< Back
Football
എന്നും ഇങ്ങനെയാവണം ഇന്ത്യ: വൈറലായി ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളുടെ ചിത്രം
Football

'എന്നും ഇങ്ങനെയാവണം ഇന്ത്യ': വൈറലായി ഇന്ത്യൻ ഫുട്‌ബോൾ താരങ്ങളുടെ ചിത്രം

Web Desk
|
27 March 2022 2:07 PM IST

മലയാളി താരം വിപി സുഹൈർ, ഹോർമിപാം, മൻവീർ സിങ് എന്നിവർ ടച്ച് ലൈനിന് തൊട്ടടുത്ത് നിന്ന് പ്രാർത്ഥിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.

ബെലറൂസിനെതിരെയുള്ള സൗഹൃദ ഫുട്‌ബോൾ മത്സരത്തിന് മുമ്പ് ഇന്ത്യൻ താരങ്ങൾ പ്രാർത്ഥിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. മലയാളി താരം വിപി സുഹൈർ, ഹോർമിപാം, മൻവീർ സിങ് എന്നിവർ ടച്ച് ലൈനിന് തൊട്ടടുത്ത് നിന്ന് പ്രാർത്ഥിക്കുന്ന ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ബെലറൂസുമായുള്ള മത്സരത്തിന് മുമ്പുള്ളതാണ് ചിത്രം.

ഇതാണ് എന്റെ ഇന്ത്യ, എന്റെ ഇന്ത്യ ഇനിയെന്നും ഇങ്ങനെയാവണം എന്ന അടിക്കുറിപ്പോടെ നിരവധി ആളുകളാണ് ചിത്രം പങ്കുവെക്കുന്നത്. മണിപ്പൂരുകാരനും കേരള ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഹോർമിപാമിന്റെ ആദ്യ അന്താരാഷ്ട്ര മത്സരം ആയിരുന്നു ബെലറൂസിനെതിരെ. ആഭ്യന്തര-ക്ലബ് മത്സരങ്ങളിലെ മികവാണ് താരത്തെ ദേശീയ ടീമിലേക്ക് എത്തിച്ചത്. അതേസമയം നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ മലയാളി താരം വിപി സുഹൈറും ഇക്കഴിഞ്ഞ സൗഹൃദ മത്സരത്തിലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്.

ബഹ്‌റൈനെതിരായ മത്സരത്തിലായിരുന്നു സുഹൈറിന്റെ അരങ്ങേറ്റം. ബെലറൂസിനെതിരെയുള്ള മത്സരം സുഹൈറിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര മത്സരമാണ്. എടികെ മോഹൻ ബഗാൻ താരമാണ് പഞ്ചാബുകാരനായ മൻവീർ സിങ്. വിവിധ ടൂർണമെന്റുകളിൽ 2017 മുതൽ ഇന്ത്യക്കായി പന്ത് തട്ടുന്നുണ്ട് മൻവീർ സിങ്. അതേസമയം മത്സരത്തില്‍ ഇന്ത്യ തോറ്റു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബെലറൂസ് ഇന്ത്യയെ തോല്‍പിച്ചത്. ആദ്യ മത്സരത്തിൽ 2-1ന് ബഹ്‌റൈനും ഇന്ത്യയെ തോൽപിച്ചിരുന്നു. ഇതോടെ ബഹ്‌റൈനിൽ നടന്ന സൗഹൃദ മത്സരങ്ങളിൽ സമ്പൂർണ തോൽവിയുമായാണ് ഇന്ത്യക്ക് മടങ്ങുന്നത്.

റാങ്കിങിൽ ഇന്ത്യയെക്കാൾ പത്ത് സ്ഥാനം മുന്നിലാണ് ബെലറൂസ്. 2023 എഎഫ്‌സി ഏഷ്യൻ കപ്പിന് മുന്നോടിയായുളള ഇന്ത്യയുടെ അവസാന സൗഹൃദ മത്സരമാണ് കഴിഞ്ഞത്. മികച്ച റിസൾട്ടുണ്ടാക്കാനായില്ലെങ്കിലും ഒരു യൂറോപ്യൻ ടീമിനെതിരെ കളിച്ചതിന്റെ ഗുണം ഏഷ്യൻ കപ്പിലുണ്ടാക്കാമെന്നാണ് ഇന്ത്യൻ സംഘത്തിന്റെ പ്രതീക്ഷ.

Related Tags :
Similar Posts