< Back
Football
പിഎസ്ജിയുടെ ഹൃദയം തകർത്ത് ബെൻസേമ; മെസിയും സംഘവും ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്
Football

പിഎസ്ജിയുടെ ഹൃദയം തകർത്ത് ബെൻസേമ; മെസിയും സംഘവും ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്

Web Desk
|
10 March 2022 6:37 AM IST

ബെൻസേമയുടെ ഹാട്രിക്കിന് മികവിൽ 3-1ന്റെ വിജയം റയൽ മാഡ്രിഡ് നേടി

ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം പാദ മത്സരത്തില്‍ പിഎസ്ജിയെ തകര്‍ത്ത് റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിയോട് എകപക്ഷീയമായ ഒരു ഗോളിന് തോറ്റ റയല്‍ രണ്ടാം പാദത്തില്‍ നടത്തിയ തിരിച്ചു വരവിലാണ് ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ കടന്നത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റയല്‍ പിഎസ്ജിയെ തറപറ്റിച്ചത്. ഹാട്രിക്ക് നേടിയ കരീം ബെന്‍സേമയാണ് റയലിന്റെ വിജയശില്‍പ്പി.

ആദ്യ പാദത്തിലെ 1-0ന്റെ ലീഡുമായി മാഡ്രിഡിൽ എത്തിയ പിഎസ്ജി തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്ന ശേഷമാണ് ദയനീയ പരാജയം ഏറ്റുവാങ്ങിയത്. 34-ാം മിനുട്ടിൽ എമ്പാപെ പന്ത് വലയിൽ എത്തിച്ചെങ്കിലും റഫറി ഓഫ്‌സൈഡ് വിധിച്ചു. പിന്നാലെ 39-ാം മിനുട്ടിൽ എമ്പാപെ വീണ്ടും വല കുലുക്കി. നെയ്മറിന്റെ പാസ് സ്വീകരിച്ചായിരുന്നു എമ്പാപെയുടെ ഗോൾ.

കളിയുടെ രണ്ടാം പകുതിയിൽ റയൽ കളം നിറഞ്ഞ് കളിച്ചു. 60-ാം മിനുട്ടിൽ ബെൻസേമ വലകുലുക്കി സ്‌കോർ 1-1. അഗ്രിഗേറ്റ് സ്‌കോർ അപ്പോഴും പിഎസ്ജിക്ക് അനുകൂലമായി 2-1. ബെൻസേമ അടങ്ങിയില്ല. 76-ാം മിനുട്ടിൽ ഫ്രഞ്ച് മജീഷ്യന്റെ ബൂട്ടുകൾ വീണ്ടും വല കണ്ടെത്തി. ഇത്തവണ മോഡ്രിചിന്റെ അസിസ്റ്റ്. സ്‌കോർ 2-1. അഗ്രിഗേറ്റിൽ 2-2. ഗോളോർത്ത് സങ്കടപ്പെടാൻ വരെ പിഎസ്ജിക്ക് സമയം കിട്ടിയില്ല. സെക്കന്റുകൾക്കകം ബെൻസേമ ഹാട്രിക്കും പൂർത്തിയാക്കി. 78-ാം മിനുട്ടിൽ സ്‌കോർ 3-1. അഗ്രിഗേറ്റിൽ 3-2ന് റയൽ മാഡ്രിഡ് മുന്നിൽ. ബെൻസേമ കാണിച്ച അത്ഭുതങ്ങളിൽ നിന്നേറ്റ ഞെട്ടലിൽ നിന്ന് തിരികെ വരാൻ പിന്നീട് പിഎസ്ജിക്ക് ആയില്ല. മെസിയെ ടീമിലെത്തിച്ചിട്ടും യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം എന്ന സ്വപ്നത്തിലെത്താനായില്ലെന്നതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്.

Similar Posts