< Back
Football
‘വെറുപ്പ് കണ്ട് വെറുത്തു’; ഇലോൺ മസ്കിന്റെ ‘എക്സ്’ ഒഴിവാക്കുന്നതായി ജർമൻ ഫുട്ബോൾ ക്ലബ്
Football

‘വെറുപ്പ് കണ്ട് വെറുത്തു’; ഇലോൺ മസ്കിന്റെ ‘എക്സ്’ ഒഴിവാക്കുന്നതായി ജർമൻ ഫുട്ബോൾ ക്ലബ്

Sports Desk
|
14 Nov 2024 9:26 PM IST

ബെർലിൻ: സമൂഹമാധ്യമമായ ‘എക്സ്’ അക്കൗണ്ട് നിർത്തുന്നതായി പ്രഖ്യാപിച്ച് ജർമൻ ഫുട്ബോൾ ക്ലബ് സെന്റ് പോളി. ‘എക്സ്’ ​വെറുപ്പുൽപാദിപ്പിക്കുന്ന യന്ത്രമാണെന്നും ജർമൻ തെരഞ്ഞെടുപ്പിനെ ഇത് സ്വാധീനിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ക്ലബ് ‘എക്സ്’ അക്കൗണ്ട് ഒഴിവാക്കിയത്. ആരാധകരോട് സമൂഹമാധ്യമമായ ‘Bluesky’യിലേക്ക് ചേക്കാറാനും ക്ലബ് ആവശ്യപ്പെട്ടിട്ടുണ്ട്.

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രമ്പിന്റെ വിജയത്തിന് അനുകൂലമാകുന്ന തരത്തിൽ തീവ്രവലതുപക്ഷ ആശയങ്ങളും വംശീയതയും പ്രചരിപ്പിക്കാൻ കൂട്ടുനിന്നെന്ന എക്സിനെതിരെയുള്ള വിമർശനം കനക്കുന്നതിനിടെയാണ് ക്ലബിന്റെ തീരുമാനം. ​ട്രമ്പിന്റെ സുഹ്യത്തും അനുയായിയുമായ ഇലോൺ മസ്ക് 2022ലാണ് സമൂഹമാധ്യമമായ ട്വിറ്ററിനെ ഏറ്റെടുത്തത്. തുടർന്ന് 2023 ജൂലൈ മുതൽ ‘എക്സ്’ എന്ന പേരിലേക്ക് മാറ്റിയിരുന്നു. ട്രമ്പ് ​അമേരിക്കൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഗവൺമെന്റിന്റെ എഫിഷ്യൻസി ഡി​പ്പാർട്മെന്റിന്റെ ചുമലക്കാരനായി മസ്കിനെ തെരഞ്ഞെടുത്തിരുന്നു.

അടുത്ത വർഷം ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ജർമൻ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടി മുന്നേറ്റമുണ്ടാക്കുമെന്ന സൂചനകളുണ്ട്. ഇതിനിടെയാണ് പരമ്പരാഗതമായി ഇടതുപക്ഷ ആശയങ്ങൾ പിന്തുടരുന്ന ക്ലബിന്റെ തീരുമാനം.

250,000 ഫോളോവേഴ്സുള്ള അക്കൗണ്ടിൽ തുടർന്ന് പോസ്റ്റ് ചെയ്യില്ലെന്നും ഡാറ്റകൾക്ക് വേണ്ടി അക്കൗണ്ട് ഡിലീറ്റാകാതെ സൂക്ഷിക്കുമെന്നും ക്ലബ് പ്രസ്താവനയിൽ പറഞ്ഞു.ഏതാനും ദിവസങ്ങൾക്ക് മുമ്പ് ​പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ ‘ദി ഗാർഡിയനും’ എക്സിൽ പോസ്റ്റുകൾ ചെയ്യില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.

Similar Posts