< Back
Football
എക്‌സ്ട്രാ ടൈം ത്രില്ലർ; ഈസ്റ്റ് ബംഗാളിനെ തകർത്ത് ഗോവ
Football

'എക്‌സ്ട്രാ ടൈം ത്രില്ലർ'; ഈസ്റ്റ് ബംഗാളിനെ തകർത്ത് ഗോവ

Web Desk
|
12 Oct 2022 10:02 PM IST

ഗോൾ വഴങ്ങിയതിന് പിന്നാലെ ഗോവ ആക്രമണത്തിന്റെ തീവ്രത വർധിപ്പിച്ചു

കൊൽക്കത്ത: എക്‌സ്ട്രാ ടൈം ത്രില്ലറിൽ ഈസ്റ്റ് ബംഗാളിനെ തകർത്ത് ഗോവ. ഈസ്റ്റ് ബംഗാളിന്റെ തട്ടകമായ യുവഭാരതി സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഗോവയുടെ ജയം. തുടക്കം മുതൽ ഇരു ടീമുകളും ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്.



ഇതിന്റെ ഫലമായി 7ാം മിനുറ്റിൽ ഗോവ മുന്നിലെത്തി. ബ്രണ്ടൻ ഫെർണാണ്ടസാണ് ഗോവയ്ക്കായി വലകുലുക്കിയത്. പിന്നീട് സമനില പിടിക്കാൻ ഈസ്റ്റ് ബംഗാളും ഗോൾനില ഉയർത്താൻ ഗോവയും ആക്രമിച്ച് കളിച്ചെങ്കിലും ആദ്യ പകുതിയിൽ കൂടുതൽ ഗോൾ കണ്ടെത്താൻ സാധിച്ചില്ല.



രണ്ടാം പകുതിയിലും ഇരുടീമുകളും ആക്രമണ ഫുട്‌ബോളാണ് പുറത്തെടുത്തത്. ഇതിന്റെ ഫലമായി ഈസ്റ്റ് ബംഗാൾ 64ാം മിനുറ്റിൽ ഒപ്പമെത്തി. ഈസ്റ്റ് ബംഗാളിന്റെ മലയാളിതാരം വി.പി സുഹൈറിനെ ഗോവയുടെ ഗോൾ കീപ്പർ ധീരജ് സിങ് ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി സെൽറ്റൻ സിൽവ വലയിലെത്തിക്കുകയായിരുന്നു.



ഗോൾ വഴങ്ങിയതിന് പിന്നാലെ ഗോവ ആക്രമണത്തിന്റെ തീവ്രത വർധിപ്പിച്ചു. മത്സരം സമനിലയിൽ കലാശിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാന മിനുറ്റിൽ എദു ബേദിയ എടുത്ത ഫ്രീകിക്ക് ഈസ്റ്റ് ബംഗാളിന്റെ കീപ്പറെയും മറികടന്ന് വലയിലെത്തി. ഇതോടെ ആദ്യമത്സരത്തിൽ തന്നെ ഗോവ വിജയവും സ്വന്തമാക്കി. മത്സരിച്ച രണ്ട് മത്സരങ്ങളിലും തോൽവി ഏറ്റുവാങ്ങിയ ഈസ്റ്റ് ബംഗാൾ ഇതോടെ പോയിന്റ് പട്ടികയിൽ അവസാനക്കാരായി.

Related Tags :
Similar Posts