< Back
Football
Asian Cup Football; Iran football team in silent protest by not singing national anthem
Football

ഏഷ്യൻകപ്പ് ഫുട്‌ബോൾ; ദേശീയ ഗാനം ആലപിക്കാതെ നിശബ്ദ പ്രതിഷേധവുമായി ഇറാൻ ഫുട്‌ബോൾ ടീം

Sports Desk
|
3 March 2026 10:15 PM IST

ഏഷ്യൻ ഫുട്‌ബോൾ വേദിയിൽ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് താരങ്ങൾ പ്രതിഷേധിച്ചത്.

സിഡ്‌നി: വനിതാ ഏഷ്യൻ കപ്പ് ഫുട്‌ബോൾ ഉദ്ഘാടന മത്സരത്തിന് മുന്നോടിയായി ദേശീയ ഗാനം ആലപിക്കാതെ മൗനം പാലിച്ച് ഇറാൻ വനിതാ ഫുട്‌ബോൾ ടീം. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലെ സിബസ് സൂപ്പർ സ്റ്റേഡിയത്തിൽ ഉച്ചഭാഷിണിയിലൂടെ ദേശീയ ഗാനം മുഴങ്ങിയെങ്കിലും ഏറ്റുചൊല്ലാൻ ഇറാൻ വനിതാ ടീം അംഗങ്ങൾ തയാറായില്ല. ഇസ്രായേൽ-അമേരിക്കൻ സഖ്യത്തിന്റെ ഇറാനെതിരായ അക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നിശബ്ദ പ്രതിഷേധവുമായി ഇറാൻ താരങ്ങൾ രംഗത്തെത്തിയത്. ഗ്രൂപ്പ് എയിൽ സൗത്ത് കൊറിയക്കെതിരായ മത്സരത്തിന് മുന്നോടിയായാണ് മൗനമായി പ്രതിഷേധിച്ചത്.

അതേസമയം, കളിക്ക് മുൻപായി നടത്തിയ വാർത്താസമ്മേളനത്തിൽ അന്തരിച്ച ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാനഈയുടെ വിയോഗവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഇറാൻ ടീം പരിശീലകൻ മർസിയോ ജാഫരിയോ പ്രതികരിക്കാൻ തയാറായില്ല. ഇറാനെതിരെ യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് മുൻപായി ടീം അംഗങ്ങൾ ഓസ്‌ട്രേലിയയിൽ എത്തിയിരുന്നു. അതേസമയം, രാജ്യത്ത് വലിയ പ്രശ്‌നങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ടൂർണമെന്റിൽ പങ്കെടുക്കാനുള്ള ഫുട്‌ബോൾ താരങ്ങളുടെ ധൈര്യത്തെ ഇതിനകം വലിയ പ്രശംസപിടിച്ചുപറ്റിയിട്ടുണ്ട്.

മത്സരത്തിൽ ദക്ഷിണ കൊറിയ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഇറാനെ തോൽപ്പിച്ചിരുന്നു. തോൽവി വഴങ്ങിയെങ്കിലും ടീം പ്രകടനത്തിൽ സംതൃപ്തനാണെന്ന് കോച്ച് വ്യക്തമാക്കി. ഏഷ്യയിലെ കരുത്തരുടെ സംഘമായ കൊറിയക്കെതിരെ മികച്ച പ്രകടനം നടത്താനായെന്നും അടുത്ത മത്സരത്തിൽ ടീം ശക്തമായി തിരിച്ചെത്തുമെന്നും മർസിയോ ജാഫരി വ്യക്തമാക്കി. സംഘർഷ പശ്ചാത്തലത്തിൽ വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ ഇറാൻ പങ്കെടുക്കുമോയെന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

Similar Posts