< Back
Football
ഇടങ്കാൽ, വലങ്കാൽ, തല... ക്രിസ്റ്റ്യാനോ ഗോൾ കണ്ടെത്തുന്ന വിധം
Football

ഇടങ്കാൽ, വലങ്കാൽ, തല... ക്രിസ്റ്റ്യാനോ ഗോൾ കണ്ടെത്തുന്ന വിധം

Sports Desk
|
2 Sept 2021 11:21 AM IST

പഴകുന്തോറും വീര്യം കൂടി വരുന്ന വീഞ്ഞാണ് ക്രിസ്റ്റ്യാനോ എന്നതാണ് അതിലേറെ അതിശയകരം

അന്താരാഷ്ട്ര ഫുട്‌ബോളിൽ ഏറ്റവും കൂടുതൾ ഗോൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണോൾഡോ. ഇന്നലെ അയർലൻഡിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നേടിയ രണ്ടു ഗോളുകളോടെ 111 ഗോളുകളാണ് ഇപ്പോൾ താരത്തിന്റെ പേരിലുള്ളത്. ഗോൾനേട്ടത്തിൽ ഇറാന്റെ അലിദായിയെ (109) ആണ് ക്രിസ്റ്റ്യാനോ പിന്തള്ളിയത്.

'ഞാൻ ആഹ്ലാദവാനാണ്. റെക്കോർഡു കൊണ്ടു മാത്രമല്ല. ഇത് ഞങ്ങളുടെ പ്രത്യേക നിമിഷമാണ്. കളിയിൽ വിജയിക്കുമെന്ന് അവസാന നിമിഷം വരെ ഉറപ്പുണ്ടായിരുന്നു.' - ക്രിസ്റ്റ്യാനോ പറഞ്ഞു. 89-ാം മിനിറ്റ് വരെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് പോർച്ചുഗല്‍ രണ്ടു ഗോൾ തിരിച്ചടിച്ച് കളി സ്വന്തമാക്കിയത്. 45-ാം മിനിറ്റിൽ ജോൺ എഗാനാണ് അയർലൻഡിന് വേണ്ടി ഗോൾ നേടിയത്. 89-ാം മിനിറ്റിലും അധിക സമയത്തിന്റെ ആറാം മിനിറ്റുമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ.

ശരീരം കൊണ്ട് കളിക്കുന്ന താരം

കളത്തിൽ ശരീരത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന താരമാണ് ക്രിസ്റ്റ്യാനോ. അടിച്ചുകൂട്ടിയ ഗോളുകൾ തന്നെ അതിനു സാക്ഷ്യം. 111 ഗോളുകളിൽ ക്രിസ്റ്റ്യാനോ തല കൊണ്ട് നേടിയത് 27 എണ്ണമാണ്. വലങ്കാൽ കൊണ്ട് 59 എണ്ണവും ഇടങ്കാൽ കൊണ്ട് 25 എണ്ണവും. ഓപൺ പ്ലേയിലൂടെ 87 ഗോൾ കണ്ടെത്തിയപ്പോൾ ഫ്രീകിക്കുകൾ ലക്ഷ്യത്തിലെത്തിച്ചത് പത്തു തവണ. 14 ഗോളുകൾ പെനാൽറ്റിയിൽ നിന്നാണ്.



തലച്ചോറിനൊപ്പം വന്യമായ കരുത്തും വേഗവുമാണ് ക്രിസ്റ്റ്യാനോയുടെ കൈമുതൽ. അവസാന വിസിൽ ഊതിക്കഴിയുന്നതു വരെ നീണ്ടു നിൽക്കുന്ന ആത്മവിശ്വാസവും. ഇറ്റാലിയൻ സീരി എയിൽ നിന്ന് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ടൂർണമെന്റായ പ്രീമിയർ ലീഗിലേക്ക് കൂടുമാറാനുള്ള താരത്തിന്റെ തീരുമാനത്തിന് പിന്നിലും ഈ ആത്മവിശ്വാസം തന്നെ. ലയണൽ മെസ്സി ലാ ലീഗയിൽ നിന്ന് താരതമ്യേന ദുർബലമായ ഫ്രഞ്ച് ലീഗ് പോകുമ്പോഴാണ് ക്രിസ്റ്റ്യാനോ പ്രീമിയർ ലീഗ് തെരഞ്ഞെടുക്കുന്നത്.

അന്താരാഷ്ട്ര ഫുട്‌ബോളിൽ മാത്രമല്ല, യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവും ക്രിസ്റ്റ്യാനോയാണ്. ചാമ്പ്യൻസ് ലീഗിലെ ടോപ് സ്‌കോററും (134) റയൽ മാഡ്രിഡിന്റെ ടോപ് സ്‌കോററും (451) മുപ്പത്തിയാറുകാരൻ തന്നെ.


പഴകുന്തോറും വീര്യം കൂടി വരുന്ന വീഞ്ഞാണ് ക്രിസ്റ്റ്യാനോ എന്നതാണ് അതിലേറെ അതിശയകരം. മുപ്പത് വയസ്സു തികയുന്നതിന് മുമ്പ് 52 ഗോളുകൾ മാത്രമാണ് താരം നേടിയത്. അതിന് 118 കളികൾ വേണ്ടി വന്നു. മുപ്പതിന് ശേഷം അടിച്ചുകൂട്ടിയത് 59 ഗോളുകൾ, വെറും 62 മത്സരത്തിൽനിന്ന്. കരിയറിൽ ഇതുവരെ 785 ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.

2001ൽ പോർച്ചുഗൽ അണ്ടർ 15 ടീമിലൂടെയാണ് റോണോ അന്താരാഷ്ട്ര കരിയർ ആരംഭിച്ചത്. പതിനെട്ടാം വയസ്സിൽ കസാഖിസ്താനെതിരെ സീനിയർ ടീമിൽ അരങ്ങേറി. ഇതിഹാസ താരം ലൂയി ഫിഗോയ്ക്ക് പകരക്കാരനായായിരുന്നു അരങ്ങേറ്റം. ഫിഗോയ്ക്ക് ശേഷം പറങ്കിപ്പടയുടെ കപ്പിത്താനായതും ക്രിസ്റ്റ്യാനോ തന്നെ. പോർച്ചുഗൾ സീനിയർ ടീമിനായി ഒന്നര ദശാബ്ദക്കാലയളവിൽ ഇതുവരെ 180 മത്സരങ്ങളിൽ താരം കളത്തിലിറങ്ങിയിട്ടുണ്ട്.

Similar Posts