< Back
Football
ഇന്നലെ ആരെങ്കിലും ജയം അർഹിച്ചിരുന്നെങ്കിൽ അത് ഞങ്ങൾ മാത്രമാണ്: ജംഷഡ്പൂർ കോച്ച്
Football

ഇന്നലെ ആരെങ്കിലും ജയം അർഹിച്ചിരുന്നെങ്കിൽ അത് ഞങ്ങൾ മാത്രമാണ്: ജംഷഡ്പൂർ കോച്ച്

Sports Desk
|
27 Dec 2021 6:56 PM IST

'കേരളബ്ലാസ്‌റ്റേഴ്‌സിന് മികച്ച താരങ്ങളുണ്ട്. അത് കളിയുടെ തുടക്കത്തിൽ ഞങ്ങളെ ഒരൽപ്പം ആശങ്കയിലാക്കിയിരുന്നു'

കേരളാ ബ്ലാസ്‌റ്റേഴ്‌സുമായുള്ള മത്സരത്തിൽ വിജയം അർഹിച്ചിരുന്നത് ജംഷഡ്പൂർ എഫ്.സി യാണെന്ന് കോച്ച് ഓവൻ കോയെൽ. ഇരുടീമുകളും മനോഹരമായി കളിച്ചെങ്കിലും വിജയം അർഹിച്ചിരുന്നത് തങ്ങളാണ് എന്നും ഒരുപാട് മികച്ച അവസരങ്ങൾ തങ്ങൾക്ക് ലഭിച്ചെങ്കിലും അവ മുതലാക്കാനായില്ലെന്നും കോയെൽ പറഞ്ഞു.

'കേരളബ്ലാസ്‌റ്റേഴ്‌സിന് മികച്ച താരങ്ങളുണ്ട്. അത് കളിയുടെ തുടക്കത്തിൽ ഞങ്ങളെ ഒരൽപ്പം ആശങ്കയിലാക്കിയിരുന്നു. പക്ഷേ കളിയാരംഭിച്ചപ്പോൾ ആരും ജയിക്കാം എന്ന അവസ്ഥയിലേക്ക് മാറി. എന്നാൽ വിജയം അർഹിച്ചിരുന്നത് ഞങ്ങളായിരുന്നു' കോയല്‍ പറഞ്ഞു. ഗ്രെക് സ്റ്റുവർട്ട് മനോഹരമായി കളിച്ചെന്നും അദ്ദേഹം ടീമിന്റെ നട്ടെല്ലാണെന്നും കോയല്‍ കൂട്ടിച്ചേര്‍ത്തു.

ഐ.എസ്.എല്ലില്‍ ഇന്നലെ ജംഷഡ്പൂര്‍ എഫി.സി കേരള ബ്ലാസ്റ്റേഴ്സ് ആവേശപ്പോരാട്ടം സമനിലയില്‍ കലാശിച്ചിരുന്നു. ഇരു ടീമുകളും ഓരോഗോളുകള്‍ വീതം നേടി. ജംഷഡ്പൂരിനായി ഗ്രേക് സ്റ്റുവര്‍ട്ട് സ്കോര്‍ ചെയ്തപ്പോള്‍ ബ്ലാസ്റ്റേഴ്സിനായി മലയാളി താരം സഹല്‍ അബ്ദുസ്സമദാണ് സ്കോര്‍ ചെയ്തത്. മത്സരത്തില്‍ റഫറിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. 37-ാം മിനിറ്റില്‍ വാസ്‌ക്വസിന്റെ ഷോട്ട് ബോക്‌സില്‍ വെച്ച് ജംഷഡ്പൂർ താരത്തിന്റെ കൈയില്‍ തട്ടിയിരുന്നെങ്കിലും റഫറി ബ്ലാസ്റ്റേഴ്സിന് പെനാല്‍ട്ടി അനുവദിച്ചില്ല.

Similar Posts