< Back
Football
ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് സമനിലക്കുരുക്കിട്ട് ചെന്നൈയിൻ എഫ്.സി
Football

ബ്ലാസ്റ്റേഴ്സിന്റെ വിജയക്കുതിപ്പിന് സമനിലക്കുരുക്കിട്ട് ചെന്നൈയിൻ എഫ്.സി

Web Desk
|
19 Dec 2022 9:39 PM IST

ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം സഹൽ അബ്ദുൽ സമദ് ഗോൾ നേടിയപ്പോൾ വിൻസി ബരാറ്റോ ചെന്നൈക്കായി ഗോൾ മടക്കി.

ചെന്നൈ: തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില(1-1). കരുത്തരായ ചെന്നൈൻ എഫ്.സിയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ബ്ലാസ്റ്റേഴ്‌സിനായി മലയാളി താരം സഹൽ അബ്ദുൽ സമദ് ഗോൾ നേടിയപ്പോൾ വിൻസി ബരാറ്റോ ചെന്നൈക്കായി ഗോൾ മടക്കി.

ഇരു പകുതികളിലുമായിരുന്നു ഗോളുകൾ പിറന്നത്. 23ാം മിനുറ്റിലാണ് സമദ് ബ്ലാസ്റ്റേഴ്‌സിനായി ലക്ഷ്യംകണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ചെന്നൈ സമനിലപിടിച്ചു. ബാരാറ്റോ ബ്ലാസ്റ്റേഴ്‌സിന്റെ വലയിൽ പന്ത് എത്തിക്കുമ്പോൾ മത്സരം 48ാം മിനുറ്റിലായിരുന്നു. അഞ്ച് മത്സരങ്ങൾ നീണ്ട വിജയക്കുതിപ്പിനു ശേഷമാണ് ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് സമനില വഴങ്ങുന്നത്.

സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 10 മത്സരങ്ങളിൽനിന്ന് 19 പോയിന്റുമായി നാലാം സ്ഥാനത്തേക്ക് കയറി. ജയിച്ചിരുന്നെങ്കിൽ ബ്ലാസ്റ്റേഴ്സിന് മൂന്നാം സ്ഥാനത്തെത്താൻ അവസരമുണ്ടായിരുന്നു. ചെന്നൈയിൻ എഫ്സി 10 മത്സരങ്ങളിൽനിന്ന് 14 പോയിന്റുമായി ഏഴാം സ്ഥാനത്തു തുടരുന്നു. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം ഈ മാസം ഇരുപത്താറിന് ഒഡീഷ എഫ്സിക്കെതിരെയാണ്.

24 പോയിന്റുമായി മുംബൈ സിറ്റി എഫ്.സിയാണ് ഒന്നാം സ്ഥാനത്ത്. 22 പോയിന്റുമായി ഹൈദരാബാദ് എഫ്.സി രണ്ടാം സ്ഥാനത്തും. എടികെ മോഹൻ ബഗാനാണ് മൂന്നാം സ്ഥാനത്ത്.

Similar Posts