< Back
Football
ഒരൊറ്റ ഷോട്ടു പോലും ലക്ഷ്യത്തിലെത്തിച്ചില്ല; ഇത് മെസ്സിക്കു ശേഷമുള്ള ബാഴ്‌സ!
Football

ഒരൊറ്റ ഷോട്ടു പോലും ലക്ഷ്യത്തിലെത്തിച്ചില്ല; ഇത് മെസ്സിക്കു ശേഷമുള്ള ബാഴ്‌സ!

abs
|
15 Sept 2021 11:48 AM IST

ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ബാഴ്‌സയ്‌ക്കെതിരെ പതിനൊന്ന് ഗോളുകളാണ് ബയേൺ അടിച്ചുകൂട്ടിയത്

ലയണൽ മെസ്സിയെന്ന വന്മരം കൂടുവിട്ടതോടെ ബാഴ്‌സലോണ വീഴുകയാണോ? ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിൽ നിന്നേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഫുട്‌ബോൾ ആരാധകർ ഈ ചോദ്യം ഉന്നയിച്ചു തുടങ്ങി. അതിനവർക്ക് ന്യായവുമുണ്ട്. തൊണ്ണൂറു മിനിറ്റ് മുഴുവൻ കളിച്ചിട്ടും ബയേണിന്റെ ഗോൾ മുഖത്തേക്ക് ഒരു ഓൺ ടാർഗറ്റ് ഷോട്ടെടുക്കാൻ പോലും ഇന്നലെ ബാഴ്‌സ സ്‌ട്രൈക്കർമാർക്കായില്ല. തോൽവി എതിരില്ലാത്ത മൂന്നു ഗോളിനും. അതും സ്വന്തം തട്ടകമായ കാംപ് നൗവിൽ.

ചാമ്പ്യൻസ് ലീഗിലെ കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ ബാഴ്‌സയ്‌ക്കെതിരെ പതിനൊന്ന് ഗോളുകളാണ് ബയേൺ അടിച്ചുകൂട്ടിയത്. മടക്കാനായത് രണ്ട് ഗോളും. ഇന്നലത്തെ കളിയിൽ 47 ശതമാനം പന്തവകാശം ബാഴ്‌സക്കായിരുന്നു. 53 ശതമാനം ബയേൺ മ്യൂണിച്ചിനും. ലവൻഡോസ്‌കി, സാനെ, മുള്ളർ, മുസിയാല എന്നിവർ അടങ്ങുന്ന ജർമൻ മുന്നേറ്റ നിര ബാഴ്‌സ ഗോൾ മുഖത്തേക്ക് പായിച്ചത് 17 ഷോട്ടുകൾ. അതിൽ ഏഴെണ്ണം ഓർ ടാർഗറ്റ്. ബാഴ്‌സ ആകെ എടുത്തത് അഞ്ച് ഗോൾ ഷോട്ടാണ്. ഒന്നു പോലും ലക്ഷ്യത്തിലെത്തിയില്ല.


ആറു ഗോളുകൾക്ക് തോറ്റ മുൻ മത്സരത്തിൽ അഞ്ച് ഓൺ ടാർഗറ്റ് ഷോട്ടുകൾ ബാഴ്‌സയുടെ പേരിലുണ്ടായിരുന്നു. ബയേൺ എടുത്തിരുന്നത് 14 ഓൺ ടാർഗറ്റ് ഷോട്ടുകൾ. എന്നാൽ പന്തടക്കത്തിൽ എതിർ ടീമിനേക്കാൾ മേധാവിത്വം സ്പാനിഷ് ക്ലബിനുണ്ടായിരുന്നു. പാസിങ് അക്കുറസിയിലും പാസുകളിലും ഏതാണ്ട് ഒപ്പത്തിനൊപ്പം.

ചാമ്പ്യൻസ് ലീഗിൽ സ്വന്തം തട്ടകത്തിൽ കറ്റാലൻ ടീമിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്. ഇന്നലെ സൂപ്പർ താരങ്ങളായ റോബർട്ട് ലെവൻഡോസ്‌കിയും (56,85) മുള്ളറുമാണ് (34) ബയേണിനായി ഗോൾ നേടിയത്. ബാഴ്‌സയ്‌ക്കെതിരെയുള്ള മുള്ളറുടെ ഏഴാമത്തെ ഗോളായിരുന്നു 34-ാം മിനിറ്റിലേത്. ലെവൻഡോസ്‌കിയാണ് കളിയിലെ താരം.

'അവരായിരുന്നു മികച്ചവർ, അത് ഞങ്ങൾ മറച്ചുവയ്ക്കുന്നില്ല. തുറന്നു പറയട്ടെ ഞങ്ങൾ ഫേവറിറ്റുകല്ല' - മത്സര ശേഷം പ്രതിരോധ താരം ജെറാദ് പിക്വെ പറഞ്ഞ വാക്കുകളിലുണ്ട് ബാഴ്‌സ നേരിടുന്ന പ്രതിസന്ധിയുടെ ആഴം. അതിൽ ഒന്നാമത്തെ പ്രതി കോച്ച് റൊണാൾഡ് കൂമാൻ തന്നെ. തോൽവി തുടർക്കഥയാണ് എങ്കിൽ കൂമാൻ തെറിക്കാൻ ഇനി അധിക നാൾ കാത്തിരിക്കേണ്ടി വരില്ല.

Similar Posts