< Back
Football
പരിശീലനത്തിനിടെ പരിക്കേറ്റു; കരീം ബെൻസേമ ലോകകപ്പിൽനിന്ന് പുറത്ത്
Football

പരിശീലനത്തിനിടെ പരിക്കേറ്റു; കരീം ബെൻസേമ ലോകകപ്പിൽനിന്ന് പുറത്ത്

Web Desk
|
20 Nov 2022 6:27 AM IST

1978 ലോകകപ്പിന് ശേഷം ആദ്യമായാണ് നിലവിലെ ബാലൻ ഡിയോർ ജേതാവ് ലോകകപ്പ് കളിക്കാതിരിക്കുന്നത്.

ദോഹ: ഖത്തറിന്റെ നഷ്ടമായി മറ്റൊരു സൂപ്പർ താരം കൂടി ലോകകപ്പ് ടീമിൽനിന്ന് പുറത്തായി. ഫ്രഞ്ച് താരവും നിലവിലെ ബാലൻ ഡിയോർ ജേതാവുമായ കരീം ബെൻസേമയും ലോകകപ്പ് കളിക്കാൻ ഖത്തറിൽ ഉണ്ടാവില്ലെന്ന് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ സ്ഥിരീകരിച്ചു. 1978 ലോകകപ്പിന് ശേഷം ഇത് ആദ്യമായാണ് നിലവിലെ ബാലൻ ഡിയോർ ജേതാവ് ലോകകപ്പ് കളിക്കാതിരിക്കുന്നത്. നേരത്തെ തന്നെയുള്ള പരിക്കുമായി ലോകകപ്പിന് എത്തിയ താരത്തിന് പരിശീലനത്തിന് ഇടയിൽ വീണ്ടും പരിക്കേറ്റതോടെയാണ് ലോകകപ്പ് കളിക്കാനാവില്ലെന്ന് സ്ഥിരീകരിച്ചത്.

2010, 2014 ലോകകപ്പുകളിൽ കളിച്ച ബെൻസേമക്ക് വിവാദങ്ങൾ കാരണം ഫ്രാൻസ് കിരീടം നേടിയ 2018 ലെ ലോകകപ്പിൽ ഇടം പിടിക്കാൻ ആയിരുന്നില്ല. 2021 ൽ ദേശീയ ടീമിൽ തിരിച്ചെത്തിയ താരം ബാലൻ ഡിയോർ പുരസ്‌കാരത്തിന്റെ നിറവിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി ടീമിൽനിന്ന് പുറത്താവുന്നത്.

ഇതിനകം തന്നെ പോൾ പോഗ്ബ, കാന്റെ, കിമ്പപ്പെ, എങ്കുങ്കു തുടങ്ങിയ താരങ്ങളെ നഷ്ടമായ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസിന് ഉജ്ജ്വല ഫോമിലുള്ള ബെൻസേമയുടെ അഭാവം കനത്ത തിരിച്ചടിയാണ്. താരത്തിന്റെ പകരക്കാരനെ ഫ്രാൻസ് ഉടൻ പ്രഖ്യാപിക്കും.

സെനഗൽ സൂപ്പർ താരം സാദിയോ മാനെയും പരിക്ക് മൂലം ലോകകപ്പിൽനിന്ന് പുറത്തായിരുന്നു. ബുണ്ടസ് ലീഗയിൽ ബയേൺ-വെർഡർ മത്സരത്തിനിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. മാനെ ലോകകപ്പ് കളിക്കുമെന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ പരിക്ക് സാരമായതിനാൽ താരത്തിന് കളിക്കാനാവില്ലെന്ന് സെനഗൽ ഫുട്‌ബോൾ ഫെഡറേഷൻ സ്ഥിരീകരിക്കുകയായിരുന്നു.

Similar Posts