< Back
Football
First Intercontinental Cup; Real Madrid kiss the crown
Football

പ്രഥമ ഇന്റർ കോണ്ടിനെന്റൽ കപ്പ്; കിരീടത്തിൽ മുത്തമിട്ട് റയൽ മാഡ്രിഡ്

Sports Desk
|
19 Dec 2024 9:57 AM IST

സ്പാനിഷ് ക്ലബിനായി കിലിയൻ എംബാപ്പെ(37), റോഡ്രിഗോ(53),വിനീഷ്യസ് ജൂനിയർ(84) എന്നിവർ വലകുലുക്കി.

ദോഹ: പ്രഥമ ഫിഫ ഇന്റർകോണ്ടിനെന്റൽ കപ്പ് കിരീടത്തിൽ മുത്തമിട്ട് റയൽ മാഡ്രിഡ്. ഖത്തറിലെ ലുസെയിൽ സ്റ്റേഡിയത്തിൽ നടന്ന ആവേശഫൈനലിൽ മെക്സിക്കൻ ക്ലബ് പച്ചുകയെ എതിരില്ലാത്ത മൂന്ന് ഗോളിന് കീഴടക്കിയാണ് റയൽ ചാമ്പ്യന്മാരായത്.സ്പാനിഷ് ക്ലബിനായി കിലിയൻ എംബാപ്പെ(37), റോഡ്രിഗോ(53),വിനീഷ്യസ് ജൂനിയർ(84) എന്നിവർ വലകുലുക്കി.

ആദ്യ പകുതിയിൽ എംബാപെയുടെ മികച്ച ഗോളിലൂടെ റയൽ മുന്നിലെത്തി. 37-ാം മിനിറ്റിൽ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ നൽകിയ ക്രോസിലാണ് ഫ്രഞ്ച് താരം വലകുലുക്കിയത്. രണ്ടാം പകുതിയുടെ ആദ്യ പത്തുമിനിറ്റുള്ളിൽ റോഡ്രിഗോയിലൂടെ ലോസ് ബ്ലാങ്കോസ് രണ്ടാം ഗോളും സ്വന്തമാക്കി. 53-ാം മിനിറ്റിൽ എംബാപ്പെയുടെ പാസിൽ നിന്നായിരുന്നു ബ്രസീലിയൻ വലകുലുക്കിയത്. 'വാർ' പരിശോധനകൾക്കു ശേഷമായിരുന്നു ഗോൾ അനുവദിച്ചത്.

84-ാം മിനിറ്റിൽ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് വിനീഷ്യസ് ജൂനിയറും ഗോൾ പട്ടികയിൽ ഇടംപിടിച്ചു. റയലിന്റെ ലൂകാസ് വാസ്‌കസിനെ പച്ചുക താരം ഇദ്രിസി ഫൗൾ ചെയ്തതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. ഇതോടെ മൂന്ന് ഗോളുകളുടെ ആധികാരിക വിജയവുമായി റയൽ കിരീടം സ്വന്തമാക്കി.

Similar Posts