< Back
Football
കലാശപ്പോരില്‍ കണ്ണുംനട്ട്; ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ
Football

കലാശപ്പോരില്‍ കണ്ണുംനട്ട്; ഐ.എസ്.എല്‍ ആദ്യപാദ സെമിയില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ

Sports Desk
|
11 March 2022 7:49 AM IST

ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല

ഐഎസ്എല്‍ ആദ്യപാദ സെമിയിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങും. ഗോവയിൽ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്‍റെ എതിരാളികള്‍. ആറ് വർഷത്തിന് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിന്റെ സെമി കളിക്കുന്നത്.

തൊട്ടതെല്ലാം പിഴച്ച സീസണുകൾ, പൊട്ടിത്തകർന്ന സ്വപ്നങ്ങൾ. ഇവക്കൊക്കെ ശേഷം ആറ് വർഷത്തെ ഇടവേള കഴിഞ്ഞാണ് മഞ്ഞപ്പട സെമി ഫൈനലിന് യോഗ്യത നേടുന്നത്. മുമ്പ് സെമിയില്‍ കടന്നപ്പോഴൊക്കെ കലാശപ്പോരിന് യോഗ്യത നേടിയ കൊമ്പന്മാര്‍ ഇക്കുറി ഒരിക്കൽ കൂടി കലാശപ്പോരിൽ കണ്ണുവക്കുന്നുണ്ട്. വുക്കമനോവിച്ചിന്‍റെ കീഴിൽ ആരെയും വീഴ്ത്താൻപോന്ന സംഘമായി മാറിക്കഴിഞ്ഞു ഇന്ന് കൊമ്പന്മാര്‍.

ഗോൾ അടിക്കാനും ഗോൾ തടുക്കാനും കൈ മെയ് മറന്ന് പോരാടുന്നു . സെമിയില്‍ എതിരാളികൾ അത്ര ചില്ലറക്കാരല്ല. ലീഗ് വിന്നേഴ്‌സ് ഷീൽഡ് സ്വന്തമാക്കിയാണ് ജംഷഡ്പൂർ വരുന്നത്. ആദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എൽ പ്ലേഓഫ് കളിക്കുന്നത്. ഓവൻ കോയിൽ എന്ന പരിശീലകനാണ് മെൻ ഇൻ സ്റ്റീൽസിന്റെ എല്ലാമെല്ലാം.

ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇത്തവണ കഥ മാറും എന്ന പ്രതീക്ഷയാണ് ആരാധകർക്ക്. പരിക്കിന്‍റെ പിടിയിലായിരുന്നവർ ഓരോരുത്തരായി തിരിച്ചെത്തുന്നതും ആത്മവിശ്വാസം കൂട്ടുന്നു. വൈകിട്ട് എഴരയ്ക്കാണ് മത്സരം തുടങ്ങുക. ചൊവ്വാഴ്ചയാണ് രണ്ടാം പാദ സെമി.

Related Tags :
Similar Posts