< Back
Football
ഏഴ് തുടർ തോൽവികൾക്ക് ശേഷം തകർപ്പൻ ജയവുമായി കൊച്ചി
Football

ഏഴ് തുടർ തോൽവികൾക്ക് ശേഷം തകർപ്പൻ ജയവുമായി കൊച്ചി

Sports Desk
|
23 Nov 2025 10:33 PM IST

കണ്ണൂർ: ഏഴ് തുടർ തോൽവികൾക്ക് ശേഷം ഗോൾ വർഷിച്ച തകർപ്പൻ ജയവുമായി ഫോഴ്‌സ കൊച്ചി എഫ്സി.സൂപ്പർ ലീഗ് കേരളയുടെ എട്ടാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിയെ അവരുടെ ഗ്രൗണ്ടിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കൊച്ചി തകർത്തു വിട്ടത്. വിജയികൾക്കായി നിജോ ഗിൽബെർട്ട് രണ്ടും സജീഷ്, അബിത്ത് എന്നിവർ ഓരോ ഗോളുമടിച്ചു. കണ്ണൂരിന്റെ ആശ്വാസ ഗോൾ മുഹമ്മദ്‌ സിനാന്റെ ബൂട്ടിൽ നിന്ന്. സെമി കാണാതെ നേരത്തെ തന്നെ പുറത്തായ കൊച്ചിക്ക് എട്ട് കളികളിൽ മൂന്നു പോയിന്റ് മാത്രമാണുള്ളത്. ഇത്രയും കളികളിൽ 10 പോയന്റുള്ള കണ്ണൂർ അഞ്ചാം സ്ഥാനത്ത്. സെമി ഫൈനൽ യോഗ്യതക്ക് കണ്ണൂരിന് ശേഷിക്കുന്ന രണ്ട് കളികൾ നിർണായകമാണ്.

നാലാം മിനിറ്റിൽ ജവഹർ സ്റ്റേഡിയത്തിൽ കണ്ണൂരാണ് ആദ്യം ഗോൾ നേടിയത്. ഇടതു വിങിലൂടെ മുന്നേറി ക്യാപ്റ്റൻ അഡ്രിയാൻ സെർഡിനറോ ഉയർത്തി നൽകിയ പന്ത് എബിൻ ദാസ് പോസ്റ്റിലേക്ക് ലക്ഷ്യം വെച്ചു. കൊച്ചി ഗോളി ജയ്മി ജോയ് തടുത്തിട്ട പന്ത് മുഹമ്മദ്‌ സിനാൻ ഗോളാക്കി മാറ്റി (1-0). ലീഗിൽ അണ്ടർ 23 താരത്തിന്റെ മൂന്നാം ഗോൾ. പതിനഞ്ചാം മിനിറ്റിൽ പതിനാലാം നമ്പർ ജർസിയണിഞ്ഞ സജീഷ് കൊച്ചിക്ക് സമനില നൽകി. നിജോ ഗിൽബെർട്ടിന്റെ കോർണർ കിക്കിന് തലവെച്ചായിരുന്നു സജീഷിന്റെ ഗോൾ (1-1).

കളി അരമണിക്കൂർ പിന്നീടും മുൻപ് കൊച്ചിയുടെ ഡച്ച് താരം റൊണാൾഡ് വാൻ കെസൽ പരിക്കേറ്റ് മടങ്ങി. പകരമെത്തിയത് ശ്രീരാജ്. പിന്നാലെ കണ്ണൂരിന്റെ കരീം സാമ്പ് നടത്തിയ രണ്ട് ഗോൾ ശ്രമങ്ങൾ ലക്ഷ്യം കാണാതെ പോയി. മുപ്പത്തിനാലാം മിനിറ്റിൽ കൊച്ചി ലീഡെടുത്തു. പകരക്കാരൻ ശ്രീരാജ് വലതു വിങിലൂടെ മുന്നേറി നൽകിയ പാസ് അജിൻ സെറ്റ് ചെയ്തു നൽകിയപ്പോൾ നിജോ ഗിൽബെർട്ട് ഗോളിക്ക് ഒരവസരവും നൽകാതെ പന്തിനെ പോസ്റ്റിലേക്ക് യാത്രയാക്കി (1-2).

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റിനകം കൊച്ചി വീണ്ടും സ്കോർ ചെയ്തു. ഗിഫ്റ്റി ഗ്രേഷ്യസ് നൽകിയ പന്തുമായി കുതിച്ച നിജോ ഗിൽബെർട്ട് രണ്ട് പ്രതിരോധക്കാരെ വെട്ടിയൊഴിഞ്ഞ ശേഷം കർവിങ് ഷോട്ടിലൂടെ കണ്ണൂരിന്റെ പോസ്റ്റിൽ പന്തെത്തിച്ചു (1-3). ലവ്സാംബക്ക് പകരം സയ്യിദ് നിദാലിനെ കൊണ്ടുവന്ന കണ്ണൂർ ആക്രമണങ്ങൾ ശക്തമാക്കി. അറുപത്തിമൂന്നാം മിനിറ്റിൽ കൊച്ചിയുടെ ബോക്സിന് തൊട്ടു പുറത്തു നിന്ന് കണ്ണൂരിന് ഫ്രീകിക്ക് ലഭിച്ചു. അർജന്റീനക്കാരൻ നിക്കോളാസ് എടുത്ത കിക്ക് പോസ്റ്റിനെ തൊട്ടുരുമ്മി പുറത്തേക്ക് പോയി. പകരക്കാരനായി കളത്തിലെത്തിയ അണ്ടർ 23 താരം അബിത്ത് അറുപത്തിയാറാം മിനിറ്റിൽ സ്കോർ ചെയ്തതോടെ കൊച്ചിയുടെ ലീഡ് (1-4) ലേക്ക് ഉയർന്നു.

ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ അഡ്രിയാൻ സെർഡിനറോ നേടിയ ഏക ഗോളിന് കണ്ണൂർ കൊച്ചിയെ തോൽപ്പിച്ചിരുന്നു. മഴയെ അവഗണിച്ച് 9029 കാണികൾ മത്സരം കാണാനായി ഗ്യാലറിയിലെത്തി.

തിങ്കളാഴ്ച എട്ടാം റൗണ്ടിലെ അവസാന മത്സരത്തിൽ കാലിക്കറ്റ്‌ എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്.

Similar Posts