< Back
Football
ജാക്ക് ഗ്രീലിഷ് എവർട്ടനിലേക്ക്: വായ്പാടിസ്ഥാനത്തിലാണ് താരം ടീമിലെത്തുന്നത്
Football

ജാക്ക് ഗ്രീലിഷ് എവർട്ടനിലേക്ക്: വായ്പാടിസ്ഥാനത്തിലാണ് താരം ടീമിലെത്തുന്നത്

Sports Desk
|
11 Aug 2025 11:03 PM IST

ലിവർപൂൾ: ഇംഗ്ലീഷ് താരം ജാക്ക് ഗ്രീലീഷിനെ ടീമിലെത്തിച്ച് എവർട്ടൺ. വായ്പാടിസ്ഥാനത്തിലാണ് താരം ക്ലബ്ബിലെത്തുന്നത്. അതുകൂടാതെ 570 കോടിക്ക് സീസൺ കഴിയുന്നതോടെ വാങ്ങാനുള്ള ഓപ്ഷൻ കൂടി കരാറിലുണ്ട്. പുതിയ താരങ്ങളെത്തിയതോടെ മാഞ്ചസ്റ്റർ സിറ്റി ടീമിലിടം നഷ്ടപെട്ട ഗ്രീലിഷ്, ക്ലബ് വിടുമെന്ന അഭ്യുങ്ങൾ പരന്നു തുടങ്ങിയിരുന്നു.

2021 ലാണ് ക്ലബ് റെക്കോർഡ് തുകയായ 1176 കോടിക്ക് ഗ്രീലിഷ് ആസ്റ്റൺ വില്ലയിൽ നിന്ന് മാഞ്ചസ്റ്റർ സിറ്റിയിലെത്തുന്നത്. ക്ലബ് ഇതിഹാസ താരം സെർജിയോ അഗ്യൂറോയുടെ നമ്പർ 10 ജേഴ്‌സി സ്വന്തമാക്കിയ താരം വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകിയത്. തന്റെ ആദ്യ സീസണിൽ വെറും ആറ് ഗോളും നാല് അസിസ്റ്റുമായി പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്ച വെക്കാൻ താരത്തിനായില്ല. എന്നാൽ തൊട്ടടുത്ത സീസണിൽ സിറ്റിയുടെ ട്രെബിൾ വിജയത്തിൽ ഗ്വാഡിയോളയുടെ ടീമിലെ പ്രധാന താരമായി മാറുകയായിരുന്നു ഇംഗ്ലീഷ് താരം. ഇന്റർ മിലാനുമായുള്ള ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിൽ ആദ്യ ഇലവനിൽ ഗ്രീളിഷുണ്ടായിരുന്നു. അതെ സീസണിൽ ആർസനലുമായുള്ള നിർണായക മത്സരത്തിൽ ഗോളും നേടിയിരുന്നു.

പക്ഷെ തുടർന്നുള്ള രണ്ട് സീസണുകളിലും താരത്തിന്റെ പ്രകടനം കൂപ്പുകുത്തുകയായിരുന്നു. പരിക്കും മോശം ഫോമും മൂലം സിറ്റി ടീമിൽ നിന്ന് പുറത്തായ താരം പല തവണ തിരിച്ചുവരാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ഗ്വാഡിയോളയുടെ ശൈലി ഗ്രീലിഷിന് ചേർന്നതല്ലായെന്നും ടീം മാറണമെന്നും പല ഫുട്ബോൾ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടു. ആരാധകർ ഗ്രീലീഷിനെ ഫ്ലോപ്പ് ആയി വിലയിരുത്തി തുടങ്ങി. അവസാനം ക്ലബ് ലോകകപ്പിനുള്ള സിറ്റി ടീമിൽ നിന്നും പുറത്തായ ഇംഗ്ലീഷ് താരത്തിനോട് ക്ലബ് വിടാൻ പെപ്പ് തന്നെ പറയുകയായിരുന്നു. പക്ഷെ താരത്തിന്റെ വമ്പൻ സാലറി നൽകാൻ കെല്പുള്ള ക്ലബ്ബുകൾ കുറവായിരുന്നു. എ.സി മിലാൻ, വെസ്റ്റ് ഹാം തുടങ്ങിയ ക്ലബ്ബുകൾ താരത്തിനായി രംഗത്തുണ്ടായെങ്കിലും എവർട്ടൺ നൽകിയ ഓഫർ താരം സ്വീകരിക്കുകയായിരുന്നു. അടുത്ത വർഷത്തെ ലോകകപ്പിന് മുന്നോടിയായി ഫോം വീണ്ടെടുത്ത് ഇംഗ്ലണ്ട് നാഷണൽ ടീമിലേക്ക് തിരിച്ചുകയറാനാകും താരത്തിന്റെ ശ്രമം.

Similar Posts