< Back
Sports
പന്തിന് അപകടമുണ്ടായത് അറിഞ്ഞത് ഗ്യാലറിയിലിരുന്ന ആരാധകര്‍ പറഞ്ഞ്; ഇഷന്‍ കിഷന്‍റെ വീഡിയോ വൈറല്‍
Sports

പന്തിന് അപകടമുണ്ടായത് അറിഞ്ഞത് ഗ്യാലറിയിലിരുന്ന ആരാധകര്‍ പറഞ്ഞ്; ഇഷന്‍ കിഷന്‍റെ വീഡിയോ വൈറല്‍

Web Desk
|
2 Jan 2023 3:03 PM IST

ഡൽഹി-ഹരിദ്വാർ ഹൈവേയിൽ കഴിഞ്ഞയാഴ്ചയുണ്ടായ അപകടത്തിലാണ് പന്തിന് ഗുരുതരമായി പരിക്കേറ്റത്

കാറടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് സുഖമായി തിരിച്ചു വരാനുള്ള പ്രാര്‍ഥനകളിലാണ് ക്രിക്കറ്റ് ലോകം. ഡൽഹി-ഹരിദ്വാർ ഹൈവേയിൽ കഴിഞ്ഞയാഴ്ച നടന്ന അപകടത്തിലാണ് പന്തിന് ഗുരുതരമായി പരിക്കേറ്റത്. ഡിവൈഡർ റെയിലിംഗിൽ ഇടിച്ച കാർ കത്തിയമരുകയായിരുന്നു.ഡെറാഡൂണിൽ നിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ വെച്ചാണ് അപകടമുണ്ടായത്.

ഇന്ത്യന്‍‌ താരം ഇഷാന്‍ കിഷന്‍ റിഷബ് പന്തിന്‍റെ അപകട വാര്‍ത്തയറിഞ്ഞത് ഗാലറിയില്‍ നിന്ന് ആരാധകര്‍ പറഞ്ഞാണ്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി കളിക്കുന്ന കിഷന്‍ സെര്‍വീസസിനെതിരായ മത്സരത്തിനിടെ ആരാധകര്‍ക്കടുക്കലേക്ക് നടന്നു വന്നു. ആരാധകര്‍ക്കൊപ്പം നിന്ന് സെല്‍ഫി എടുത്ത് കൊണ്ടിരിക്കെയാണ് ഗാലറിയിലിരുന്നൊരു ആരാധകന്‍ പന്തിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിവരം ഇഷാന്‍ കിഷനെ അറിയിക്കുന്നത്. ഇത് കേട്ടയുടന്‍ ഞെട്ടലോടെ തിരിഞ്ഞു നോക്കുന്ന കിഷന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

പരിക്കേറ്റ പന്ത് ഡെറാഡൂൺ മാക്സ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. മുഖത്തും ശരീരത്തിന്റെ പുറംഭാഗത്തും ഉണ്ടായ മുറിവുകളും പോറലുകളും പരിഹരിക്കാനാണ് താരത്തെ പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കിയത്.അപകടത്തില്‍ താരത്തിന്റെ നെറ്റിയില്‍ രണ്ട് മുറിവുകളുണ്ടായിരുന്നു. ഇതോടൊപ്പം താരത്തിന്റെ വലത് കൈത്തണ്ട, കണങ്കാല്‍, കാല്‍വിരല്‍ എന്നിവിടങ്ങളിലും പരിക്കുണ്ട്.

താരത്തിന്റെ ലിഗമെന്റ് ഇൻജുറിയും ഡോക്ടർമാർ വിലയിരുത്തുന്നുണ്ട്. അതേസമയം ആരോഗ്യ നിലയിൽ തൃപ്തി അറിയിച്ച് ആശുപത്രി അധികൃതര്‍ മെ‍ഡിക്കൽ ബുള്ളറ്റിന്‍ പുറത്തിറക്കി. പന്തിന്റെ വാഹനം ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിച്ചതിനു ശേഷം കാർ കത്തിനശിച്ചു. വാഹനത്തിന്റെ ഗ്ലാസ് തകർത്താണ് ഋഷഭ് പന്ത് പുറത്തിറങ്ങിയത്.


Similar Posts