< Back
FIFA World Cup
സ്വിസ് പൂട്ട് പൊട്ടിച്ച് ബ്രസീൽ: പ്രീ ക്വാർട്ടറിൽ (1-0)
FIFA World Cup

സ്വിസ് പൂട്ട് പൊട്ടിച്ച് ബ്രസീൽ: പ്രീ ക്വാർട്ടറിൽ (1-0)

Web Desk
|
28 Nov 2022 8:37 PM IST

83ാം മിനുറ്റിൽ കാസിമിറോയാണ് ബ്രസീലിനായി ഗോൾ നേടിയത്

ദോഹ: ആദ്യ വിസിൽ മുഴുങ്ങിയത് മുതൽ സ്വിറ്റ്‌സർലാൻഡ് ഒരുക്കിയത് ഉഗ്രൻ പ്രതിരോധ കോട്ട. ആദ്യ പകുതിയിൽ കോട്ട ഭേദിക്കാൻ റിച്ചാർലിസണും വിനീഷ്യസ് ജൂനിയറും കിണഞ്ഞുപരിശ്രമിച്ചെങ്കിലും നടന്നില്ല. അതിനിടെ വിനീഷ്യസിലൂടെ ഒരു ഗോൾ നേടിയെങ്കിലും ഓഫ്‌സൈഡ് കെണിയിൽ കുരുങ്ങി. ഒടുവിൽ 83ാം മിനുറ്റിൽ കാസിമിറോയിലൂടെ ആ ഗോൾ വന്നു. അതോടെ ബ്രസീൽ പ്രീ ക്വാർട്ടറിൽ(1-0)

ആദ്യ മത്സരത്തിൽ സെർബിയയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കു കീഴടക്കിയ ബ്രസീല്‍ ജി ഗ്രൂപ്പില്‍ ആറു പോയിന്റുമായി ഒന്നാമതാണ്. ആദ്യ മത്സരം ജയിച്ച സ്വിറ്റ്സർലൻഡ് മൂന്നുപോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. അതിസുന്ദരമായാണ് കാസിമിറോ പന്ത് വലയിലെത്തിച്ചത്. ഇരു പകുതികളിലും സ്വിറ്റ്‌സർലാൻഡ് ഗോൾമുഖത്ത് പലവട്ടം പന്തുമായി ബ്രസീൽ എത്തി. എന്നാൽ ഗോൾ മാത്രം പിറന്നില്ല. ബ്രസീലായിരുന്നു കളം അറിഞ്ഞുകളിച്ചത്. പന്ത് അവകാശത്തിലും ഷോട്ട് ഓൺ ടാർഗറ്റിലുമെല്ലാം ബ്രസീലായിരുന്നു മുന്നിൽ. എന്നാൽ കിട്ടുന്ന അവസരങ്ങളിൽ പന്തുമായി സ്വിറ്റ്‌സാർലാൻഡ് എത്തിയെങ്കിലും ഗോളടിക്കാൻ ബ്രസീൽ അനുവദിച്ചില്ല.

52ാം മിനുറ്റിൽ ബ്രസീലിയൻ ഗോൾമുഖത്ത് അപകടം വിതച്ചൊരു പന്ത് സ്വിറ്റ്‌സർലാൻഡ് എത്തിച്ചെങ്കിലും ബ്രസീൽ പ്രതിരോധം തട്ടിമാറ്റി. തുടർന്നും സ്വിറ്റ്‌സർലാൻഡിന്റെ മുന്നേറ്റം. എന്നാൽ 55ാം മിനുറ്റിൽ വിനീഷ്യസ് ജൂനിയർ ബോക്‌സിനകത്തേക്ക് നീട്ടിനൽകിയൊരു പന്ത് കാൽവെക്കേണ്ട ചുമതലയെ റിച്ചാർലിസണുണ്ടായിരുന്നുള്ളൂ. എന്നാൽ പന്തിലേക്ക് കാല്‍വെക്കാന്‍ താരത്തിനായില്ല. ബ്രസീൽ ആരാധകർ തലയിൽ കൈവെച്ച നിമിഷം.

ബ്രസീൽ മുന്നേറ്റത്തെ ആദ്യ പകുതിയിൽ സമർത്ഥമായാണ് സ്വിറ്റ്‌സർലാൻഡ് തടഞ്ഞ്. ഗോൾകീപ്പർ സോമറുടെ പ്രകടനവും ആദ്യ ഘട്ടത്തില്‍ സ്വിറ്റ്‌സർലാൻഡിന് തുണയായി. ആദ്യ പകുതി അവസാനിച്ചപ്പോൾ ഇരു ടീമിനും ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. റിച്ചാർലിസണനും വിനീഷ്യസ് ജൂനിയറും സ്വിറ്റ്‌സർലാൻഡ് ബോക്‌സിനുള്ളിൽ കയറിയിറങ്ങിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

