< Back
Football
Brizan Fernandez with a double; Goas impressive win over Bagan, 2-1
Football

ഇരട്ടഗോളുമായി ബ്രിസൻ ഫെർണാണ്ടസ്; ബഗാനെതിരെ ഗോവക്ക് തകർപ്പൻ ജയം, 2-1

Sports Desk
|
20 Dec 2024 10:26 PM IST

തോൽവി നേരിട്ടെങ്കിലും മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു

ഫത്തോഡ: ഐഎസ്എല്ലിൽ മോഹൻബഗാനെതിരെ എഫ്.സി ഗോവക്ക് ജയം. ബ്രിസെൻ ഡ്യൂബെൻ ഫെർണാണ്ടസിന്റെ ഇരട്ടഗോൾ മികവിലാണ് സ്വന്തം തട്ടകമായ ഫത്തോഡ സ്‌റ്റേഡിയത്തിൽ ജയം സ്വന്തമാക്കിയത്. ബഗാനായി ദിമിത്രി പെട്രറ്റോസ് ആശ്വാസ ഗോൾ നേടി. തോൽവി നേരിട്ടെങ്കിലും ബഗാൻ പോയന്റ് ടേബിളിൽ ഒന്നാംസ്ഥാനത്ത് തുടരുന്നു. ഗോവ മൂന്നാം സ്ഥാനത്തേക്കുയർന്നു.

സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന രണ്ട് ടീമുകൾ നേർക്കുനേർവന്ന മത്സരം ആവേശകരമായി. ആക്രമണ-പ്രത്യാക്രമണവുമായി ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 12ാം മിനിറ്റിൽ ഗോവ നിർണായക ലീഡെടുത്തു. ബോറ ഹെരേരെയുടെ അസിസ്റ്റിലായിരുന്നു ഫെർണാണ്ടസിന്റെ ഗോൾ. ആദ്യപകുതിയിൽ ഗോൾ മടക്കാനുള്ള ബഗാന്റെ നീക്കങ്ങൾ ഫലംകണ്ടില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗോവക്കെതിരെ സമനില പിടിക്കാൻ സന്ദർശർക്കായി. 55ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ദിമിത്രി പെട്രറ്റോസ് വലകുലുക്കി. എന്നാൽ 68ാം മിനിറ്റിൽ വീണ്ടും ഹെരേര-ഫെർണാണ്ടസ് കൂട്ടുകെട്ടിൽ ബഗാൻ ഗോൾവലകുലുങ്ങി. അവസാന മിനിറ്റുകളിൽ ആഷിക് കുരുണിയനെയടക്കം കളത്തിലിറക്കി കളിപിടിക്കാനായി ബഗാൻ ശ്രമിച്ചെങ്കിലും ഗോവൻ പൂട്ട് പൊളിക്കാനായില്ല.

Similar Posts