുടെയും ഇഞ്ചുറി സമയത്ത് ഹാരി മഗ്വയറിൻ്റെയും ഓൺ ഗോളുകൾ യുണൈറ്റഡിൻ്റെ വിജയം തട്ടിയകറ്റി.

താരത്തിനു അടുത്തയാഴ്‌ച്ച സെവിയ്യക്കെതിരായ രണ്ടാം പാദ മത്സരം നഷ്ടമാകുമെന്നാണ് റിപ്പോർട്ട്.

Similar Posts