< Back
Football
വിജയാഘോഷത്തിനിടെ മൊറാട്ടക്ക് കിട്ടിയത് എട്ടിന്റെ പണി,ഫൈനലിന് മുൻപേ സ്‌പെയിന് ആശങ്ക -വീഡിയോ
Football

വിജയാഘോഷത്തിനിടെ മൊറാട്ടക്ക് കിട്ടിയത് എട്ടിന്റെ പണി,ഫൈനലിന് മുൻപേ സ്‌പെയിന് ആശങ്ക -വീഡിയോ

Sports Desk
|
10 July 2024 5:48 PM IST

ഇതുവരെ യൂറോയിൽ ആറു മത്സരങ്ങളിൽ കളത്തിലിറങ്ങിയ മൊറാട്ട ഒരു ഗോളാണ് നേടിയത്.

മ്യൂണിക്: ഫ്രാൻസിനെതിരെ സെമി ഫൈനലിലെ വിജയാഘോഷത്തിനിടെ സ്പാനിഷ് നായകൻ അൽവാരോ മൊറാട്ടക്ക് കിട്ടിയത് എട്ടിന്റെ പണി. സഹതാരങ്ങൾക്കൊപ്പം ഫൈനൽ പ്രവേശനം ആഘോഷിക്കുന്നതിനിടെ ഓടിയെത്തിയ സെക്യൂരിറ്റി ഗാർഡ് സ്ലിപായി വീണത് താരത്തിന്റെ കാലിലേക്കായിരുന്നു. വേദനകൊണ്ട് പുളഞ്ഞ സ്‌പെയിൻ ക്യാപ്റ്റൻ താഴെ വീഴുകയും ചെയ്തു. പിന്നീട് മുടന്തിയാണ് മൈതാനത്തുനിന്ന് പുറത്തേക്ക് പോയത്. താരത്തിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.

സ്‌പെയിൻ കളിക്കാരുടെ അടുത്തേക്ക് ആരാധകർ വരുന്നത് തടയുന്നതിനായാണ് സ്‌പെയിന്റെ സെക്യൂരിറ്റി ജീവനക്കാരൻ അതിവേഗമെത്തിയത്. എന്നാൽ മൈതാനത്ത് അടിതെറ്റി മൊറാട്ടക്ക് നേരെ വന്നിടിക്കുകയായിരുന്നു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ മൊറാട്ടയോട് മാപ്പുപറഞ്ഞെങ്കിലും ഇടിയുടെ ആഘാതത്തിൽ താരം വേദനകൊണ്ടു പുളയുകയായിരുന്നു. മറ്റു താരങ്ങൾക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴും താരം വലിയ വേദനകൊണ്ട് പുളയുകയായിരുന്നു. ഫൈനൽ പോരാട്ടം മുന്നിനിൽക്കെ താരത്തിനേറ്റ പരിക്ക് സ്‌പെയിൻ ക്യാമ്പിനും ആശങ്ക സൃഷ്ടിക്കുന്നതാണ്.

ഫ്രാൻസിനെതിരെ ഗോളടിച്ചില്ലെങ്കിലും പ്രതിരോധത്തിലേക്കിറങ്ങി കളിച്ച മൊറാട്ട മികച്ച പ്രകടനമാണ് നടത്തിയത്. മത്സരശേഷം മൊറാട്ടയുടെ പ്രകടനത്തെ പരിശീലകൻ ലൂയിസ് ഡെല ഫുവന്റെ പ്രശംസിച്ചിരുന്നു. ജർമനിക്കെതിരായ മത്സരത്തിൽ പരിക്ക് കാരണം പെഡ്രിയെ സ്‌പെയിൻ ടീമിന് നേരത്തെതന്നെ നഷ്ടമായിരുന്നു.

Similar Posts