< Back
Football
ഫൈവ് സ്റ്റാർ ഹാളണ്ട്; വമ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് ക്വാർട്ടറിൽ
Football

ഫൈവ് സ്റ്റാർ ഹാളണ്ട്; വമ്പൻ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി എഫ്.എ കപ്പ് ക്വാർട്ടറിൽ

Web Desk
|
28 Feb 2024 10:45 AM IST

അഞ്ച് ഗോൾ നേട്ടത്തോടെ ഒരു നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോർഡിനൊപ്പമെത്താനും യുവ താരത്തിനായി

ലണ്ടൻ: ഇംഗ്ലീഷ് എഫ് എ കപ്പിൽ ആധികാരിക ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ക്വാർട്ടറിൽ. നാലാം റൗണ്ടിൽ ലുട്ടൻ ടൗണിനെ (6-2) കീഴടക്കിയാണ് നിലവിലെ ചാമ്പ്യൻമാർ മറ്റൊരു കിരീടത്തിലേക്ക് അടുത്തത്. മത്സരത്തിൽ അഞ്ചു ഗോളുമായി സ്റ്റാർ സ്‌ട്രൈക്കർ എർലിങ് ഹാളണ്ട് ചരിത്രം കുറിച്ചു. ഒരു നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോർഡിനൊപ്പമാണ് യുവതാരം എത്തിയത്. 1926ലെ എഫ് എ കപ്പിൽ ക്രിസ്റ്റൽ പാലസിനെ 11-4 ന് പരാജയപ്പെടുത്തിയപ്പോൾ സിറ്റി താരം ഫ്രാങ്ക് റോബർട്ട്‌സ് മത്സരത്തിൽ അഞ്ച് ഗോളുകൾ നേടിയിരുന്നു. സമാനമായി 1930ൽ സ്വിന്റൺ ടൗണിനെതിരെ ബോബി മാർഷലും അഞ്ച് ഗോളുകൾ നേടിയരുന്നു. മാഞ്ചസ്റ്റർ സിറ്റിയിക്കായി ഹാലണ്ടിന്റെ എട്ടാം ഹാട്രിക്കാണിത്.

അഞ്ച് ഗോളിൽ നാലെണ്ണത്തിനും അസിസ്റ്റ് നൽകിയത് മധ്യനിര താരം കെവിൻ ഡിബ്രുയിനെയായിരുന്നു. സിറ്റിക്കായി രണ്ട് തവണ അഞ്ച് ഗോൾ നേട്ടമെന്ന റെക്കോർഡും ഹാലണ്ട് സ്വന്തമാക്കി. 3,18,40,55,58 മിനിറ്റുകളിലാണ് നോർവെ സ്‌ട്രൈക്കർ സിറ്റിക്കായി വലകുലുക്കിയത്. കൊവാസിചാണ് (72) മറ്റൊരു ഗോൾ നേടിയത്. ലുട്ടൻ ടൗണിനായി ജോർഡാൻ ക്ലാർക്ക് (45,52) ഇരട്ടഗോൾ നേടി. പരിക്കിന് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ഹാളണ്ടിന് കഴിഞ്ഞ മത്സരങ്ങളിൽ മികച്ചഫോമിലേക്കെത്താനായിരുന്നില്ല.

പലപ്പോഴും സുവർണാവസരങ്ങൾ താരം നഷ്ടപ്പെടുത്തി. എന്നാൽ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ലുട്ടൻടൗണിനെതിരെ താരം പുറത്തെടുത്തത്. നിലവിൽ എല്ലാ മത്സരങ്ങളിൽ നിന്നുമായി സിറ്റിയ്ക്കായി 27 ഗോളുകൾ താരം സ്‌കോർ ചെയ്തു. മറ്റൊരു മത്സരത്തിൽ ബൗൺമൗത്തിനെ എതിരില്ലാത്ത ഒരുഗോളിന് തോൽപിച്ച് ലെസ്റ്റർ സിറ്റിയും ബ്ലാക്ക് ബൗൺ റോവേഴ്‌സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് ന്യൂകാസിൽ യുണൈറ്റഡും ക്വാർട്ടർ പ്രവേശനമുറപ്പിച്ചു. മുഴുവൻ സമയവും ഇരുടീമുകളും ഓരോ ഗോൾവീതം നേടി സമനില പാലിക്കുകയായിരുന്നു.

Similar Posts