< Back
Football
വിജയം കൈവിട്ട് ഇന്ത്യ, അഫ്ഗാനെതിരെ സമനില
Football

വിജയം കൈവിട്ട് ഇന്ത്യ, അഫ്ഗാനെതിരെ സമനില

Sports Desk
|
15 Jun 2021 9:28 PM IST

75-ാം മിനിറ്റിൽ ഗോളി അസീസിയുടെ സെൽഫ് ഗോളിലൂടെ ഇന്ത്യയാണ് ആദ്യം മുമ്പിലെത്തിയത്‌

ദോഹ: ലോകകപ്പ്, എഎഫ്‌സി യോഗ്യതാ റൗണ്ടിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യയ്ക്ക് സമനില. ഓരോ ഗോൾ വീതം സ്‌കോർ ചെയ്താണ് ഇരുടീമുകളും തുല്യത പാലിച്ചത്. രണ്ടാം പകുതിയിലാണ് രണ്ടുഗോളുകളും പിറന്നത്. സമനിലയോടെ ഇന്ത്യ എ.എഫ്.സി ഏഷ്യാ കപ്പിന് യോഗ്യത നേടി.

75-ാം മിനിറ്റിൽ ഗോളി അസീസിയുടെ സെൽഫ് ഗോളിലൂടെയാണ് ഇന്ത്യ മുന്നിലെത്തിയത്. ബോക്‌സിന് വെളിയിൽ നിന്ന് മലയാളി വിങ്ങർ ആഷിഖ് കുരുണിയൻ ഉയർത്തി നൽകിയ ക്രോസ് അസീസിയുടെ കൈയിൽ നിന്ന് വഴുതി അവിശ്വസനീയമായ രീതിയിൽ വലയിൽ കയറുകയായിരുന്നു.

എന്നാൽ ഇന്ത്യയുടെ ആഹ്ലാദത്തിന് ഏറെ ആയുസ്സുണ്ടായില്ല. 82-ാം മിനിറ്റിൽ ഹുസൈൻ സമാനിയിലൂടെ അഫ്ഗാൻ സമനില ഗോൾ നേടി. ഇന്ത്യൻ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മികച്ച ഫിനിഷിലൂടെയാണ് പകരക്കാരനായി വന്ന ഹുസൈൻ ഗോൾ കണ്ടെത്തിയത്.

ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയ ആഷിഖ് കുരുണിയൻ കളിയിൽ ഉടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആഷിഖിന്റെ കാലിൽ പന്തു കിട്ടുമ്പോഴെല്ലാം എതിർഗോൾ മുഖത്തേക്ക് പന്തെത്തി. എന്നാൽ സ്‌ട്രൈക്കർമാർക്ക് അവസരം മുതലാക്കാനായില്ല. എന്നാൽ 81-ാം മിനിറ്റിൽ ആഷിക് പരിക്കേറ്റു പുറത്തു പോയി. പകരമെത്തിയ ബിപിൻ സിങ്ങിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

പന്തടക്കത്തിലും പൊസിഷനിങ്ങിലും ഇന്ത്യയേക്കാൾ ഒരുപടി മുമ്പിലായിരുന്നു അഫ്ഗാൻ താരങ്ങൾ. ഫിനിഷിങ്ങിലെ പോരായ്മകളാണ് അവരുടെ വിജയം തടഞ്ഞത്. വലയ്ക്ക് കീഴിൽ പതിവു പോലെ ഗുർപ്രീത് സിങ് സന്ധുവും മികച്ച ഫോമിലായിരുന്നു.

Similar Posts