< Back
Football
യൂറോയിൽ ആദ്യ സമനില; ഡെൻമാർക്കിനെ പിടിച്ചുകെട്ടി സ്ലൊവേനിയ
Football

യൂറോയിൽ ആദ്യ സമനില; ഡെൻമാർക്കിനെ പിടിച്ചുകെട്ടി സ്ലൊവേനിയ

Sports Desk
|
16 Jun 2024 11:49 PM IST

എറിക്‌സനിലൂടെ ഡെൻമാർക്കും എറിക് ജാൻസയിലൂടെ സ്ലൊവേനിയയും വലകുലുക്കി

മ്യൂണിക്: യൂറോ കപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ ഡെൻമാർക്കിനെ സമനിലയിൽ തളച്ച് സ്ലൊവേനിയ. ഇരുടീമുകളും ഓരോ ഗോൾവീതം നേടി കൈകൊടുത്തു. 17ാം മിനിറ്റിൽ സൂപ്പർ താരം ക്രിസ്റ്റ്യൻ എറിക്‌സനിലൂടെ ഡാനിഷ് സംഘം വലകുലുക്കി. 77ാം മിനിറ്റിൽ എറിക് ജാൻസയിലൂടെ സ്ലൊവേനിയ ഒപ്പമെത്തി. യൂറോ 2024ലെ ആദ്യ സമനില മാച്ചാണിത്.

സ്റ്റാർട്ടിങ് വിസിൽ മുതൽ കളംനിറഞ്ഞു കളിച്ച ഡെൻമാർക്ക് എതിർബോക്‌സിലേക്ക് നിരന്തരം പന്ത് എത്തിച്ചു. കളിയുടെ ഗതിക്ക് അനുകൂലമായി 17ാം മിനിറ്റിൽ വലകുലുക്കി. ത്രോ സ്വീകരിച്ച് മുന്നേറിയ ജൊനാസ് വിൻഡ് ബോക്‌സിനുള്ളിൽ എറിക്‌സനെ ലക്ഷ്യമാക്കി പന്ത് മറിച്ചുനൽകി. മികച്ചൊരു ഷോട്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പന്ത് വലയിലേക്ക് പ്ലെയിസ് ചെയ്തു. ഗോൾ വീണതോടെ കൂടുതൽ ഉണർന്ന് കളിച്ച സ്ലൊവേനിയ ഒറ്റപ്പെട്ട നീക്കങ്ങളിലൂടെ ഡെൻമാർക്ക് ബോക്‌സിലെത്തി. എന്നാൽ കരുത്തുറ്റ ഡാനിഷ് പ്രതിരോധ നിരയെ ഭേദിക്കാനായില്ല.

രണ്ടാം പകുതിയിലും ഭൂരിഭാഗം സമയങ്ങളിലും പന്ത് കൈവശം വെച്ച് ഡെൻമാർക്ക് രണ്ടാം ഗോളിനുള്ള ശ്രമം നടത്തി. എന്നാൽ തന്ത്രങ്ങൾ മാറ്റിപരീക്ഷിച്ച് സ്ലൊവേനിയ ഒടുവിൽ സമനില പിടിച്ചു. 77ാം മിനിറ്റിൽ എറിക് ജാൻസ ഉതിർത്ത ബുള്ളറ്റ് ഷോട്ട് ഡെൻമാർക്ക് താരത്തിന്റെ ദേഹത്ത് തട്ടി വലതുളച്ചുകയറി. ഗോൾകീപ്പർ കാസ്പർ ഷ്‌മൈക്കറിന് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അവസാന മിനിറ്റുകളിൽ വിജയം പിടിക്കാനായി ഇരുടീമുകളും മുന്നേറിയെങ്കിലും മത്സരം സമനിലയിൽ അവസാനിച്ചു.

Similar Posts