< Back
Football
തോറ്റു, മൂന്നെണ്ണത്തിന്: ബെലാറസിനെതിരായ സൗഹൃദത്തിലും  ഇന്ത്യക്ക് നിരാശ
Football

തോറ്റു, മൂന്നെണ്ണത്തിന്: ബെലാറസിനെതിരായ സൗഹൃദത്തിലും ഇന്ത്യക്ക് നിരാശ

Web Desk
|
27 March 2022 7:00 AM IST

മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബെലാറസ് ആണ് രണ്ടാം മത്സരത്തിൽ ഇന്ത്യയെ തോൽപിച്ചത്.

ബഹ്‌റൈനിൽ നടന്ന ഇന്ത്യയുടെ രണ്ടാം സൗഹൃദ മത്സരത്തിലും ഇന്ത്യക്ക് തോൽവി. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് ബെലാറസ് ആണ് രണ്ടാം മത്സരത്തിൽ ഇന്ത്യയെ തോൽപിച്ചത്. ആദ്യ മത്സരത്തിൽ 2-1ന് ബഹ്‌റൈനും ഇന്ത്യയെ തോൽപിച്ചിരുന്നു. ഇതോടെ ബഹ്‌റൈനിൽ നടന്ന സൗഹൃദ മത്സരങ്ങളിൽ സമ്പൂർണ തോൽവിയുമായി ഇന്ത്യക്ക് മടങ്ങാം. റാങ്കിങിൽ ഇന്ത്യയെക്കാൾ പത്ത് സ്ഥാനം മുന്നിലാണ് ബെലാറസ്.

ഐഎസ്എൽ പകിട്ടുമായി എത്തിയ ഇഗോർ സ്റ്റിമാച്ചിനും സംഘത്തിനും കാര്യമായ വെല്ലുവിളി ഉയർത്താനായില്ല. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നന്നായി തുടങ്ങാനായി എന്നത് ആശ്വസിക്കാം. അതിന്റെ തെളിവായിരുന്നു ആദ്യ പകുതി. അറ്റാക്കിങ് ഫുട്‌ബോൾ കളിച്ച ബെലാറസിനെ ഗോളടിപ്പിക്കാതെ ഒന്നാം പകുതി ഇന്ത്യ അവസാനിപ്പിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബെലാറസ് മികച്ച കളി പുറത്തെടുത്തപ്പോൾ ഇന്ത്യൻ വലക്കുള്ളിൽ എത്തിയത് മൂന്ന് ഗോളുകൾ.

48ാം മിനുറ്റിൽ ആർട്ട്യോം ബേകോവാണ് ആദ്യം ഇന്ത്യൻ വലയിൽ പന്ത് എത്തിച്ചത്. 20 മിനുറ്റുകൾക്കിപ്പുറം രണ്ടാം ഗോളും വന്നു. ആൻഡ്രെ സോളോവിയായിരുന്നു ഇന്ത്യൻ പ്രതിരോധ നിരയെ വെട്ടിച്ച് ഇത്തവണ സ്‌കോർ ചെയ്തത്. ഇഞ്ച്വറി ടൈമിൽ ഗ്രൊമികോ മൂന്നാം ഗോളും നേടി ബെലാറസിന്റെ ഗോൾ വേട്ട അവസാനിപ്പിച്ചു . 2023 എഎഫ്‌സി ഏഷ്യൻ കപ്പിന് മുന്നോടിയായുളള ഇന്ത്യയുടെ അവസാന സൗഹൃദ മത്സരമാണ് കഴിഞ്ഞത്. മികച്ച റിസൾട്ടുണ്ടാക്കാനായില്ലെങ്കിലും ഒരു യൂറോപ്യൻ ടീമിനെതിരെ കളിച്ചതിന്റെ ഗുണം ഏഷ്യൻ കപ്പിലുണ്ടാക്കാമെന്നാണ് ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷ.

അതേസമയം കേരള ബ്ലാസ്റ്റേഴ്സ് താരം ഹോർമിപാം ഇന്ത്യക്കായി തന്റെ സീനിയർ അരങ്ങേറ്റം നടത്തി. മലയാളി താരം വി.പി സുഹൈർ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു. ബഹ്റൈനെതിരായ മത്സരത്തിലും സുഹൈര്‍ കളിച്ചിരുന്നു.

Related Tags :
Similar Posts