അതേസമയം കൗണ്ടർ അറ്റാക്കിലൂടെയും അല്ലാതെയും സ്വിറ്റ്‌സർലാൻഡും തിരിച്ചടിച്ചു. ആദ്യ 20 മിനിറ്റ് പിന്നിട്ടപ്പോള്‍ ഗോൾപോസ്റ്റിലേക്ക് ഒരു ഷോട്ട് പോലും ഉതിർക്കാന്‍ ബ്രസീലിനും സ്വിറ്റ്സർലൻഡിനും കഴിഞ്ഞിരുന്നില്ല. 26ാം മിനിറ്റിൽ റഫീഞ്ഞോയുടെ മനോഹരമായൊരു ക്രോസ് വിനീഷ്യസ് ജൂനിയറിന്റെ കാലുകളിലേക്ക്. ഞൊടിയിടയിൽ വലക്കുള്ളിലേക്ക് തട്ടിയെങ്കിലും ഗോൾകീപ്പറുടെ അവസരോചിതമായ ഇടപെടൽ കാരണം പന്ത് പുറത്തേക്ക്. 31-ാം മിനിറ്റില്‍ റഫീഞ്ഞോയുടെ മികച്ച ലോങ് റേഞ്ചര്‍ ഗോള്‍കീപ്പര്‍ യാന്‍ സോമര്‍ കൈയ്യിലൊതുക്കി.

ടീം ലൈനപ്പ് ഇങ്ങനെ...

ഗ്രൂപ്പ് ജിയിലെ നിർണായക പോരാട്ടത്തിൽ ബ്രസീലിന്റേയും സ്വിറ്റ്‌സർലന്റിന്റേയും ലൈനപ്പായി. ബ്രസീൽ 4-3-3 ശൈലിയിലാണ് ടീമിനെ അണിനിരത്തിയിരിക്കുന്നത്. 4-2-3-1 ശൈലിയിലാണ് സ്വിറ്റ്‌സർലന്റ് ടീമിനെ അണിനിരത്തിയിരിക്കുന്നത്. പരിക്കേറ്റ നെയ്മറിനും ഡാനിലോക്കും പകരക്കാരായി ഫ്രെഡും മിലിറ്റാവോയും ബ്രസീല്‍ ടീമില്‍ ഇടംപിടിച്ചു.

ബ്രസീൽ ടീം: അലിസൺ,അലക്‌സാൻഡ്രോ,തിയാഗോ സിൽവ,മാർക്വിനോസ്,മിലിറ്റാവോ, പക്വേറ്റ,കസമിറോ,ഫ്രെഡ്,റഫീഞ്ഞ,റിച്ചാർലിസൺ,വിനീഷ്യസ്

സ്വിറ്റ്‌സർലന്റ് ടീം- യാൻ സോമർ, റോഡ്രിഗസ്,എൽവെഡി,അകാഞ്ചി,വിഡ്‌മെർ, ഫ്രൂളർ,ഷാക, വർഗാസ്, സോ, റീഡർ, എംബോളോ

ടൂർണമെന്റ് ഫേവറിറ്റുകൾ എന്ന വിശേഷണം ഒറ്റക്കളി കൊണ്ട് അന്വർത്ഥമാക്കിയാണ് കാനറികൾ സ്വിറ്റ്‌സർലൻഡിനെതിരെ ഇറങ്ങുന്നത്. എന്നാൽ, സൂപ്പർതാരം നെയ്മറിന്റെയും പ്രതിരോധത്തിൽ ഡാനിലോയുടെയും പരിക്ക് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. സെര്‍ബിയക്കെതിരായ മത്സരത്തിനിടെ നെയ്മറിന് കണങ്കാലിനായിരുന്നു പരിക്കേറ്റത്. സെർബിയൻ താരം മിലെൻകോവിച്ചിന്റെ ടാക്ലിങ്ങിനിടെയാണ് നെയ്മറിന് കാലിന് പരിക്കേറ്റത്. പിന്നീട് നെയ്മറെ പിൻവലിച്ച് ബ്രസീൽ ആന്റണിയെ കളത്തിലിറക്കുകയായിരുന്നു.

ഡാനിലോയ്ക്കും കണങ്കാലിനാണ് പരിക്ക്. ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലെസ്മാൻ താരങ്ങൾക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 100 ശതമാനം ശാരീരിക ക്ഷമതയോടെ നെയ്മറിനെ തങ്ങൾക്ക് വേണമെന്ന് സെർബിയയ്‌ക്കെതിരായ മത്സരത്തിൽ ബ്രസീലിനായി സ്‌കോർ ചെയ്ത റിച്ചാലിസൺ പറഞ്ഞിരുന്നു.

ബ്രസീലിന്റെ യുവത്വത്തെ പ്രതിരോധപ്പൂട്ടിട്ട് തളയ്ക്കാമെന്നാണ് സ്വിസ് ടീമിന്റെ പ്രതീക്ഷ. ഷാക്കയും ഷാക്കിരിയും എംബോളോയും നയിക്കുന്ന മുന്നേറ്റവും വലയ്ക്ക് പിന്നിൽ സോമറിന്റെ സാന്നിധ്യവും അവരുടെ സ്വപ്നങ്ങൾക്ക് നിറംപകരുന്നു.

Related Tags :
Similar Posts