< Back
Football
ഷെഡ്യൂൾ പ്രകാരമേ ലോകകപ്പ് നടക്കുകയുള്ളൂ; ഉറപ്പിച്ച് പറഞ്ഞ് ഫിഫ പ്രസിഡന്റ്; ഫലസ്തീന്റെ പരാതിക്കുമേൽ നടപടിയുണ്ടാകില്ല
Football

'ഷെഡ്യൂൾ പ്രകാരമേ ലോകകപ്പ് നടക്കുകയുള്ളൂ'; ഉറപ്പിച്ച് പറഞ്ഞ് ഫിഫ പ്രസിഡന്റ്; ഫലസ്തീന്റെ പരാതിക്കുമേൽ നടപടിയുണ്ടാകില്ല

Sports Desk
|
20 March 2026 5:06 PM IST

സൂറിച്ച്: ലോകകപ്പ് മത്സരങ്ങൾ ഷെഡ്യൂൾ പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് ഉറപ്പിച്ച് പറഞ്ഞ് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റീനോ. നേരത്തെ ഇറാന്റെ മത്സരങ്ങളെ അമേരിക്കയിൽ നിന്ന് മാറ്റുവാനുള്ള അപേക്ഷ ഫിഫ തള്ളിയിരുന്നു. ഇസ്രയേലിനെതിരെ ഫലസ്തീൻ ഫുട്ബോൾ ഫെഡറേഷൻ നൽകിയ പരാതിയിൽ നടപടിയെടുക്കില്ലായെന്നും വ്യാഴാഴ്ച ചേർന്ന ഫിഫ കൗൺസിലിൽ തീരുമാനിച്ചു.

'നമുക്ക് ഒരു ഷെഡ്യൂളുണ്ട്' ഡിസംബറിൽ പ്രഖ്യാപിച്ച ഫിഫ ലോകകപ്പ് ഷെഡ്യൂൾ ചൂണ്ടിക്കാട്ടി ഇൻഫാന്റീനോ പറഞ്ഞു. ഷെഡ്യൂൾ പ്രകാരം തന്നെ ഫിഫ ലോകകപ്പ് മുന്നോട്ട് പോകണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. എന്നും പ്രെസിഡെൻ്റ് കൂട്ടിചേർത്തു.

ഇസ്രായേൽ ഫുട്ബോൾ ഫെഡറേഷനെതിരെ ഔദ്യോഗികമായി ഫലസ്തീൻ നൽകിയ പരാതിയിൽ നടപടിയൊന്നുമെടുക്കില്ല എന്നും ഫിഫ തീരുമാനിച്ചു. വെസ്റ്റ് ബാങ്കിലെ കുടിയേറ്റ മേഖലകളിൽ നിന്നുള്ള ടീമുകളെ ഇസ്രായേൽ ദേശീയ ലീഗിൽ കളിക്കാൻ അനുവദിക്കുന്നതിലൂടെ അവർ ഫിഫ ചട്ടങ്ങൾ ലംഘിക്കുകയാണെന്ന് ഫലസ്തീൻ ഫുട്ബോൾ അധികൃതർ കാലങ്ങളായി വാദിക്കുന്നു.

എന്നാൽ, ഫിഫ ചട്ടങ്ങളനുസരിച്ച്, വെസ്റ്റ് ബാങ്ക് ആരുടെ അധികാര പരിധിയിലാണെന്നുള്ള വിഷയത്തിൽ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇതിൽ നടപടിയൊന്നും എടുക്കേണ്ടതില്ലെന്ന് ഫിഫ അറിയിച്ചു. ഫുട്ബോളിന്റെയും ഫിഫ ലോകകപ്പിന്റെയും ശക്തി ഉപയോഗിച്ച് സമാധാനം പ്രചരിപ്പിക്കാൻ ശ്രമിക്കുമെന്നും നിലവിലുള്ള യുദ്ധങ്ങൾ കാരണം കഷ്ടത അനുഭവിക്കുന്നവർക്കൊപ്പമാണ് ഞങ്ങളെന്നും ഇന്ഫന്റീനോ കൂട്ടിച്ചേർത്തു.

Similar Posts