< Back
Football
PSG’s Gianluigi Donnarumma and partner attacked and robbed at Paris home, Gianluigi Donnarumma recounts robbery at Paris home, Gianluigi Donnarumma robbery, Gianluigi Donnarumma

ഡോണറുമ്മയും പങ്കാളി അലെസിയ എലെഫാന്‍റെയും

Football

'കെട്ടിയിട്ടതിനാൽ എനിക്കൊന്നും ചെയ്യാനാകുമായിരുന്നില്ല; അലെസിയയെ ആലോചിച്ച് പേടിച്ചിരിക്കുകയായിരുന്നു'; നടുക്കുന്ന ഓർമകൾ പറഞ്ഞ് ഡോണറുമ്മ

Web Desk
|
23 July 2023 5:15 PM IST

ഇതിനുമുൻപ് പി.എസ്.ജി താരങ്ങളായിരുന്ന ഏഞ്ചൽ ഡി മരിയയും മാർക്വിനോസും തിയാഗോ സിൽവയും മൗറോ ഇക്കാർഡിയുമല്ലൊം പാരിസില്‍ കവര്‍ച്ചയ്ക്കിരയായിട്ടുണ്ട്

പാരിസ്: ഫ്രഞ്ച് തലസ്ഥാനത്തെ വീട്ടിൽ നടന്ന കവർച്ചയുടെ നടുക്കുന്ന ഓർമകൾ വെളിപ്പെടുത്തി പി.എസ്.ജിയുടെ ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻലൂയ്ജി ഡോണറുമ്മ. പുലർച്ചെ മൂന്ന് മണിക്ക് വീട്ടിൽ ഇങ്ങനെ ആളുകളെ കാണുന്ന അനുഭവം അതിഭീകരമായിരുന്നുവെന്ന് താരം വെളിപ്പെടുത്തി. തന്നെ കെട്ടിയിട്ട ശേഷം പങ്കാളിയായ അലെസിയ എലെഫാന്റെയെക്കൊണ്ട് വീട്ടിലുള്ള വിലപിടിപ്പുള്ള വസ്തുക്കളെല്ലാം കൊള്ളസംഘം എടുത്തുകൊണ്ടുപോയെന്നും താരം വെളിപ്പെടുത്തി.

'അലെസിയയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നായിരുന്നു എന്റെ പേടി. നിസ്സഹായനായിരുന്നു ഞാൻ. കയറിൽ കെട്ടിയിട്ടതിനാൽ എനിക്ക് ഒന്നും ചെയ്യാനാകുമായിരുന്നില്ല. ഫ്രഞ്ച് ഭാഷയിൽ വലിയ പ്രാവീണ്യമില്ലാത്തതും വില്ലനായി. എന്തൊക്കെ, എവിടെയൊക്കെയാണെന്നെല്ലാം അവർക്ക് വിശദീകരിച്ചുകൊടുക്കാൻ ഏറെ ബുദ്ധിമുട്ടി'ഡോണറുമ്മ വെളിപ്പെടുത്തി.

തന്നെ കെട്ടിയിട്ട ശേഷം അലെസിയയിൽനിന്നു നിർബന്ധിച്ച് വീട്ടിലെ വിലപിടിപ്പുള്ള വസ്തുക്കളെല്ലാം പിടിച്ചുകൊണ്ടുപോകുകയായിരുന്നു കൊള്ളസംഘമെന്ന് താരം പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ല. അന്വേഷണത്തിനു വേണ്ടി വീട് ഒഴിയേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ ഒരു ഹോട്ടലിലാണ് കഴിയുന്നതെന്നും ഡോണറുമ്മ അറിയിച്ചു.

ഈ മാസം 21നു പുലർച്ചെയാണ് പാരിസിലെ എട്ടാം ജില്ലാ പരിധിയിലുള്ള ഡോണറുമ്മയുടെ ഫ്ളാറ്റിൽ കവർച്ചാസംഘം അതിക്രമിച്ചുകയറിയത്. വാതിൽ തകർത്ത് അകത്തുകടന്ന സംഘം താരത്തെ നഗ്നനാക്കി കെട്ടിയിടുകയും മർദിക്കുകയും ചെയ്തു. ആക്രമണത്തിൽ ഡോണറുമ്മയ്ക്കു പരിക്കേറ്റിട്ടുണ്ട്. സ്വർണാഭരണങ്ങൾ ഉൾപ്പെടെ അഞ്ചുലക്ഷം യൂറോ(ഏകദേം 4.56 കോടി രൂപ)യുടെ വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയ ശേഷമാണ് സംഘം സ്ഥലംവിട്ടത്.

അക്രമിസംഘം രക്ഷപ്പെട്ട ശേഷം പുലർച്ചെ 3.20ഓടെ ഫ്ളാറ്റിനു തൊട്ടടുത്തുള്ള ഹോട്ടലിലെത്തി സഹായം തേടുകയായിരുന്നു ഡോണറുമ്മയും പങ്കാളിയും. ഉടൻ ഹോട്ടൽ ജീവനക്കാർ പൊലീസിൽ വിവരമറിയിച്ചു. ഹോട്ടലിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം താരത്തെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് വിവരം.

ഇതാദ്യമായല്ല പി.എസ്.ജി താരങ്ങൾ കവർച്ചയ്ക്കിരയാകുന്നത്. ഇതിനുമുൻപ് സൂപ്പർ താരങ്ങളായിരുന്ന ഏഞ്ചൽ ഡി മരിയയും മാർക്വിനോസും തിയാഗോ സിൽവയും മൗറോ ഇക്കാർഡിയുമല്ലൊം കൊള്ളയ്ക്കിരയായിട്ടുണ്ട്.

Summary: 'I was tied up and helpless' - Gianluigi Donnarumma recounts horrifying robbery at Paris home

Similar Posts